city-gold-ad-for-blogger
Aster MIMS 10/10/2023

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാസര്‍കോടുകാരിയായ ആദ്യ സൈനിക പെണ്‍കുട്ടി, ഇനി ലക്ഷ്യം എന്‍എസ്ജി കമാന്‍ഡോ

കാസര്‍കോട്: (www.kasargodvartha.com 21.07.2021) രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാസര്‍കോടുകാരിയായ ആദ്യ സൈനിക പെണ്‍കുട്ടി. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അംഗമാണ് നീലേശ്വരം ചായ്യോത്തെ ടി ജസീല.

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് മരം വ്യാപാരിയായ ഭര്‍ത്താവിനോടൊപ്പം 30 വര്‍ഷം മുൻപാണ് കാലിച്ചാനടുക്കം വളാപ്പാടിയില്‍ സ്ഥലം വാങ്ങി വീടുവെച്ച് ജസീലയുടെ ഉമ്മ മറിയം താമസം തുടങ്ങിയത്. ഇതിനിടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം ഇരുട്ടിലായി. പക്ഷേ ആ ഉമ്മ തളർന്നില്ല, കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് മക്കളെ അവർ ചിറകിലൊതുക്കി. മക്കളായ സബീനയും ജസീലയും പ്രതിസന്ധികളില്‍ തണലായി മറിയത്തോടൊപ്പം നിന്നു.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാസര്‍കോടുകാരിയായ ആദ്യ സൈനിക പെണ്‍കുട്ടി, ഇനി ലക്ഷ്യം എന്‍എസ്ജി കമാന്‍ഡോ

പിന്നീട് നീലേശ്വരത്തെ റോസമ്മ എന്ന അധ്യാപികയുടെ വീട്ടില്‍ ജോലിക്ക് നിന്നു. മൂത്തമകളുടെ വിവാഹത്തിനായി വീടും സ്ഥലവും വില്‍ക്കേണ്ടി വന്നതുകൊണ്ട്, വാടക വീട്ടിലായി പിന്നെയുള്ള ജീവിതം.

പഠിക്കാൻ മിടുക്കിയായിരുന്ന ജസീല സാമ്പത്തിക പ്രതിസന്ധി കാരണം ബിഎ സോഷ്യോളജി പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് കയറി. തയ്യല്‍ക്കട, കംപ്യൂടര്‍ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലെല്ലാം അവൾ ജോലി ചെയ്തു.

ഇതിനിടെ റോസമ്മ ടീചെറും വിലേജ് ഓഫീസറായ മകൻ അനില്‍ വര്‍ഗീസും ഇടപെട്ടു മിച്ചഭൂമിക്ക് അപേക്ഷ നല്‍കാന്‍ ഉപദേശിച്ചു. ഇങ്ങനെ കിട്ടിയ ഭൂമിയില്‍ വീടു വയ്ക്കാന്‍ അനില്‍ വര്‍ഗീസും കുടുംബവും നാട്ടുകാരും ആ കുടുംബത്തിനൊപ്പം നിന്നു.

ജസീലയുടെ അടുത്ത സുഹൃത്തായ ശ്രുതി ജയന്‍ 2015ല്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയാണ് അവളെ ബിഎസ്എഫിലെത്തിച്ചത്. തൃശൂരിലായിരുന്നു കായികക്ഷമതാ പരീക്ഷ. എഴുത്തു പരീക്ഷയില്‍ 6ാം റാങ്ക്. പരിശീലനം കഴിഞ്ഞ് പഞ്ചാബിലായിരുന്നു പാസിങ് ഔട് പരേഡ്.

മറിയം ആദ്യമായി വിമാനം കയറിയത് മകളുടെ പാസിങ് ഔട് പരേഡ് കാണാനായി പഞ്ചാബിലേക്ക് പോയപ്പോൾ ആയിരുന്നു . 2017ല്‍ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലയ്ക്ക് ആദ്യ സൈനിക നിയമനം കിട്ടിയത്. അതിര്‍ത്തിയിൽ കാവല്‍ നില്‍ക്കുന്നതിനിടെ ഇന്ത്യയുടെ കമ്പിവേലിക്കിടയിലൂടെ ബംഗ്ലാദേശിലേക്കു നുഴഞ്ഞു പോകാന്‍ ശ്രമിച്ച സ്ത്രീയെ ആദ്യ മാസത്തില്‍ തന്നെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയതിന് നേടിയ റിവാര്‍ഡ് വലിയ അംഗീകാരമായിരുന്നു.

സേനയിലുള്ളത് പോലെ സുരക്ഷിതത്വവും കരുതലും മറ്റെവിടെയും പെണ്‍കുട്ടികള്‍ക്കു ലഭിക്കില്ലെന്നാണ് ജസീല പറയുന്നത്. കമാന്‍ഡോ ആവുകയാണ് അടുത്ത ലക്ഷ്യം. ജാര്‍ഖണ്ഡിലെ ഹസാരി ബാഗിലാണ് കമാന്‍ഡോ പരിശീലനം. കോവിഡ് കാലമായതിനാല്‍ അത് നീട്ടിവച്ചു. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലെത്താനുള്ള ആഗ്രഹമാണ് ജസീലയ്ക്ക്. ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് വന്ന ആ കുടുംബം മകളുടെ ഈ മോഹവും സഫലമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഉള്ളത്.

Keywords:  News, Kasaragod, Kerala, State, Army, Top-Headlines, Military, Nileshwaram, Country's borders, Jaseela T, Mariyam, First military girl from Kasargod to guard the country's borders.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL