Join Whatsapp Group. Join now!
Aster MIMS 10/10/2023

മഹല്ല് കമിറ്റികള്‍ പുതിയ കാലത്തോട് സംവദിക്കണം

Mahal committees need to interact with the new times#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com) നിസ്‌ക്കാര സമയമാകുമ്പോള്‍, എവിടുന്ന് വരുന്നുവെന്നറിയില്ല മസ്ജിദ് കവാടങ്ങള്‍ യാചകരെ കൊണ്ട് നിറയുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും ഇവരെ കാണാം. റമദാനാകുമ്പോള്‍ എണ്ണം കൂടും. ഭൂരിപക്ഷവും പര്‍ദ്ദയണിഞ്ഞ, ചിലര്‍ കുഞ്ഞുകുട്ടികളോടൊപ്പം.. കഴിഞ്ഞൊരു ദിവസം ഇരുകൈകളിമെടുത്ത കൈക്കുഞ്ഞുമായി ഒരു യുവതി. യാചന ശക്തമായി നിരുത്സാഹപ്പെടുത്തുന്ന ഒരു മതത്തിന്റെ മുഖത്തേക്ക് തന്നെ ഇരിക്കട്ടെ എന്നാവും. കേവലം തടയുക മാത്രമല്ല, യാചനയുടെ ചെറിയ പഴുത് പോലും മതം അടച്ചിടുന്നു. ഇന്ത്യയില്‍ മുസ്ലിംകള്‍ ആകെ ജനസംഖ്യയുടെ എട്ടിലൊന്ന്‌ വരില്ല, യാചകരുടെ കാര്യത്തില്‍ മുന്നിലാവും.
  
Kerala, Kasaragod, Article, Masjid, Begging, Saudi Arabia, Islam, Job, Ecotourism, Committee, Mahal Committee, Mahal committees need to interact with the new times.

അത് പറഞ്ഞപ്പോള്‍ ഈയടുത്ത നാളില്‍ ഒരു സുഹൃത്ത് എന്നോട് തിരിച്ചു ചോദിക്കുകയുണ്ടായി. സൗദിയില്‍ യാചകരില്ലേ എന്ന്. കണ്ടിട്ടുണ്ട്. ചില മസ്ജിദ് പരിസരങ്ങളില്‍, മസ്ജിദുമായി ബന്ധപ്പെട്ട തെരുവുകളിലും. ഒന്ന് രണ്ട് തവണ പരിസര കടകളില്‍ തയ്യാറാക്കി വെച്ച ഫിത്‌റ് സക്കാത്ത് കവര്‍ വാങ്ങി കൈമാറിയ ഓര്‍മ്മയും ഉണ്ട്. അവര്‍, സോമാലി പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വയറ്റിപ്പിഴപ്പിനായി കുടിയേറിപ്പാര്‍ത്തവരാണ്. സൗദിയില്‍ മിക്ക വീടുകളിലും ഒന്നിലധികം വീട്ടുവേലക്കാരികളുണ്ട്. അയല്‍വക്ക നാടുകളില്‍ നിന്ന് ഇത്തരം തൊഴിലിനായി ചേക്കേറിയവരില്‍ ജോലി നഷ്ടപ്പെവരും കാണും. പിന്നെ വിസയില്ലാതെയും സൗദിയിലെത്താവുന്ന പരിസരവാസികളുണ്ട്.. ഉദാ. പലസ്തീന്‍. സൗദി പൗരത്വമുള്ളവര്‍ക്ക് യാചനയില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. എന്തിന് മറ്റു ചില അറബ് രാഷ്ട്രങ്ങളിലാണെങ്കില്‍ കണ്ടാല്‍ പോലീസ് പിടിച്ചു കൊണ്ടു പോവും. മതം അനുശാസിക്കുന്ന സാമ്പത്തീക ക്രമം സൗദി ഭരണകൂടവും പിന്‍പറ്റുന്നുണ്ട്. സ്വന്തം പൗരന്മാര്‍ക്ക് വരുമാനമനുസരിച്ച് ആവശ്യമായ ആനുകൂല്യങ്ങളും അനുയോജ്യമായ തൊഴിലും നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ.

