Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ഭൂമി വിവാദം; മുന്‍ മന്ത്രി സി ടി അഹ് മദ് അലിക്കെതിരെ പ്രകടനം; സത്യാവസ്ഥ എന്ത്?

Land dispute; Protest against former minister CT Ahmad Ali; What is the truth? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 19.01.2022) ചെമ്മനാട് കൊമ്പനടുക്കം മഹല്ലില്‍പെട്ട ഒരു ഏകര്‍ സ്ഥലത്തിന്റെ പേരില്‍ വിവാദം. ചൊവ്വാഴ്ച സി ടി അഹ്‌മദ്‌ അലിക്കെതിരെ പരസ്യ പ്രതിഷേധ പ്രകടനവും നടന്നു. മുസ്ലീം ലീഗ് നേതാവായിരുന്ന മാഹിന്‍ ശംനാടിൻറെ പേരിലുള്ള വിദ്യാഭ്യാസ സമിതി 1982 ല്‍ വാങ്ങിയ സ്ഥലത്തിന്റെ പേരിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ പ്രസിഡണ്ട് സി ടി അഹ് മദ് അലിയുടെ പേരിലാണ് ഒരു ഏകര്‍ സ്ഥലം റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
Land dispute; Protest against former minister CT Ahmad Ali; What is the truth?

  

40 വര്‍ഷം മുമ്പ് കൊമ്പനടുക്കത്ത് സര്‍കാറിന്റെ കീഴില്‍ എല്‍ പി സ്‌കൂള്‍ ആരംഭിക്കുന്നതിന് വേണ്ടിയാണ് സ്ഥലം വാങ്ങിയിരുന്നത്. സി ടി അഹ് മദ് അലി ആദ്യം എം എല്‍ എ ആയിരുന്ന സമയത്താണ് സ്ഥലത്തിന്റെ റെജിസ്‌ട്രേഷൻ നടന്നത്. അന്ന് ഇ ടി മുഹമ്മദ് ബശീറായിരുന്നു വിദ്യാഭ്യാസ മന്ത്രി. സര്‍കാരിന് സാമ്പത്തിക ബാധ്യത നിലനിന്നിരുന്ന അക്കാലത്ത് ആദായകരമല്ലാത്ത സ്‌കൂളുകളെല്ലാം പൂട്ടണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് പുതിയ സ്‌കൂള്‍ വേണമെന്ന ആവശ്യവുമായി മഹല്ല് കമിറ്റി സര്‍കാരിനെ സമീപിക്കുന്നത്.

സര്‍കാരിന്റെ ഉടമസ്ഥതയിലോ എയ്ഡഡായോ പുതിയ സ്‌കൂളുകള്‍ അനുവദിക്കില്ലെന്ന കര്‍ശന തീരുമാനം ഉണ്ടായതിനാല്‍ സ്‌കൂളുകള്‍ തുടങ്ങണമെന്ന ആവശ്യത്തിന് അത് തിരിച്ചടിയായി. സര്‍കാര്‍ തലത്തിലോ എയ്ഡഡ് തലത്തിലോ സ്‌കുളുകള്‍ തുടങ്ങാന്‍ കഴിയാതായതോടെ ഇവിടത്തെ ചെറിയ കുട്ടികള്‍ക്ക് വേണ്ടി അണ്‍എയ്ഡഡ് ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയെങ്കിലും ഇൻഗ്ലീഷ് സ്‌കൂളിനെതിരെ നാട്ടില്‍ എതിര്‍പ്പ് ശക്തമായതോടെ ഈ സ്‌കൂള്‍ പിന്നീട് ചെമ്മനാട് ജമാഅത് ഹയര്‍ സെകൻഡറി സ്‌കൂളിനോടനുബന്ധിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രസ്തുത സ്ഥലത്ത് മദ്രസ ആരംഭിക്കുകയും അത് ഇപ്പോഴും തുടര്‍ന്ന് വരികയും ചെയ്യുന്നുണ്ട്.

