Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രായം വെറും നമ്പര്‍ മാത്രം; 61-ാം വയസില്‍ ചരിത്രം കുറിച്ച് ഇന്ദിര ടീചെര്‍

Indira Teacher completed her plus two studies at age of 61, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുറ്റിക്കോല്‍: (www.kasargodvartha.com 15.09.2021) റിടയര്‍മെന്റ് ജീവിതം വെറുതെ വിശ്രമിക്കാനൊന്നും ഒരുക്കമായിരുന്നില്ല ഈ അധ്യാപിക. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ച് കരിവെള്ളൂരിലെ ഇന്ദിര ടീചെര്‍ കുറിച്ചത് അപൂര്‍വ നേട്ടം. നിശ്ചയ ദാര്‍ഢ്യത്തോടെ 61-ാമത്തെ വയസില്‍ പ്ലസ് ടു പരീക്ഷയെഴുതി വിജയം കൊയ്തിരിക്കുകയാണ് ഇവര്‍.
                    
News, Kerala, Kasaragod, Teacher, Examination, Plus-two, School, Indira Teacher completed her plus two studies at age of 61.

സ്വാതന്ത്ര്യ സമര സേനാനിയും കരിവെള്ളൂര്‍ സമര നായകനുമായിരുന്ന കൃഷ്ണന്‍ മാഷുടെ ഏഴ് മക്കളില്‍ ആറാമത്തെയാളായിരുന്നു ഇന്ദിര. വീട്ടിലെ പ്രാരാബ്ധങ്ങള്‍ മുന്നില്‍ വിലങ്ങായിനിന്നപ്പോള്‍ ഏഴാം ക്ലാസില്‍ പഠനം നിലച്ചു. പുസ്തകങ്ങള്‍ മാറ്റിവെച്ച് പിന്നീട് ആറ് വര്‍ഷത്തോളം വീട്ടിലെ കന്നുകാലി പരിപാലനത്തില്‍ ഏര്‍പെട്ടു. പക്ഷെ അപ്പോഴും പഠിക്കണമെന്ന മോഹം മനസിനെ അലട്ടിക്കൊണ്ടേയിരുന്നു.

അടങ്ങാത്ത മോഹത്തില്‍ ഏഴാം ക്ലാസ് സെര്‍ടിഫികറ്റ് വച്ച് ചെറുവത്തൂര്‍ ഗവ: ജൂനിയര്‍ ടെക്‌നികല്‍ സ്‌കൂളില്‍ ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് മേകിംഗ് ട്രയിനിംഗ് കോഴ്സ് പാസായി. ക്രാഫ്റ്റ് ടീചറാവാനായിരുന്നു ആഗ്രഹം. പക്ഷേ അതിന് എസ് എസ് എല്‍ സി പാസാവണം. അതോടെ വീണ്ടും വിദ്യാര്‍ഥിനിയുടെ കുപ്പായമണിഞ്ഞു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠങ്ങള്‍ പത്ത് മാസം കൊണ്ട് പഠിച്ചെടുത്ത് 396 മാര്‍ക് നേടി ഫസ്റ്റ് ക്ലാസോടെ എസ് എസ് എല്‍ സി പാസായി. ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മടക്കര തുരുത്തി ജി എം എല്‍ പി എസില്‍ താത്കാലിക അധ്യാപികയായി തുടങ്ങിയ അധ്യാപന ജീവിതം 2017 ല്‍ വിരമിക്കും വരെ തുടര്‍ന്നു. അനേകം ശിഷ്യരെ വാര്‍ത്തെടുത്തു.

പഠനം തുടരണമെന്ന മോഹം വീണ്ടും കലശലമായി. തന്റെ ആ പഴയ എസ് എസ് എല്‍ സി സെര്‍ടിഫികെറ്റുമായി ചെന്ന് തുല്യതാ കേന്ദ്രത്തില്‍ തുടര്‍ പഠനത്തിന് ചേര്‍ന്നു. തന്നെക്കാള്‍ വയസ് കുറവുള്ള അധ്യാപകരുടെ മുന്നില്‍ തികഞ്ഞ അച്ചടക്കമുള്ള വിദ്യാര്‍ഥിനിയായി മാറി. കോവിഡ് കാലത്ത് നടന്ന പരീക്ഷയുടെ പ്രയാസങ്ങളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും അതിജീവിച്ച് പ്ലസ് ടുവില്‍ മികച്ച വിജയം നേടി. പഠനത്തിനിടയിലെലെ അനുഭവങ്ങള്‍ ടീച്ചറുടെ മനസില്‍ മായാതെയുണ്ട്. വളരെക്കാലം പുസ്തകങ്ങളുമായും അക്ഷരങ്ങളുമായും വലിയ ബന്ധം ഇല്ലാതെയിരുന്നിട്ടും അക്ഷരം പഴയതുപോലെതന്നെ വടിവൊത്ത രീതിയില്‍ എഴുതുവാന്‍ സാധിച്ചെന്ന് ടീചെര്‍ പറയുന്നു.

ഒപ്പം കൃഷിയിലും കരകൗശല വസ്തു നിര്‍മാണത്തിലും തന്റെ കഴിവ് പ്രകടിപ്പിക്കുന്നുണ്ട് ഇവര്‍. ഭര്‍ത്താവ് റിട. അധ്യാപകനായ കുഞ്ഞിരാമന്‍, മക്കളായ സജിത, രജിത, സജിത്, മരുമകന്‍ മനോജ്, പേരക്കുട്ടി ഇതള്‍ എന്നിവര്‍ എല്ലാ കാര്യത്തിനും പൂര്‍ണ പിന്തുണയുമായി ടീചര്‍ക്കൊപ്പമുണ്ട്. ബിരുദ പഠനം പൂര്‍ത്തിയാക്കലാണ് ഇന്ദിര ടീചെറുടെ അടുത്ത ലക്ഷ്യം. അങ്ങനെ നിലയ്ക്കാത്ത പഠന സ്വപ്നങ്ങളുമായി ടീചെര്‍ യാത്ര തുടരുന്നു.

Keywords : News, Kerala, Kasaragod, Teacher, Examination, Plus-two, School, Indira Teacher completed her plus two studies at age of 61.

< !- START disable copy paste -->

Post a Comment