ഇന്ത്യയില്‍, സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടും സൂചിപ്പിക്കുന്നത് അത് തന്നെയാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുസ്ലിം ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് താഴെയാണ്. മുംബൈ മഹാ നഗരത്തിലെ ധാറാവി, ബാന്ദ്രാ, കുര്‍ളാ ചേരികളില്‍ പുഴുക്കളെ പോലെ ജീവിക്കുന്ന എത്രയോ കുടുംബങ്ങളെ നേരില്‍ കണ്ടിട്ടുണ്ട്. മുസ്ലിംകള്‍ ഇവിടെ ന്യൂനപക്ഷമാണെങ്കിലും ഇതിനകത്ത് ഒരു വിഭാഗം സമ്പന്നതയുടെ മടിത്തട്ടില്‍ ആണെന്നത് നിഷേധിക്കാനാവില്ല. വിഷമത പുറത്ത് കാട്ടാതെ സ്വയം അനുഭവിക്കുന്ന ഒരു ഇടനിലക്കാരും നല്ലൊരു ഭൂരിപക്ഷമുണ്ട്.

മതത്തിന്റെ നിയമ സംഹിതയില്‍ സാമ്പത്തീക സാമൂഹിക വിന്യാസം കുറ്റമറ്റതാണ്. പാളിച്ചകള്‍ പിന്തുടരുന്നതില്‍ വന്നതാണ്. അയല്‍വക്കം, അയല്‍ക്കൂട്ടം എന്നതിന് വളരെ പ്രാധാന്യം നല്‍കുന്ന ഒരു മതമാണ് ഇസ്ലാം. ഒരിടത്ത് വസിക്കുന്ന 40 കുടുംബങ്ങള്‍ വരെ ഈ കാറ്റഗറിയില്‍ വരും. ഇതില്‍ നിന്നാവണം മഹല്ലുകള്‍ പിറവി കൊണ്ടത്. മുസ്ലിം കുടുംബ ജീവിതത്തില്‍ മഹല്ലിന് ഒരുപാട് സ്വാധീനമുണ്ട്. അതുപോലെ മതപരമായ എല്ലാ കര്‍മ്മങ്ങളുടെ വിതരണത്തിനും അത് ഏറെ സഹായകരമാകുന്നുണ്ട്. മഹല്ല്, ഭരണ സമിതി, വെള്ളിയാഴ്ചത്തെ ജുമുഅ, മഹല്ല് നിവാസികളില്‍ കൊടുക്കാനര്‍ഹതപ്പെട്ടവരുടെ സക്കാത്ത്. ഇവയെ ഒന്ന് കൂട്ടിച്ചേര്‍ത്ത് വെക്കുമ്പോള്‍ മനസിലാകും എത്ര വിദഗ്ദ്ധമായാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്.

നിസ്‌ക്കാരം, നോമ്പ് പോലെ തന്നെ അവരിലെ സാമ്പത്തീക ശേഷിയുള്ളവന് ഒഴിവാക്കാനാവാത്ത കര്‍മ്മം തന്നെയാണ് സക്കാത്തും. പക്ഷെ നിസ്‌ക്കാരത്തില്‍ കൃത്യ നിഷ്ഠ പാലിക്കുന്ന, വ്രതത്തില്‍ സൂക്ഷ്മത പാലിക്കുന്നവരില്‍ തന്നെ പലരും സക്കാത്തിന്റെ കാര്യത്തില്‍ ആലംഭാവം കാട്ടുന്നവരാണ്. നക്കാപിച്ചയാക്കി അതിനെ അപമാനിക്കുന്നവരും ഉണ്ട്. അത് നമ്മുടെ നാടന്‍ ഭാഷയില്‍ ചക്കാത്ത് ആണ്. ഇതാണ് യാചകര്‍ ഉണ്ടാവാ/കൂടിവരാ-ന്‍ ഒരു കാരണം. അതാത് മഹല്ലുകളില്‍ നിന്ന് യാചനക്കായി ആരും പുറത്ത് പോകരുതെന്ന് മഹല്ല് കമ്മിറ്റികള്‍ നിഷ്‌ക്കര്‍ഷിക്കണം. വല്ലപ്പോഴെങ്കിലും അവര്‍, പള്ളി പുതുക്കിപ്പണിയല്‍, നിസ്‌കാര ഹാള്‍ ശീതീകരിക്കല്‍, മിനാരത്തിന്റെ പൊക്കം കൂട്ടല്‍, പരിസരം ഹരിതാഭമാക്കല്‍, ഗെയിറ്റ് പുതുക്കിപ്പണിയല്‍, ഇക്കൊല്ലം പണിതതിനെ തന്നെ അടുത്ത കൊല്ലം പൊളിച്ച് വീണ്ടും നവീകരിക്കല്‍, ഒക്കെ നിര്‍ത്തി വെച്ച്, വരുമാനത്തില്‍ മിച്ചം വരുന്ന തുക പോരാതെ വരികയാണെങ്കില്‍ അതിനോട് മഹല്ലിനകത്തെ അര്‍ഹതപ്പെട്ടവരുടെ സക്കാത്തും കൂട്ടി, ഒരു കുടുംബത്തിന്റെയെങ്കിലും കണ്ണീരൊപ്പാന്‍ തുനിയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഒരു വര്‍ഷം ഒന്ന് തെരഞ്ഞെടുത്ത് കൈ പിടിച്ചാല്‍ ഒരു ദശകം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെ ഒരു മഹല്ലില്‍ ഉണ്ടാവൂ.പള്ളിക്കമ്മിറ്റിയില്‍ മിച്ചം വരുന്ന ധനം ആ പള്ളിപ്പറമ്പില്‍ തന്നെ കുഴിച്ചിടണമെന്ന് ആരോ എവിടെയോ എഴുതി വെച്ചത് പോലെയാണ് പലയിടത്തും കാണുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍, മഹല്ല് കമ്മിറ്റി പള്ളിയും മദ്‌റസയും അവിടുത്തെ ഉസ്താദന്മാരും എന്ന ത്രികോണത്തില്‍ തന്നെ ഇന്നും വട്ടം തിരിയുകയാണ്. മഹല്ലിനകത്തെ കുടുംബങ്ങളുടെ ഭൗതീക പ്രശ്‌നങ്ങളില്‍ കൂടി ഇടപെട്ട് നോക്കണം. ആഴ്ചയിലൊരിക്കല്‍, വെള്ളിയാഴ്ച ജുമുഅക്ക് ശേഷം കൂടിച്ചേരലില്‍ നാടിന്റെ പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ചയാവേണ്ടതുണ്ട്.

