സ്വന്തമായി ഒരു സെന്റ് സ്ഥലം സ്വപ്നം കണ്ട 589 പേർക്ക് പട്ടയമേളയില്‍ ഭൂമി സ്വന്തമായി; അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍

കാസർകോട്: (www.kasargodvartha.com 14.09.2021) വര്‍ഷങ്ങളായി കൈവശം വെച്ച ഭൂമി സ്വന്തമാക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കലക്ട്രേറ്റിലെ പട്ടയ വിതരണ മേളയില്‍ എത്തിയ ഒരോരുത്തരും. സ്വന്തമായി ഒരു സെന്റ് ഭൂമിയെന്നത് സ്വപ്നം കണ്ട ജില്ലയിലെ 589 പേര്‍ക്കാണ് പട്ടയമേളയില്‍ ഭൂമി സ്വന്തമായത്. ജില്ലാതല പട്ടയമേള തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ ഉദ്‌ഘാടനം ചെയ്‌തു. കൃത്യമായ ഇടപെടലിലൂടെ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാന്‍ ആവില്ലെന്നും  അദ്ദേഹം പറഞ്ഞു.

 

Minister Ahmed Devarkovil says land will be made available to all those who deserve it

സ്വന്തമായി ഒരുതുണ്ട് ഭൂമിയെന്നത് എല്ലാവരുടെയും ജീവിതാഭിലാഷമാണ്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നത് ഈ സര്‍കാറിന്റെ നിലപാടാണ്. അതു പൂര്‍ത്തീകരിക്കാനുള്ള ഫലത്തായ പ്രവൃത്തികളാണ് സര്‍കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള ഭൂപതിവ് ചട്ടപ്രകാരം കാസര്‍കോട് താലൂകില്‍ 86 പട്ടയങ്ങളും മഞ്ചേശ്വരം താലൂകില്‍ 17 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂകില്‍ 47 പട്ടയങ്ങളും ഹോസ്ദുര്‍ഗ് താലൂകില്‍ 52 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. മുന്‍സിപ്പല്‍ പട്ടയം വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയില്‍ 11 പട്ടയങ്ങള്‍ വിതരണം ചെയ്യും.  ക്രയവിക്രയ സെർടിഫികെറ്റ്  വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും ബന്ധപ്പെട്ട വിലേജ് ഓഫീസുകളിലൂടെ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.

മരിക്കും മുന്നെ സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടാവണമെന്ന് ആഗ്രഹിച്ചതാണ്. ഭക്ഷണത്തിനും മറ്റും നാട്ടുകാരെല്ലാം സഹായിച്ചാണ് ജീവിക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ടെ പേരിലും ഭൂമിയായി. ഇത് പറയുമ്പോള്‍ രാജന്റെ വാക്കുകള്‍ ഇടറിത്തുടങ്ങിയിരുന്നു. 15 വര്‍ഷമായി റോഡരികില്‍ ചെറിയൊരു ഷെഡ് കെട്ടിയാണ് രാജനും ഭാര്യ മൈമൂനയും ജീവിച്ച് പോന്നത്.

ആലപ്പുഴയില്‍ നിന്ന് ജീവനോപാധി തേടിയായിരുന്നു രാജനും ഭാര്യയും കാസര്‍കോട്ടേയ്ക്ക് എത്തിയത്. 

ഇരുകാലുകളും നഷ്ടമായ മൈമുനയും ശാരീരിക അവശതകളാല്‍ കഷ്ടപ്പെടുന്ന രാജനും സ്വന്തമായി ഭൂമിയെന്നത് സ്വപ്നം മാത്രമായിരുന്നു. ഇതിനിടെയാണ് ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചത്. സ്ഥലമേറ്റെടുക്കല്‍ നടപടിയെ തുടര്‍ന്ന് പാതയോരത്ത് താമസിച്ചിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു കാഞ്ഞങ്ങാട് വിലേജ് ഓഫീസര്‍ എ സി അബ്ദുസ്സലാം ഇവരെ പരിചയപ്പെടുന്നത്. ഇവരുടെ സങ്കടം മനസ്സിലാക്കിയ വിലേജ് ഓഫീസര്‍ തന്നെയാണ് അപേക്ഷകള്‍ തയ്യാറാക്കിയതും ഭൂമി കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതും.

60 പിന്നിട്ട ശാരദയും മകന്‍ രവിയും 150 വര്‍ഷത്തോളമായി തലമുറകളായി കുടുംബം അനുഭവിച്ചു വരുന്ന ഭൂമിയുടെ പട്ടയത്തിനായാണ് കലക്ടറേറ്റിലെ പട്ടയ വിതരണ വേദിയിലെത്തിയത്. ശാരദ കല്യാണം കഴിച്ച് കയറി വന്ന വീട്, അഞ്ച് മക്കളുടെ പിറവിയ്ക്കും അവരുടെ വളര്‍ചയ്ക്കും വിവാഹത്തിനുമെല്ലാം സാക്ഷിയായ വീട്, ജീവിതത്തിന്റെ സ്വപ്നങ്ങളും നിറങ്ങളും നിറച്ച വീടും 49 സെന്റ് സ്ഥലവും ഇനി ശാരദയ്ക്ക് സ്വന്തം. പട്ടയത്തിനായുള്ള കാത്തിരിപ്പിനിടെ 2008ല്‍ ശാരദയുടെ ഭര്‍ത്താവ് കൃഷ്ണ നായ്ക് മരണപ്പെട്ടു. ഒന്നിച്ചു കണ്ട സ്വപ്ന സാക്ഷാത്കാരത്തിന് പ്രിയപ്പെട്ടവന്‍ ഒപ്പമില്ലെങ്കിലും മകന്‍ രവിയുടെ കൈപിടിച്ച് ശാരദ പട്ടയം ഏറ്റുവാങ്ങി.

കലക്ടറേറ്റിലെ പട്ടയമേളയിലെത്താന്‍ സാധിക്കാത്ത ദേവകിക്ക് വിലേജ് ഓഫീസര്‍ വീട്ടിലെത്തി പട്ടയം നല്‍കി. 50  വര്‍ഷമായി  വീട് വെച്ച് താമസിച്ചു വരുന്ന 15 സെന്റ് ഭൂമിയുടെ  പട്ടയത്തിനായുള്ള കാത്തിരിപ്പിനിടെ  ഭര്‍ത്താവ് മരണപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ ദേവകിക്ക് പട്ടയം വാങ്ങാനെത്താന്‍ സാധിക്കാത്തതിനാല്‍ ബേഡഡുക്ക വിലേജ് ഓഫീസര്‍ ഗണേഷ് ഷേണായി വീട്ടിലെത്തി പട്ടയം കൈമാറുകയായിരുന്നു.

കൊളത്തൂര്‍ അഞ്ചാം മൈയിലിലെ കുഞ്ഞിരാമനും ശ്യാമളയ്ക്കും പട്ടയമേളയില്‍ 14 സെന്റ് ഭൂമി ലഭിച്ചു. ഏഴ് വര്‍ഷമായി ഷെഡ് കെട്ടി താമസിച്ചു വരുന്ന മണ്ണ് ഇനി ഈ ദമ്പതികള്‍ക്ക് സ്വന്തം. കൂലിപ്പണിക്കാരായ കുഞ്ഞിരാമനും ശ്യാമളയും മലവേട്ടുവ സമുദായക്കാരാണ്. പട്ടയമേളയില്‍ തങ്ങള്‍ക്ക് സ്വന്തമായി ഭൂമി കിട്ടിയ സന്തോഷത്തിലായിരുന്നു ഈ കടുംബം.

സത്യവതിയും ശ്രീധരനും 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീടിനും സ്ഥലത്തിനും പട്ടയമായി. കൂലിപ്പണിക്കാരനായ ശ്രീധരനും ഭാര്യയും മക്കളും അമ്മയും ചേര്‍ന്നതാണ് കുടുംബം. ബദിയഡുക്ക പഞ്ചായത്ത് പരിധിയിലെ താമസക്കാരായ ഇവര്‍ക്ക് പട്ടയമേളയില്‍ 15 സെന്റ് സ്ഥലത്തിനുള്ള പട്ടയമാണ് ലഭിച്ചത്. കുടികിടപ്പ് അവകാശം ലഭിച്ച ഭൂമിയ്ക്ക് പട്ടയം ലഭിക്കാനായി 2008 മുതല്‍ കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. 

30 വര്‍ഷത്തിന് ശേഷം ഭൂമിക്ക് അവകാശം ലഭിച്ച സന്തോഷത്തിലാണ് എന്‍ വാസുദേവനും ഭാര്യ കെ സരോജിനിയും കലക്ടറേറ്റില്‍ നിന്നും മടങ്ങിയത്. സ്വന്തം പുരയിടത്തിന്റെ പട്ടയത്തിനായി വാസുദേവന്‍ മുട്ടാത്ത വാതിലുകളില്ല. ഇതിനിടയില്‍ വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ ജീവിതത്തെയും തകര്‍ത്തു. ചുമട്ടുതൊഴിലാളിയായിരുന്ന വാസുദേവന് പിന്നെ തൊഴിലെടുക്കാന്‍ കഴിയാതായി. ലോടെറി വിറ്റ് ഉപജീവനം നടത്തുമ്പോഴാണ് ഇവര്‍ക്ക് പട്ടയം ലഭിക്കുന്നത്. 2010 ല്‍ വീടിരിക്കുന്ന സ്ഥലത്തിന് എല്‍ എ നമ്പര്‍ കിട്ടിയതോടെയാണ് പട്ടയം ലഭ്യമാക്കുന്ന നടപടികള്‍ക്ക് വേഗം വെച്ചത്.

