നിലവിൽ കുറ്റിക്കോൽ പഞ്ചായത്ത് എ ഇക്കാണ് മുളിയാറിന്റെ ചുമതല. സമീപ പഞ്ചായത്തുകളിലെ എ ഇ മാർക്ക് ചുമതല നൽകുകയും അല്ലെങ്കിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽകാലിക നിയമനം നൽകുകയും ചെയ്യുകയാണിവിടെ. ഇതുമൂലം പ്രവൃത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയാണ് പഞ്ചായത്തിലുള്ളത്.
ഗ്രാമ പഞ്ചായത്തിലും, എൽ ഐ ഡി ആൻഡ് ഇ ഡബ്ല്യു വിഭാഗത്തിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ മുളിയാറിനോട് അധികൃതർ കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് കുറ്റപ്പെടുത്തി. മാസങ്ങളായി അസിസ്റ്റൻ്റ് സെക്രടറി പദവി ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥിരം എ ഇ പോസ്റ്റ് നിലവിലുണ്ടായിട്ടും വർഷങ്ങളായി കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് എ ഇക്ക് ചാർജ് നൽകൽ തുടരുകയാണ്. നിലവിലുള്ള ഫസ്റ്റ് ഗ്രേഡ് ഓവർസിയർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി പോകാൻ കാത്തിരിക്കുന്നു. എൻജിനീയറിങ് വിംഗിലെ ക്ലർകിന് കാറഡുക്ക പഞ്ചായത്തിൻ്റെ ചുമതല കൂടി അധികമായി നൽകിയിരിക്കുന്ന അവസ്ഥയാണെന്നും അനീസ മൻസൂർ മല്ലത്ത് പറഞ്ഞു.
അസിസ്റ്റൻ്റ് എൻജിനീയറെ നിയമിക്കാതെ മുളിയാറിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ അനാസ്ഥ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി എന്നിവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പദ്ധതികൾക്ക് നിശ്ചലാവസ്ഥയാണ്. മറ്റു വികസന പദ്ധതികളും ഇതുമൂലം മന്ദഗതിയിലാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം ഇതുസംബന്ധിച്ച് അധികൃതർക്ക് പലതവണ നിവേദങ്ങളും മറ്റും സമർപിച്ചെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും പറയുന്നു. അസിസ്റ്റൻ്റ് എൻജിനീയറെ നിയമിക്കാത്തതിൽ പ്രതിഷേധമറിയിച്ചും, നിയമിക്കാൻ നടപടി ആവശ്യപ്പെട്ടും ഭരണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എൽ എസ് ജി ഡി എക്സിക്യൂടീവ് എൻജിനീയറെ കണ്ടു.
പ്രസിഡണ്ട് പി വി മിനി, വൈസ് പ്രസിഡണ്ട് ജനാർധനൻ, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്, ഇ മോഹനൻ, റൈസ റാശിദ്, അംഗങ്ങളായ എസ് എം മുഹമ്മദ് കുഞ്ഞി, അനന്യ, രവി പൊയ്യക്കാൽ ശ്യാമള, നാരായണി കുട്ടി, സത്യാവതി, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപ്പാറ, നഫീസ സത്താർ സംബന്ധിച്ചു. അധികൃതർ ഇടപെട്ട് ദുരിതമകറ്റണമെന്നാണ് പൊതുജന ആവശ്യം.
Keywords: Kasaragod, Bovikanam, Kerala, News, Top-Headlines, Muliyar, Panchayath, Protest, House, Natives, Kuttikol, President, No permanent assistant engineer; public in distress.