city-gold-ad-for-blogger
Aster MIMS 10/10/2023

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഗുരു ദേവഗൗഡയുടെ ആശീർവാദം; പ്രതിസന്ധികളിൽ ഒപ്പമുണ്ടാവും നിയമസഭ തെരഞ്ഞെടുപ്പു വരെ

/ സൂപ്പി വാണിമേൽ 

മംഗളുറു: (www.kasargodvartha.com 02.08.2021)  ഊഷ്മളം, ആദരവിന്റെ അകലം, ആത്മബന്ധ അടുപ്പം- മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയും  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മിലുള്ള കൂടിക്കാഴ്ച ഇരുവരുടെയും മനം നിറച്ചു. ബെംഗളുറു  പത്മനാഭ നഗറിലെ വസതിയിൽ ചെന്നാണ് മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ ഗുരുവിനെ കണ്ടത്. ഗൗഡയും മകൻ മുൻമന്ത്രി എച് ഡി രേവണ്ണ എംഎൽഎയും സ്വീകരിച്ചു. മുൻ മന്ത്രി സോമണ്ണയും ജി ബി ജ്യോതി ഗണേഷ്കുമാർ എംഎൽഎയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഗുരു ദേവഗൗഡയുടെ ആശീർവാദം; പ്രതിസന്ധികളിൽ ഒപ്പമുണ്ടാവും നിയമസഭ തെരഞ്ഞെടുപ്പു വരെ

പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ അറിയിച്ചോളൂ, താനും പാർടിയും ഉണ്ടാവും ഒപ്പം. 2023ലെ നിയമസഭ തെരഞ്ഞെടുപ്പു വരെ സർകാരുമായി യുദ്ധത്തിനില്ല-ഗൗഡയുടെ വാക്കുകൾ. കഴുത്തിൽ ചാർത്തിയ ചന്ദന ഹാരത്തിലും കൈമാറിയ പൂച്ചെണ്ടിലും നിറഞ്ഞത് കരുതലാണെന്ന് മുഖ്യമന്ത്രി അറിഞ്ഞ നിമിഷം.

സന്ദർശനം സംബന്ധിച്ച് ദേവഗൗഡയും ബസവരാജ് ബൊമ്മൈയും മാധ്യമങ്ങളോട് പ്രതികരിച്ചതും പരസ്പര സൗഹൃദം ഉണ്ടാവും എന്നാണ്.

ദേവഗൗഡയും പിതാവ് എസ് ആർ ബൊമ്മൈയുമാണ് ബസവരാജിന്റെ രാഷ്ട്രീയ ഗുരുനാഥന്മാർ.

കർണാടക ജെ ഡി എസിന്റെ അധികാര കേന്ദ്രമായ മുൻ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സന്ദർശിച്ചതിന് സംസ്ഥാന സർകാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇരുവരും സംസാരിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡം പാലിച്ചുള്ള പടവും വാർത്തയും പബ്ലിക് റിലേഷൻസ് വിഭാഗം പ്രസിദ്ധീകരണത്തിന് നൽകി. മുഖ്യമന്ത്രി തന്റെ എഫ് ബിയിലും പോസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിക്ക് ഗൗഡയും പിതാവുമല്ലാതെ രാഷ്ട്രീയ ഗുരുനാഥരില്ല. അവിഭക്ത ജനതാദൾ വിവിധ ബ്രാകെറ്റുകളായി ഭാഗം പിരിയുകയും പിതാവിന്റെ മരണം രാഷ്ട്രീയ തണൽ നഷ്ടപ്പെടുത്തുകയും ചെയ്ത പ്രതിസന്ധിയിൽ പൊരിവെയിൽ കൊള്ളുകയായിരുന്നു 13 വർഷം മുമ്പ് ബസവരാജ്. സോഷ്യലിസ്റ്റ് പാഠങ്ങളുടെ തുടർച കോൺഗ്രസിലാവാമെന്ന മോഹം വിഫലമായിരുന്നു. അവർ അടുപ്പിച്ചില്ല. മല്ലികാർജുൻ കാർഗെയായിരുന്നു അന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബി എസ് യദ്യൂരപ്പയാണ് 2008ൽ ബി ജെ പിയിലെടുത്ത് എംഎൽഎയാക്കിയത്.

മുഖ്യമന്ത്രിയായ ഉടൻ ബസവരാജ് നടത്തിയ പ്രഖ്യാപനങ്ങളിൽ സോഷ്യലിസ്റ്റ് സ്പർശമുണ്ട്. കർഷകരുടെ മക്കൾക്ക് സ്കോളർഷിപ് ഏർപെടുത്തുകയും എല്ലാ ക്ഷേമ പെൻഷനുകളും വർധിപ്പിക്കുകയും ചെയ്തു. 1000കോടിയാണ് കർഷകരുടെ മക്കളുടെ സ്കോളർഷിപിന് വിനിയോഗിക്കുക. വൃദ്ധകളുടെ പ്രതിമാസ ക്ഷേമപെൻഷൻ 1000 രൂപയിൽ നിന്ന് 1200 ആയി ഉയർത്തി. എട്ടു ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. 17 ലക്ഷം വിധവകളുടെ കൈകളിൽ ഇനി മാസം 600ന് പകരം 800 രൂപയെത്തും. വികലാംഗ പെൻഷൻ 600ൽ നിന്ന് 800 രൂപയായി വർധിപ്പിച്ചതിന്റെ സന്തോഷം നാലു ലക്ഷം പേരുടെ മനസുകളിലേക്ക്.

ഭരണ ചെലവുകൾ അഞ്ച് ശതമാനമെങ്കിലും കുറക്കണം എന്ന പ്രഖ്യാപനം നടത്തിയതിലുമുണ്ട് അല്പം സോഷ്യലിസ്റ്റ് സ്പർശം. യെദ്യൂരപ്പ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മുഖ്യമന്ത്രി പറയുന്നതിലെ രാഷ്ട്രീയം ആർക്കും മനസിലാവും. 48-ാം വയസിൽ ബി ജെ പിയിലെത്തിയ ബസവരാജിന് ആ പാർടിയിലെ സേവനകാലം 13 വർഷമേയായുള്ളൂ. അതിനിടയിൽ യദ്യൂരപ്പ കെ ജെ പി എന്ന പാർടിയുണ്ടാക്കി പുറത്തുപോയപ്പോൾ ശിഷ്യപ്പെടാതെ ബസവരാജ് ബി ജെ പിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. യദ്യൂരപ്പ എന്ത് കരുനീക്കങ്ങൾ തനിക്കെതിരെ നടത്തിയാലും അതിജീവിക്കാൻ ഗുരുവാണ് കരുത്ത്. തനിക്ക് പ്രവേശനം നിഷേധിച്ച കോൺഗ്രസിന് കർണാടകയിൽ അധികാരപ്രവേശം അടച്ചുകളയുന്ന മുന്നണി ബന്ധമായി ഇത് മാറാം.


Keywords: Mangalore, Karnataka, News, Minister, Top-Headlines, Chief Minister Basavaraj Bommai meets with former Prime Minister HD Deva Gowda.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL