വാക്സിൻ കുത്തിവെപ്പിന് എത്തുന്നവരിൽ നിന്നും ഒ പി ടികെറ്റ് വാങ്ങുന്നതിനെതിരെ പ്രതിഷേധം

കാസർകോട്: (www.kasargodvartha.com 09.06.2021) വാക്സിൻ കുത്തിവെപ്പിന് എത്തുന്നവരിൽ നിന്നും ഒ പി ടികെറ്റ് വാങ്ങുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. സർകാർ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് പറയുമ്പോഴാണ് ആശുപത്രി വികസന സമിതികളുടെ തീരുമാനപ്രകാരം പലയിടത്തും ടികെറ്റ് വാങ്ങുന്നത്. ഇത് വാക്ക് തർക്കങ്ങൾക്കും കാരണമാകുന്നു. വാക്സിൻ വിതരണ കേന്ദ്രങ്ങളിലൊന്നും തന്നെ സാമൂഹ്യ അകലവും പാലിക്കുന്നില്ല.

വാക്സിൻ വിതരണത്തിലും പരാതികൾ ഉയരുന്നുണ്ട്. ബുധനാഴ്ച ഉദുമ ഗവ. ആശുപത്രിയിൽ ഇരട്ടിയിലധികം ആളുകളാണ് വാക്സിൻ എടുക്കാനായി എത്തിയത്. തൃക്കരിപ്പൂർ ഉടുമ്പുന്തല പി എച് സിയുടെ വാക്സിൻ ഷെഡ്യൂളും ഉദുമ ഗവ.ആശുപത്രിയിലേക്ക് മാറ്റപ്പെട്ടതാണ് ഇരട്ടിയിലധികം ആളുകൾ ഉദുമയിലെത്താൻ കാരണമെന്ന് മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു.

Protest against buying OP tickets from those who come for vaccination

ആളുകളുടെ തിരക്ക് കുറയ്ക്കാൻ പഞ്ചായത്ത് ഇടപെട്ട് കൂടുതൽ സൗകര്യമൊരുക്കിയതായും ആളുകളെ നിയന്ത്രിക്കാൻ പൊലീസിൻ്റെ സഹായം തേടിയതായും ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി മോഹൻ കാസർകോട് വാർത്തയോട് പറഞ്ഞു.

ഡി എം ഒ ഓഫീസിൽ നിന്നും സംഭവിച്ച ക്ലറികൽ അപാകതയാണ് ഉടുമ്പുന്തല പി എച് സിക്ക് പകരം ഉദുമ ആശുപത്രിയിലേക്ക് മാറാൻ കാരണം. കരിവെള്ളൂർ മുതലുള്ള ആളുകൾ വാക്സിൻ എടുക്കാനായി ഉദുമയിലേക്ക് വരേണ്ടി വന്നു. വീടുകളിൽ ചെന്ന് കുത്തിവെപ്പ് നടത്താൻ ജീവനക്കാരെ ചുമതലപ്പെടുത്തിയതിനാൽ കുത്തിവെപ്പിന് കൂടുതൽ കൗണ്ടർ ഏർപെടുത്താനും കഴിഞ്ഞില്ല. കുത്തിവെപ്പിനെത്തിയവരെയും ഡോക്ടറെ കാണാനെത്തിയവരെയും കൊണ്ട് ഉദുമ ആശുപത്രിയിൽ വലിയ തിരക്കായിരുന്നു‌.

ഉച്ചയ്ക്ക് ശേഷം കുത്തിവെപ്പിന് സമയം അനുവദിച്ചവർ പോലും രാവിലെ മുതൽ ആശുപത്രിയിലെത്തി ടോകെനെടുത്ത് കാത്ത് നിന്നതും തിരക്ക് കൂടാനിടയാക്കി. ഓൺലൈൻ വഴിയാണ് വാക്സിനായി അപേക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വാക്സിൻ എടുക്കാൻ വന്നവർ ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞും കാത്തു നിൽക്കേണ്ടി വന്നു. ഇതിൽ പലരും പ്രായമുള്ളവരായിരുന്നു. വാക്സിൻ വിതരണത്തിന് കൃത്യമായ സമയക്രമം നടപ്പാക്കിയാൽ ഇപ്പോൾ അനുഭവിക്കുന്ന തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്.

Keywords: Kerala, News, Kasaragod, Vaccinations, Complaint, COVID-19, Corona, Treatment, Protest against buying OP tickets from those who come for vaccination.
< !- START disable copy paste -->


Post a Comment

Previous Post Next Post