Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് എയിംസിന് വേണ്ടി കാത്തിരിക്കുന്നു

Kasaragod is waiting for AIIMS#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സജി കെ ജെ, ഫറീന കോട്ടപ്പുറം

(www.kasargodvartha.com 27.08.2021) കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ലോകോത്തര ആരോഗ്യ സംവിധാനമാണ് എയിംസ് .

സകലമാന രോഗങ്ങളെ കുറിച്ച് ശരിയായ രീതിയിലുള്ള പഠനവും ഗവേഷണവും നടത്തി ചികിത്സ നേടാവുന്ന എല്ലാ വിഭാഗം വിദഗ്ധരും ഉണ്ടാവുമെന്നത് എയിംസിന്റെ പ്രത്യേകതയാണ്. ഇവിടെയെത്തുന്ന രോഗികൾക്ക് മറ്റെങ്ങും പോകേണ്ടി വരില്ല. സാധാരണക്കാരായ രോഗികൾക്ക് സൗജന്യ ചികിത്സയും ലഭിക്കും.

Kasaragod, Kerala, Article, Medical College, Science, Government, District, Development project, Kasaragod is waiting for AIIMS.

എന്തുകൊണ്ട് കാസർകോട്ട് എയിംസ് സ്ഥാപിക്കണം ?

രണ്ടു പതിറ്റാണ്ടിലധികം കാലം എൻഡോസൾഫാൻ വിഷമഴ പെയ്ത മണ്ണിൽ സമാനതകളില്ലാത്ത രോഗങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഏത് ചികിത്സയാണ് ഫലപ്രദമാവുകയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത പ്രതിസന്ധികളാണ് നിലവിൽ ആരോഗ്യ മേഖല നേരിടുന്നത്.

തലമുറകളിലേക്ക് നീളുന്ന രോഗാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇന്ന് എയിംസിൽ മാത്രമാണ് പ്രതീക്ഷ.

മറ്റെവിടെയും ഇതിന് സാദ്ധ്യതയില്ല. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് കൂടാതെ ദക്ഷിണ കർണ്ണാടകയുടെ വലിയ ഭൂപ്രദേശത്തിനും പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന സുള്ള്യ പ്രദേശങ്ങൾക്കും ഇത് വലിയ അനുഗ്രഹമാകും.

എയിംസ് എങ്ങിനെ ലഭിക്കും?

എയിംസ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പ്രൊപ്പോസൽ സമർപ്പിക്കണം. 2014 ലെ കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനമനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു എയിംസ് ലഭിക്കും. കേരളവും അതിനർഹതപ്പെട്ടതാണ്.

ഇതനുസരിച്ച് 2015 ൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളുടെ പ്രൊപ്പൊസൽ സംസ്ഥാന സർക്കാർ നൽകി. കാസർകോടിന്റെ ആവശ്യമുന്നയിച്ച് 2017 ൽ മുൻ എം പി പി കരുണാകരന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. എന്നാൽ കോഴിക്കോടിന് വേണ്ടി കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു.


കാസർകോട് ആർക്കും വേണ്ട. ജാഥ നടത്താനുള്ള ഒരിടം മാത്രമായി, ശിക്ഷാ നടപടിയിലൂടെ ഉദ്യോഗസ്ഥരെ സ്ഥലമാറ്റത്തിന് പറ്റിയ സ്ഥലമായി കാണുന്ന പ്രദേശമാണോ സപ്തഭാഷാ സംഗമ ഭൂമി. സ്വാതന്ത്ര്യ സമരത്തെ നെഞ്ചോട് ചേർത്ത രക്തസാക്ഷികളിലൂടെ അടയാളപ്പെടുത്തിയ, ഒട്ടനവധി സാംസ്ക്കാരിക നായകന്മാർക്ക് ജന്മം നൽകിയ ഒരു മണ്ണ് എന്തേ ഇങ്ങിനെ അവഗണിക്കപ്പെടുന്നു ?

