Join Whatsapp Group. Join now!
Aster MIMS 10/10/2023

അടുത്തറിയാം ആരോഗ്യത്തെയും ഡോക്ടര്‍മാരെയും; അക്ഷര സ്നേഹികള്‍ക്ക് മുന്നില്‍ ഡോ. എ എ അബ്ദുല്‍ സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' പ്രകാശനം ചെയ്തു

Dr. A A Abdul Sathar's book released #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 17.10.2021) ആരോഗ്യ രംഗത്തെ കുറിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടുത്തുന്ന, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. എ എ അബ്ദുല്‍ സത്താര്‍ രചിച്ച 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' പുസ്തകം പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രകാശനം ചെയ്തു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ തെരുവത്ത് സിറാമിക്സ് റോഡിലെ 'അബ്ര ഗാര്‍ഡനില്‍' സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, കെ എം ഹനീഫിന് പുസ്തകം കൈമാറി പ്രകാശന കര്‍മം നിര്‍വഹിച്ചു.

   
News, Book-release, Book, Publish, Kasaragod, Kerala, Doctors, General-hospital, Govt.Hospitals, Secretary, Club, State, National, Dr. A A Abdul Sathar's book released.

  
ഡോക്ടര്‍ രണ്ട് വിഭാഗങ്ങളെയുള്ളുവെന്നും അവര്‍ നന്മയുടെ പക്ഷത്ത് നില്‍ക്കുന്നവരും അല്ലാത്തവരുമാണെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. 'ഡോക്ടര്‍മാരുടെ പദവി അവര്‍ കരസ്ഥമാക്കുന്ന ബിരുദങ്ങളുടെ വലിപ്പത്തിലല്ല. സ്‌നേഹത്തിന്റെയും നന്മയുടെയും സഹാനുഭൂതിയുടെയും തെളിച്ചത്തിലാണ്. അത്തരം അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഡോ. സത്താറിന്റ കൃതികള്‍. ഈ പുസ്തകം നന്മയിലേക്കും സ്‌നേഹത്തിലേക്കും തുറക്കുന്ന വാതില്‍ കൂടിയാണ്. ഇത് പരക്കെ വായിക്കപ്പെടണമെന്നും പാഠപുസ്തകങ്ങളില്‍ കൂടി ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുസ്തക ശാലകള്‍ക്ക് അപ്പുറത്ത് മരുന്ന് കടകളില്‍ വില്‍ക്കപ്പെടേണ്ട പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റഹ്മാന്‍ തായലങ്ങാടിപറഞ്ഞു. നര്‍മങ്ങള്‍ ചാലിച്ച് സമൂഹത്തില്‍ നടക്കുന്ന അര്‍ഥവത്തായ കാര്യങ്ങള്‍ പറഞ്ഞു സ്വയം പഠിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള ആദ്യ പുസ്തകം പോലെ ഡോ. സത്താറിന്റെ രണ്ടാമത്തെ പുസ്തകത്തിലും അറിവുകള്‍ ലഭ്യമാവുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ ചെയര്‍മാന്‍ അഡ്വ വി.എം. മുനീര്‍ പറഞ്ഞു.

ചെയ്യുന്ന കാര്യത്തിലുള്ള ചടുലതയാര്‍ന്ന വേഗത പണ്ടുമുതലേ ഡോ. സത്താറിന് ഉണ്ടെന്നും ആരോഗ്യ രംഗത്തെ എല്ലാവശങ്ങളെയും കുറിച്ച് ആധികാരികമായി അറിയാനുള്ള പുസ്തകമായി ഇത് മാറുമെന്നും മുഖ്യാതിഥിയായിരുന്ന ടി ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. പുസ്തകത്തിലെ കാര്യങ്ങള്‍ ഭാവിയില്‍ ചര്‍ച ചെയ്യപെടുമെന്നും നാട്ടുകാര്‍ക്ക് മനസിലാവുന്ന രീതിയിലാണ് പുസ്തക രചനയെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ ന്യൂനതകള്‍ വലിയ തോതില്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും പുസ്തകം പരിചയപ്പെടുത്തി കൊണ്ട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പറഞ്ഞു. പുനത്തില്‍ കുഞ്ഞബ്ദുല്ലയുമായി ഏറെ സാമ്യതയുള്ള എഴുത്തുകാരനാണ് ഡോ. സത്താറെന്ന് സ്വാഗത പ്രസംഗത്തില്‍ ടി എ ശാഫി പറഞ്ഞു.

