നോയിഡ: (www.kasargodvartha.com 08.06.2021) ഉത്തർപ്രദേശിൽ ഒരു സംഘം ആളുകൾ പള്ളിയിൽ അതിക്രമിച്ച് കയറി ഇമാമിനെയും പ്രാർഥനയ്ക്ക് എത്തിയവരെയും ആക്രമിച്ചു. ഗ്രേറ്റർ നോയിഡയിലെ ഡങ്കൗറിലെ രാംപൂർ മജ്‌റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇശാ നിസ്കാരത്തിനെത്തിയവർക്ക് നേരെയാണ് രാത്രി എട്ടരയോടെ അക്രമം നടന്നത്. കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഒരു മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 10 ഓടെ യുവതിയുടെ ബന്ധുക്കൾ ഒരു മുസ്ലീം പ്രദേശത്ത് വന്ന്, പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു ശേഷമാണ് ബുധനാഴ്ച രാത്രി പള്ളിയിൽ ആക്രമണം നടന്നത്. യുവാവും - യുവതിയും തമ്മിലുള്ള തർക്കത്തിൽ യാതൊരു ബന്ധവും ഇല്ലാത്തവരാണ് ആക്രമിക്കപ്പെട്ടത്. പള്ളി ഇമാം നാസിര്‍ മുഹമ്മദ്, പള്ളിയിലുണ്ടായിരുന്ന ഫതഹ് മുഹമ്മദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികൾക്കെതിരെ സെക്ഷൻ 147 (കലാപം), സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവൻ അല്ലെങ്കിൽ വ്യക്തി സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി), വകുപ്പ് 295 (ഏതെങ്കിലും വിഭാഗത്തിലെ മതത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ അക്രമിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുക), 296 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Keywords: Uthar Pradesh, News, India, Masjid, Case, Police, Attack, Injured, Imam and people who came to pray were attacked inside a mosque in UP.