കോളജിലെ പാർകിന് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ

മംഗളുറു: (www.kasargodvartha.com 08.10.2021)സെന്റ് അലോഷ്യസ് കോളജിലെ പാർകിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് നൽകാനുള്ള മാനജ്‌മെന്റിന്റെ നീക്കത്തിനെതിരെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ. എബിവിപി, വി എച് പി, ബജ്റംഗ് ദൾ എന്നീ സംഘടനകളാണ് ഇതിനെതിരെ രംഗത്തുള്ളത്. തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.

 
Hindu organizations protest against move to give name of human rights activist to the college parkഅഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ക്രൈസ്തവ പുരോഹിതൻ കൂടിയായ ഫാദർ സ്റ്റാന്‍ സ്വാമി മുബൈ തലോജ ജയിലില്‍ കഴിയുന്നതിനിടെ ഈ വർഷം ജൂലൈ അഞ്ചിനാണ് മരണപ്പെട്ടത്.

ഒരു പാർകിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് സാമൂഹിക വ്യവസ്ഥിതിയെ അപമാനിക്കുന്നതാണെന്ന് വി എച് പി സോണൽ സെക്രടറി ശരൺ പമ്പ്‌വെൽ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് സ്വാമിയെ അറസ്റ്റ് ചെയ്തതെന്നും തീവ്രവാദവും നക്സലിസവും പോലുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിട്ടിരുന്നുവെന്നും ഭീമ കൊറേഗോവൻ അക്രമത്തിൽ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വിദ്യാഭ്യാസ മേഖലയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയ സെന്റ് അലോഷ്യസ് കോളജ് പോലോത്ത സ്ഥാപനം സ്റ്റാൻ സ്വാമിയെപ്പോലുള്ള ഒരു വ്യക്തിയുടെ പേര് പാർകിന് നൽകുന്നത് ദേശീയ ഐക്യത്തെ പരോക്ഷമായി വെല്ലുവിളിക്കലാണ്. ഇത് ഞെട്ടിക്കുന്നതാണ്. നീക്കവുമായി മുന്നോട്ടുപോയാൽ പ്രതിഷേധം നടത്തും. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ കോളജ് ഉത്തരവാദിയായിരിക്കും. ഇതുസംബന്ധിച്ച് ഡെപ്യൂടി കമീഷനർ കെ വി രാജേന്ദ്രന് നിവേദനം സമർപിച്ചിട്ടുണ്ട്' - ശരൺ പമ്പ്‌വെൽ പറഞ്ഞു.

സ്റ്റാൻ സ്വാമിക്ക് പകരം മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാൻഡസ് അല്ലെങ്കിൽ ജോർജ് ഫെർണാൻഡസ് തുടങ്ങിയ വ്യക്തികളുടെ പേര് നൽകാമെന്ന് എബിവിപി സംസ്ഥാന സെക്രടറി മണികണ്ഠ പ്രസ്താവിച്ചു. സ്റ്റാൻ സ്വാമിയുടെ പേരിലുള്ള എല്ലാ കുറ്റങ്ങളും അന്വേഷണം നടത്തി ഒഴിവാക്കുകയാണെങ്കിൽ പാർകിന് അദ്ദേഹത്തിന്റെ പേരിടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: Top-Headlines, Karnataka, News, Mangalore, Protest, College, Hindu organizations protest against move to give name of human rights activist to the college park

Post a Comment

Previous Post Next Post