കത്തിൽ പറഞ്ഞ ഇക്കയുടെ കഥ വെറും സാങ്കൽപികമെന്ന് അഞ്ജലി; വിവാഹം ഇഷ്ടമല്ല; വീടുവിട്ടത് ഒറ്റയ്ക്ക് ജീവിക്കാൻ; ലൗജിഹാദ് ഉയർത്തിയവർ കണ്ടം വഴി ഓടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2021) വീടുവിടുമ്പോൾ എഴുതി വെച്ച 10 പേജുള്ള കത്തിൽ പറഞ്ഞ ഇക്കയുടെ കഥ വെറും സാങ്കൽപികമെന്ന് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയായ പുല്ലൂർ പൊള്ളക്കടയിൽ നിന്നും 44 ദിവസം മുമ്പ് കാണായ അഞ്ജലി (21) യുടെ വെളിപ്പെടുത്തൽ. വിവാഹം ഇഷ്ടമല്ലാത്തത് കൊണ്ടാണ് സാങ്കൽപിക കഥാപാത്രത്തെ സൃഷ്ടിച്ച് കത്തെഴുതി വെച്ച് വീടുവിട്ടതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.
                                                                
Kanhangad, Kasaragod, Kerala, News, Missing, Police, Police-station, Marriage, Fake, Ambalathara, Poinachi, Chennai, Train, Mumbai, Anjali says Ikka's story in letter is fiction; I do not like marriage.

ഒറ്റയ്ക്ക് ജീവിക്കാൻ വേണ്ടിയാണ് തെലുങ്കാനയിലേക്ക് വണ്ടി കയറി പോയത്. പോകുമ്പോൾ വിവാഹത്തിന് വെച്ച 10 പവൻ സ്വർണവും കൊണ്ടുപോയിരുന്നു. അഞ്ജലിയുടെ വെളിപ്പെടുത്തലോടെ കത്തിൻ്റെ പേരിൽ ലൗജിഹാദ് ഉയർത്തിയവർ കണ്ടം വഴി ഓടിയെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത ഇതോടെ പൂർണമായും നീങ്ങി.

തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ വൈ ഒ ഹോടെലില്‍ മുറിയെടുത്തു താമസിച്ചു വന്ന അഞ്ജലിയെ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. അഞ്ജലിയുടെ വിശദമായ മൊഴിയെടുത്ത ശേഷം വൈകീട്ട് അഞ്ചു മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി രക്ഷിതാക്കളുടെ കൂടെ പോയി.

ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. കാസര്‍കോട്ടേക്കുള്ള ബസില്‍ കയറി പോകുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നു. പൊയിനാച്ചിയില്‍ ഇറങ്ങിയ അഞ്ജലി പിന്നീട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഉച്ചക്കുള്ള ചെന്നൈ മെയിലില്‍ പ്രിയ എന്ന പേരില്‍ ടികെറ്റ് ബുക് ചെയ്തു ചെന്നൈയിലേക്ക് പോയെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

സ്വന്തം മൊബൈല്‍ നമ്പര്‍ ടികെറ്റ് ബുക് ചെയ്യുമ്പോള്‍ നല്‍കിയതിനാല്‍ സൈബര്‍ സെലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാന്‍ കഴിഞ്ഞു. 21 ന് രാവിലെ ചെന്നൈയില്‍ എത്തി അവിടെ നിന്നും ഒരു സിം കാർഡ് എടുക്കാൻ ശ്രമിച്ചിരുന്നു. തിരിച്ചറിയൽ രേഖ നൽകാതെ സിം കാർഡ് നൽകില്ലെന്ന് കടയുടമ പറഞ്ഞതിനാൽ മൊബൈല്‍ ഫോണ്‍ അതേ കടയിൽ വില്പന നടത്തിയാണ് അവിടെ നിന്നും പോയത്.

അവിടെ നിന്ന് കച്ചിഗുഡ എക്സ്പ്രസില്‍ ബെംഗളൂറിലേക്കും പിറ്റേ ദിവസം ബസില്‍ മുംബൈയിലും യുവതി എത്തി. മുംബൈയില്‍ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസിലാണ് അഞ്ജലി ഹൈദരാബാദില്‍ എത്തിയത്. അവിടെ ഹോടെലില്‍ മുറിയെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പൊലീസ് കണ്ടെത്തുന്നത്. വിവാഹ ജീവിതത്തില്‍ താല്പര്യമില്ലാത്തതിനാല്‍ വീടുവിട്ടുവെന്നാണ് അഞ്ജലി പൊലീസിന് നല്‍കിയ മൊഴി.

പൊലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച് അന്വേഷണം ആ വഴിക്ക് മാറ്റാനാണ് 'ഇക്ക'യുടെ കൂടെ പോകുന്നുവെന്ന് കത്തെഴുതി വെച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോള്‍ രേഖകളും വിശദമായി പരിശോധിച്ചതിൽ സംശയ രീതിയിലുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. സമർഥമായി എല്ലാവരെയും മുൾമുനയിൽ നിർത്തിയ അഞ്ജലി പക്ഷേ അതിൻ്റെ ഗൗരവമൊന്നും മനസിലാക്കാതെ ഉല്ലാസവതിയായി ചിരിച്ച് സന്തോഷത്തോടെയാണ് പൊലീസിനോട് സഹകരിച്ചത്.

യുവതിയുടെ തിരോധാനത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തിലാണ് അമ്പലത്തറ സി ഐ രാജീവൻ വലിയവളപ്പും സംഘവും. ഒന്നര മാസത്തോളമായി ഊണും ഉറക്കവും ഒഴിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി 4,000 കിലോമീറ്റർ ദൂരമാണ് പൊലീസ് സഞ്ചരിച്ചത്.

Keywords: Kanhangad, Kasaragod, Kerala, News, Missing, Police, Police-station, Marriage, Fake, Ambalathara, Poinachi, Chennai, Train, Mumbai, Anjali says Ikka's story in letter is fiction; I do not like marriage.
< !- START disable copy paste -->

Post a Comment

Previous Post Next Post