മാനന്തവാടി: (www.kasargodvartha.com 07.04.2022) മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി സബ് ആർടി ഓഫീസ് ജീവനക്കാരി സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും കുറിപ്പുകളും കണ്ടെടുത്തു. ഉദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസീക പീഡനം നേരിട്ടതായി സൂചന പുറത്തുവന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹപ്രവർത്തകരിൽ ചിലരുടെ പേരുകൾ ഡയറിയിലുണ്ട്. ഓഫീസിൽ ഒറ്റപ്പെട്ടെതായും ജോലി നഷ്ടപ്പെടുമെന്നും ഇവർ ഡയറിയിൽ കുറിച്ചിട്ടുണ്ട്.
ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും ലാപ്ടോപും വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
മരിക്കുന്നതിന് മുമ്പ് ഓഫീസിലെ സാഹചര്യങ്ങളെ കുറിച്ച് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ട് സിന്ധു പരാതി നല്‍കിയിരുന്നതായി പറയുന്നുണ്ടെങ്കിലും പരാതി രേഖാമൂലം നൽകിയിരുന്നില്ലെന്നും വാക്കാൽ പറഞ്ഞത് മാത്രമേയുള്ളുവെന്നുമാണ് ആർടിഒ പറയുന്നത്. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി അറിയിച്ചത്.
ഓഫീസിൽ ഗ്രൂപിസമുണ്ടായിരുന്നുവെന്നും മനസമാധാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ആര്‍ടിഒയോട് ഇവർ ആവശ്യപ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച രാവിലെയാണ് വീട്ടിൽ വെച്ച് ആർടിഓഫീസിലെ സീനിയർ ക്ലർക് സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
Keywords: 20-page diary and notes found in the room of Sindhu, a sub-RT office worker who was found dead,Kerala, Wayanad, News, Top-Headlines, Dead, RTO, Police, Investigation, Suicide, Complaint, Work.