ഇവിടെ ക്ഷേത്രങ്ങളില്‍ നിന്ന്, പള്ളി/ചര്‍ച്ചുകളില്‍ നിന്ന്, ഒരു അണൗണ്‍സ്‌മെന്റ് നടത്തി നോക്കുക ദൈവത്തിന് ഒരു ചാക്ക് അരി ആര് നല്‍കും എന്ന്. മണിക്കൂറിനകം കുറഞ്ഞത് പത്ത് ചാക്കെങ്കിലും വരുന്നത് ഏത് വഴിയിലൂടാണെന്നറിയില്ല. അത്രയും പെട്ടെന്നുമായിരിക്കും. അതെ സമയം ആ നാട്ടിലെ ഒരു സാധു കുടുംബം പട്ടിണിയിലാണ്. അടുപ്പില്‍ തീയെരിയാതെ നാളുകളായി എന്ന അറിയിപ്പ് വിട്ട് നോക്കൂ. തണുത്ത പ്രതികരണമായിരിക്കും. കേള്‍ക്കാത്ത മട്ടില്‍ പലരും ഇറങ്ങിപ്പോയിരിക്കും. ഇനിയാഹാരം കഴിക്കുന്നത് മനുഷ്യരാണ് ദൈവമല്ല എന്ന് അറിയാഞ്ഞിട്ടാണോ.? അല്ല. അതങ്ങനെയായിപ്പോയി നാം. ദൈവത്തിന് നല്‍കി സന്തോഷിപ്പിച്ചാല്‍ തനിക്ക് പുണ്യം കിട്ടും. വഴിയോരത്തെ സാധുവിനെ ഊട്ടാതെ കടന്നു പോയവനോട് നാളെ പടച്ചവന്‍ ചോദിക്കുമത്രെ, ഒരു നേരത്തെ വിശപ്പടക്കാന്‍ ഞാന്‍ തെരുവോരത്ത്, പൊരിവെയിലത്ത്.. നീ എന്നെ അവഗണിച്ച് കടന്നു പോയില്ലേ.? പക്ഷെ ദൈവത്തിന് നല്‍കിയാല്‍ പേരും പെരുമയും കിട്ടും. സാധുവിന് നല്‍കിയാല്‍ എന്ത് കിട്ടാന്‍.! മതങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല തന്നെ..

Keywords: Kerala, Kasaragod, Article, Masjid, Begging, Saudi Arabia, Islam, Job, Ecotourism, Committee, Mahal Committee, Mahal committees need to interact with the new times.


< !- START disable copy paste -->

Post a Comment