എൻഡോസൾഫാൻ പോലുളള മാരക വിഷ പ്രയോഗങ്ങൾ നടത്തി പരീക്ഷണത്തിനുള്ള പ്രദേശം മാത്രമാണോ ? വേണ്ടേ ഞങ്ങൾക്കും സാമാന്യ നീതി? കേരള സർക്കാർ കാസർകോടിന്റെ പ്രൊപ്പോസൽ കൂടി കൊടുക്കട്ടെ. അർഹതയുണ്ടെങ്കിൽ മാത്രം കാസറഗോഡിന് കിട്ടിയാൽ മതി. പ്രൊപ്പോസലെങ്കിലും കൊടുക്കാൻ എന്താണ് തടസം?

കേന്ദ്രം തരട്ടെ അപ്പോൾ നമുക്ക് ആവശ്യപ്പെടാം എന്നത് യുക്തിക്ക് നിരക്കുന്നതല്ല. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടുന്നതിനു മുമ്പ് തന്നെ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നു.

പ്രവർത്തനങ്ങൾ നീക്കുന്നു. മെഡിക്കൽ കോളേജുകളും നിരവധി സൂപ്പർ സ്പെഷാലിറ്റി ആസ്പത്രികളുമുള്ള കോഴിക്കോട്. ഒരു ന്യുറോളജിസ്റ്റ് പോലുമില്ലാത്ത കാസർകോട്!

ആരുടെ കണ്ണുകളും എന്തേ കാസർകോട്ടെക്കെത്തുന്നില്ല ?. അതിർത്തി അടച്ചിട്ടപ്പോൾ ചികിത്സ കിട്ടാതെ ജീവൻ പൊലിയേണ്ടി വന്നത് കാസർകോട്ടുകാർക്ക് മാത്രമായിരുന്നുവെന്ന വസ്തുത അറിയാത്തതാണോ. നമ്മുടെ എം പി, മുൻ എം പി ,അഞ്ച് എംഎൽഎ മാരും കൂടി മുഖ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു കാസർകോടിന്റെ പ്രൊപ്പൊസൽ കൂടി ഉൾപ്പെടുത്താൻ.

ജില്ലയിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കന്മരാരും നേരത്തേ ആവശ്യപ്പെട്ടു കഴിഞ്ഞു. കാസർകോടിന്റെ ആവശ്യം കേരളം കേൾക്കണം. അവർക്കതിന് ധാർമ്മികമായ ഉത്തരവാദിത്വമുണ്ട് ഒപ്പം കേന്ദ്രത്തിനും. കാൽ നൂറ്റാണ്ട് കാലത്തെ എൻഡോസൾഫാനെന്ന നിശ്ശബ്ധ കൊലയാളിയുണ്ടാക്കിയ സമാനതകളില്ലാത്ത ദുരിതത്തിന് പകരം തരാൻ ഇവർക്ക് മറ്റൊന്നുമാവില്ല. തലമുറകളെ വേട്ടയാടുന്ന രോഗാതുരതയെ തടയാൻ മികച്ച ആരോഗ്യ സംവിധാനത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കാസർകോട്ടുകാർ.

ജില്ല അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പൊരുതിയ, എൻഡോസൾഫാൻ വിഷഭീകരനെ കെട്ടുകെട്ടിക്കാൻ പോരട്ടമേറ്റെടുത്ത ജനത എയിംസിനു വേണ്ടി ഒന്നിക്കാൻ തയ്യാറാവണം. മറ്റെല്ലാ ഭിന്നതകളും നിലനിർത്തി എയിംസിനു വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കാം. കാലം അതാണ് നമ്മോട് ആവശ്യപ്പെടുന്നത്. തെരുവിലിറങ്ങാൻ തയ്യാറായാൽ അധികാരികൾക്കത് തമസ്ക്കരിക്കാനാവില്ല. കാസർകോടും കേരളത്തിൽ തന്നെയാണെന്ന് നമുക്ക് വിളിച്ചു പറയാം.

Keywords: Kasaragod, Kerala, Article, Medical College, Science, Government, District, Development project, Kasaragod is waiting for AIIMS.
< !- START disable copy paste -->

Post a Comment