കാസർകോട്: (www.kasargodvartha.com 25.02.2022) നീണ്ട കാത്തിരിപ്പിന് ശേഷം പല ട്രെയിനുകളും സർവീസ് പുനരാരംഭിച്ചെങ്കിലും യാത്രാദുരിതം ഒഴിയുന്നില്ല. പുലർചെ 5.15 ന് മംഗ്ളൂറിൽ നിന്ന് പുറപ്പെടുന്ന കോഴിക്കോട് ട്രെയിൻ ഇപ്പോഴും ഓടുന്നത് ഫുൾ റിസേർവ്ഡ് ആയാണ്. ഇതുമൂലം അത്യാവശ്യത്തിനും മറ്റും പോകേണ്ട ആളുകൾക്ക് ട്രെയിനിൽ കയറാൻ പറ്റുന്നില്ല. സൂപർ ഫാസ്റ്റ് ആയ മംഗ്ളുറു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് അടക്കം കൗണ്ടർ ടികെറ്റ് നൽകുമ്പോഴാണ് ലോകൽ ട്രെയിനിനെ ദക്ഷിണ റെയിൽവേ ഇങ്ങനെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നത്.
ഈ ഭാഗത്ത് ഓടുന്ന മറ്റു ലോകൽ വണ്ടികൾക്കും, കോയമ്പത്തൂർ, പരശുറാം, മലബാർ, മാവേലി, ഏറനാട് എക്‌സ്പ്രസ് വണ്ടികൾക്കും ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് സൂപർ ഫാസ്റ്റ് എക്‌സ്പ്രസിനുമടക്കം സെകൻഡ് ക്ലാസ് ജനറൽ കോചിൽ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടികറ്റ് എടുത്തു കയറാൻ സൗകര്യമുണ്ട്.
എന്നാൽ മംഗ്ളുറു - കോഴിക്കോട് ട്രെയിനിന് മാത്രം ഈ സൗകര്യം ഏർപെടുത്താത്തത് എന്തേയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. അതേസമയം ഇതേ ട്രെയിനിന്റെ തിരിച്ചുള്ള യാത്ര തികച്ചും അൻറിസേർവ്ഡ് ആണെന്നുള്ളതാണ് ഏറെ കൗതുകകരം.
രാവിലെയുള്ള ഈ ട്രെയിൻ യാത്രക്കാർക്ക് ഏറെ സൗകര്യ പ്രദവും ആശ്വാസവുമായിരുന്നു. എന്നാൽ എല്ലായിടത്തും സ്റ്റോപുള്ള വണ്ടി എക്‌സ്പ്രസ് ചാർജ് ഈടാക്കി ഫുൾ റിസേർവഡ് ആയി ഓടിയാൽ എങ്ങനെയാണ് ആളെ കിട്ടുക എന്ന ചോദ്യം യാത്രക്കാർ ഉന്നയിക്കുന്നു. ആളില്ലെന്ന് പറഞ്ഞു ഈ ട്രെയിൻ തന്നെ നിർത്തിക്കളായാനുള്ള റെയിൽവേയുടെ തന്ത്രമാണിതെന്ന ആക്ഷേപവും ഒരു വിഭാഗം യാത്രക്കാർ ഉയർത്തുന്നു.
Keywords: News, Kerala, Kasaragod, Train, Top-Headlines, Railway-season-ticket, Mangalore, Kozhikode, Railway, Local Train, Local train runs fully reserved.
< !- START disable copy paste -->