നേരത്തേ ഇറങ്ങേണ്ടിയിരുന്ന പുസ്തകമായിരുന്നു ഇതെന്നും കോവിഡ് പ്രതിസന്ധിയും മകന്റെ മരണവും കാരണമാണ് നീണ്ടുപോയതെന്നും ഡോ. സത്താർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പുസ്തകത്തിന്റെ ഓരോ പേജിലും നിറഞ്ഞുനിൽക്കുന്ന കവർ സെലക്ഷനിൽ പോലും സഹായിച്ച അകാലത്തിൽ മരണപ്പെട്ടു പോയ മകൻ സഹല്‍ റഹ്‌മാന്‍, ചടങ്ങ് ആകാശത്ത് നിന്ന് മറഞ്ഞുനിന്ന് കാണുന്നുണ്ടാവുമെന്ന് അദ്ദേഹം വിതുമ്പലോടെ പറഞ്ഞത് കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു. ഇത് തന്റെ പുസ്തകം മാത്രമല്ല പലരുടെയും ആണെന്നും പുസ്തകത്തിന്റെ ഭാവി വായനക്കാരുടെ കൈകളിലാണെന്നും ഈ പുസ്തകം അവരെ ഏൽപിക്കുന്നുവെന്നും ഡോ. സത്താർ കൂട്ടിച്ചേർത്തു.

ഏറെ ശ്രദ്ധേയമായ പുലര്‍കാല കാഴ്ചകള്‍ക്ക് ശേഷമുള്ള ഡോ. എ എ അബ്ദുല്‍ സത്താറിന്റെ രണ്ടാമത്തെ പുസ്തകമാണ് 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍. പ്രമുഖ എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. 'പരിചയ സമ്പന്നനായ ഡോക്ടര്‍ നല്‍കുന്ന വിവരങ്ങള്‍ വളരെയേറെ പ്രയോജനം ചെയ്യും. കാരണം അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുന്നത്. രോഗങ്ങളെ കുറിച്ച് അദ്ദേഹം പഠിച്ചിട്ടുണ്ടല്ലോ, രോഗികളുടെ പെരുമാറ്റം കുറേക്കാലമായി കണ്ടു പരിചയപ്പെട്ടതിനാല്‍ ധാരാളം അനുഭവസമ്പത്തും ഉണ്ട്' - സി രാധാകൃഷ്ണന്‍ അവതാരികയില്‍ കുറിച്ചു.

പുസ്തകത്തില്‍ വാഹനാപകടങ്ങളില്‍ പൊലിയുന്ന ആയിരങ്ങളെപ്പറ്റി, പുകവലിച്ച് പുകച്ചുകളയുന്ന ജനങ്ങളെപ്പറ്റി, ആധുനികതയുടെ ഉപോല്‍പ്പന്നങ്ങളായ ഇ-വേസ്റ്റുകളെപ്പറ്റി ഡോക്ടര്‍ ആത്മാര്‍ത്ഥമായി ആകുലപ്പെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി കേരള സാഹിത്യ അകാഡെമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.

എരിയാലിലെ ബി വി അബ്ദുര്‍ റഹ്മാന്‍ - സൈനബ ദമ്പതികളുടെ മകനായി ജനിച്ച ഡോ. അബ്ദുല്‍ സത്താറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം അടുക്കത്ത്ബയല്‍ യു പി സ്‌കൂള്‍, തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ഡിഗ്രിയും, കോഴിക്കോട് മെഡികല്‍ കോളജില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 2013ല്‍ യു കെയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും എം ആര്‍ സി പിയും, 2018ല്‍ ഗ്ലാസ്‌ഗോ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും എഫ് ആര്‍ സി പിയും നേടി. ത്രിപുര ഐ സി എഫ് എ ഐ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ പോസ്റ്റ് ഗ്രാഡേറ്റ് ഡിപ്ലോമയും എംബിഎയും കരസ്ഥമാക്കി.

രണ്ടു വര്‍ഷം കോഴിക്കോട് മെഡികല്‍ കോളജില്‍ ജോലി ചെയ്തു. 2000ല്‍ കാസര്‍കോട് ഗവ. ആശുപത്രിയില്‍ സെര്‍വീസില്‍ പ്രവേശിച്ചു. അതിനിടയില്‍ ആറ് വര്‍ഷം മദീനയിലെ അല്‍അന്‍സാര്‍ ആശുപത്രിയില്‍

ശ്വാസകോശരോഗ വിദഗ്ദനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ കോണ്‍ഫറന്‍സുകളില്‍ ഒരു ഡസനോളം ശാസ്ത്രീയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മെഡികല്‍ കോളജ് വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കാസര്‍കോട് ഐ എം എ യുടെ സെക്രടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ചെസ്റ്റ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കാസര്‍കോട് ലയണ്‍സ് ക്ലബ് സെക്രടറി, എരിയാല്‍ ജമാഅത്ത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപക ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ചടങ്ങില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, പി ദാമോദരന്‍, ഡോ. ബാലഗോപാലന്‍ നായര്‍, ബശീര്‍ വോളിബോള്‍, ടി എ ഖാലിദ്, ഗിരിധര്‍ രാഘവന്‍, കെ എം അബ്ദുര്‍ റഹ്മാന്‍, മുജീബ് അഹ്മദ്, ആഇശത് അസൂറ സംസാരിച്ചു. അശ്റഫ് അലി ചേരങ്കൈ നന്ദി പറഞ്ഞു.




Keywords: News, Book-release, Book, Publish, Kasaragod, Kerala, Doctors, General-hospital, Govt.Hospitals, Secretary, Club, State, National, Dr. A A Abdul Sathar's book released.

< !- START disable copy paste -->

Post a Comment