വാടകവീടുകള്‍ മാറിമാറിക്കഴിയേണ്ടുന്ന അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹരിണാക്ഷി. 29 വര്‍ഷമായി ഹരിണാക്ഷിയും മക്കളും വാടകവീടുകളിലാണ് കഴിയുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍  ഭവന പദ്ധതികള്‍ക്ക് പുറത്തായിരുന്നു ഇവര്‍. ഒരു വീട് നിര്‍മിക്കാനുള്ള ഭൂമി ലഭ്യമാക്കണമെന്ന ഹരിണാക്ഷിയുടെ അപേക്ഷയാണ് സര്‍കാരിന്റെ പട്ടയമേളയില്‍ തീര്‍പ്പായത്. മാനസിക വെല്ലുവിളി നേരിടുന്ന 26കാരനായ മകനൊപ്പമെത്തി പട്ടയം സ്വീകരിക്കുന്ന നിമിഷത്തില്‍ ഇവര്‍ അത്രയേറെ ആഹ്ലാദിച്ചു. 

35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളരിക്കുണ്ട് താലൂകില്‍ നടന്ന പട്ടയമേളയില്‍ സാവിത്രിയ്ക്കും കുടുംബത്തിനും പട്ടയം ലഭിച്ചു്. കൈവശമുള്ള ഒരേകര്‍ ഭൂമിക്ക് വേണ്ടിയുള്ള പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചുപോകുന്ന സാവിത്രിയ്ക്കും കുടുംബത്തിനും കാലങ്ങളായി താമസിച്ചു വരുന്ന വീടും സ്ഥലവും സ്വന്തമായതിന്റെ  ആശ്വാസം പറഞ്ഞറിയിക്കാനായില്ല. 

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വന്തമായി ഭൂമി ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് കവിലാസിനി. വര്‍ഷങ്ങളായി വാടക വീട്ടില്‍ എന്തിയുറങ്ങിയ വിലാസിനിക്ക് ഇനി സ്വന്തമായി കിട്ടിയ ഭൂമിയില്‍ ഒരു കുഞ്ഞു വീട് പണിയാനാണ് ആഗ്രഹം. ഭര്‍ത്താവ് മരിച്ച ശേഷം വിലാസിനി കൂലി പണിയെടുത്താന്‍ ഉപജീവനം നടത്തുന്നത് എന്നാല്‍ ഇപ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു നേരത്തെ അന്നത്തിനായി നെട്ടോട്ടം ഓടുമ്പോഴും സ്വന്തമായി ഒരു തുണ്ട് ഭൂമി വലിയ സ്വപനമായിരുന്നെന്ന് ഇടറുന്ന സ്വരത്തില്‍ വിലാസിനി പറയുന്നു. ഇനി സ്വന്തമായി കിട്ടിയ ഭൂമിയില്‍ ഒരു കൊച്ച് വീട് പണിത് ആരെയും പേടിക്കാതെ വിലാസിനിക്ക് അന്തിയുറങ്ങണം.

കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, പഞ്ചായത്തംഗം പി ഖദീജ, സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം എകെ രമേന്ദ്രന്‍, എംവി ബാലകൃഷ്ണന്‍, വി രാജന്‍, പി കെ ഫൈസല്‍, ടി ഇ അബ്ദുല്ല, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അബ്ദുർ റഹ്‌മാൻ ബാങ്കോട്, ദാമോദരന്‍ ബെള്ളിഗെ, നാഷനല്‍ അബ്ദുള്ള, അസീസ് കടപ്പുറം, സിദ്ദീഖ് റഹ് മാന്‍, മുഹമ്മദ് കുഞ്ഞി കുട്ടിയാനം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സണ്ണി അരമന, ആന്‍ക്സ് ജോസഫ് സംബന്ധിച്ചു. കലക്ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് സ്വഗതവും കെ രവികുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Minister, Land, Collectorate, District Collector, Manjeshwaram, Vellarikundu, Hosdurg,  Minister Ahmed Devarkovil says land will be made available to all those who deserve it.

Post a Comment

Previous Post Next Post