അഞ്ച് പേരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയിരുന്നത്. ഈ കമിറ്റിയില്‍ ഇപ്പോള്‍ സി ടി അഹ് മദ് അലിയും ബി എച് അബൂബകര്‍ സിദ്ദീഖും മാത്രമാണുള്ളത്. ബാക്കിയുള്ള മൂന്നു പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഈ സ്ഥലം കൊമ്പനടുക്കം ജമാഅത് കമിറ്റിക്ക് വേണമെന്ന് പലതവണ കമിറ്റി ആവശ്യപ്പെട്ടിരുന്നു. ചെമ്മനാട് ജമാഅത്തിന് കീഴിലുള്ള പത്തോളം മഹല്ലുകളിൽ ഒന്നാണ് കൊമ്പനടുക്കം. എന്നാല്‍ ചെമ്മനാട് ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങാന്‍ ഈ സ്ഥലമാണ് കാണിച്ചിരിക്കുന്നതെന്നും സ്ഥലം ചെമ്മനാട് ജമാഅതിന് കൂടി അവകാശപ്പെട്ടതാണെന്നും ചെമ്മനാട് ജമാഅതുമായി ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതേ സമയം ഇത് കൊമ്പനടുക്കം ജമാഅതിന് വേണ്ടി വിട്ടു തരണമെന്നാണ് കൊമ്പനടുക്കം ജമാഅതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് ചെമ്മനാട് ജമാഅതിന് അവകാശപ്പെട്ട സ്ഥലമല്ലെന്നും സ്‌കൂൾ തുടങ്ങുന്നതിന് വേണ്ടി താത്കാലികമായി ആധാരം വാങ്ങിയതാണെന്നും ഇവർ വ്യക്തമാക്കുന്നു. സി ടി അഹ്‌മദ്‌ അലി വ്യക്തിപരമായി ദുരുപയോഗം ചെയ്‌തെന്ന അഭിപ്രായമില്ലെന്നും എന്നാൽ ചർചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ വഴികളുണ്ടെന്നും കൊമ്പനടുക്കം ജമാഅത് ഭാരവാഹികൾ വ്യക്തമാക്കി. കാലങ്ങളായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സി ടി അഹ്‌മദ്‌ അലിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ യുവാക്കൾ പ്രകടിപ്പിച്ച വികാരമാണ് പ്രകടനം നടത്തിയതിന് കാരണമെന്നും എന്നാൽ ഇതിന് ജമാഅതുമായി ബന്ധമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

സ്‌കൂൾ തുടങ്ങുന്നതിന് താത്കാലികമായ ആവശ്യത്തിന് വേണ്ടിയാണ് കൊമ്പനടുക്കം ജമാഅതിന്റെ കീഴിലുള്ള സ്ഥലത്തിന്റെ ആധാരം കൊണ്ടുപോയതെന്നും എന്നാൽ 30 വർഷത്തോളമായി അത് ചെമ്മനാട് ജമാഅത്തിന്റെ കയ്യിലാണെന്നും പ്രകടനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ദീർഘകാലമായി പ്രശ്‌ന പരിഹാരത്തിന് വേണ്ടി നിരവധി തവണ ചർചകൾ നടന്നെങ്കിലും തീരുമാനം ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് പരസ്യ പ്രകടനത്തിന് ഇറങ്ങിയതെന്നും ഇവർ കൂട്ടിച്ചേർത്തു.

എന്നാൽ താന്‍ ജമാഅതിന്റെയും വഖഫിന്റെയും ഭുമി തട്ടിയെടുത്ത് സ്വന്തം പേരിലാക്കി എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നതായി സി ടി അഹ് മദ് അലി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രസിഡന്റെന്ന നിലയിലാണ് തന്റെ പേരിൽ റെജിസ്റ്റർ ചെയ്തതെന്നും മറ്റൊരാൾ പ്രസിഡന്റാവുന്നതോടെ അത് മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതാന്നെനും അദ്ദേഹം വ്യക്തമാക്കി. സത്യ വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും സി ടി പറഞ്ഞു. മാഹിന്‍ ശംനാട് മെമോറിയല്‍ വിദ്യഭ്യാസ സമിതി വിപുലീകരിച്ച് വിദ്യഭ്യാസ ആവശ്യത്തിന് മാത്രമായി സ്ഥലം ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് പ്രകടനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതു ആവശ്യത്തിന് വേണ്ടി മാത്രമാണ് ഈ സ്ഥലം ഇതു വരെ ഉപയോഗിച്ചിട്ടുള്ളത്, അല്ലാതെ തന്റെ കുടുംബ സ്വത്താക്കി മാറ്റാനുള്ള ഒരു ശ്രമവും ഇത് വരെ നടത്തിയിട്ടില്ലെന്നും ചെമ്മനാടിന്റ വികസന സങ്കല്‍പത്തിന് വേണ്ടി മാത്രമേ ഇതു വരെ നിലകൊണ്ടിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി രഹിതനും നിസ്വാര്‍ഥനും കറകളഞ്ഞ വ്യക്തിത്ത്വത്തിനുടമയുമായ സി ടി അഹ് മദ് അലിയെ അഴിമതിക്കാരനും തട്ടിപ്പുകാരനുമായി ചിത്രീകരിക്കുകയാണെന്ന് മുസ്ലീം ലീഗും ആരോപിച്ചു. ചന്ദ്രഗിരി പാലം, ചെമ്മനാട് ജമാ അത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ചെമ്മനാട് ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങി ചെമ്മനാട് പഞ്ചായത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും കൊണ്ടുവന്നത് സിടി ആണെന്ന കാര്യം പലരും വിസ്മരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ലീഗിനെയും ജമാ അത് കമിറ്റിയേയും താറടിച്ചു കാണിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സി ടി അഹ് മദ് അലിയും പറഞ്ഞു. പ്രകടനം നടത്തിയത് നാട്ടിലെങ്ങും ചർചയായിട്ടുണ്ട്. അതേസമയം ചർചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് തന്നെയാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്.


Keywords: Kerala, Kasaragod, News, Minister, Protest, Land, Chemnad, Muslim-league, Government, School, Kasargod Vartha, C.T Ahmmed Ali,  Land dispute; Protest against former minister CT Ahmad Ali; What is the truth?

Post a Comment