അപ്രഖ്യാപിത കർഫ്യൂ എന്ന് എം എൽ എ; ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗതീരുമാനത്തിനെതിരെ വ്യാപക വിമർശനം; ജനപ്രതിനിധികളും വ്യാപാരികളും ബസുടമകളും കലക്ടർക്കെതിരെ തിരിഞ്ഞു

കാസർകോട്: (www.kasargodvartha.com 18.04.2021) ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗതീരുമാനത്തിനെതിരെ വ്യാപക വിമർശനം. ജനപ്രതിനിധികളും വ്യാപാരികളും കലക്ടർക്കെതിരെ തിരിഞ്ഞു. ഇത് കൂടാതെ പൊതു ജനങ്ങളും ബസ് ഉടമകളും കടുത്ത പ്രതിഷേധത്തിലാണ്.

അപ്രഖ്യാപിത കർഫ്യൂയാണ് കാസർകോട്ട് കലക്ടർ പ്രഖ്യാപിച്ചതെന്നും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം സർക്കാർ നിർദ്ദേശിക്കാത്ത കാര്യങ്ങളാണ് കാസർകോട്ട് നടപാക്കുന്നതെന്നും കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് ചീഫ് സെക്രടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Widespread criticism of District Disaster Management Authority decision; Deputies and traders turned against the collector

കോവിഡ് കുത്തിവെപ്പ് എടുത്തവർ നഗരത്തിൽ എത്തരുതെന്നും ഇല്ലെങ്കിൽ കോവിഡ് ഇല്ലെന്ന സർടിഫികെറ്റ് കരുതണമെന്നുമുള്ള വിചിത്രമായ നിബന്ധനകളാണ് കലക്ടർ അടിച്ചേൽപ്പിക്കുന്നതെന്നുമാണ് എം എൽ എയുടെ ആരോപണം.

വ്യാപാരികളും കലക്ടറുടെ തീരുമാനത്തിനെതിരെ തിരിഞ്ഞു. ജില്ലാ ഭരണാധികാരികൾ പ്രഖ്യാപിച്ചിരിക്കുന്ന ചില നിയന്ത്രണങ്ങൾ ഒരേ സമയം അശാസ്ത്രീയവും അപ്രായോഗികവും പരിഹാസ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

ജില്ലയിലെ ആറ് നഗരങ്ങളിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർടിഫികെറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് വേണം എന്നാണ് പറയുന്നത്. തികച്ചും അശാസ്ത്രീയവും അപ്രായോഗികമാണ് ഈ നിബന്ധനകൾ.

കോവിഡ് വാക്സിൻ ഇപ്പോൾ വിതരണം ചെയ്യുന്നത് 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ്. അതിൽ തന്നെ രണ്ടാമത്തെ ഡോസ് വിതരണം ആരംഭിച്ചിട്ടില്ല. ഈ വാക്സിൻ പോലും കേരളത്തിൽ ആവശ്യാനുസരണം ലഭിക്കുന്നില്ല എന്നാണ് ഭരണാധികാരികൾ തന്നെ പറയുന്നത്.

ഈ സാഹചര്യത്തിൽ 45 വയസ്സിനു താഴെയുള്ള ഒരാൾക്കും ഉടനെയൊന്നും വാക്സിനേഷൻ സർടിഫികെറ്റ് ലഭിക്കുക സാധ്യമല്ല. 45 വയസ്സിന് മുകളിലുള്ളവർക്ക് തന്നെ വളരെ ചുരുക്കം പേർക്ക് മാത്രമേ വാക്സിൻ നൽകാൻ ഇതു വരെ കഴിഞ്ഞിട്ടുള്ളൂ. അതു കൊണ്ട് മഹാ ഭൂരിഭാഗം ആളുകൾക്കും വാക്സിൻ സർടിഫികെറ്റ് ഉണ്ടായിരിക്കില്ല.

ഇനി ടെസ്റ്റ് റിപോർടിന്റെ കാര്യമാണെങ്കിൽ, ടെസ്റ്റ് ചെയ്താൽ പ്രൈവറ്റ് ലാബുകളിൽ നിന്നാണെങ്കിൽ ആറ്, ഏഴ് മണിക്കൂറിനുശേഷം റിസൾട് ലഭിക്കും. സാമ്പിൾ രാവിലെ കൊടുത്താൽ വൈകുന്നേരം റിപോർട് ലഭിക്കും. പിറ്റേ ദിവസം മാത്രമേ അത് ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ. അതിന് 1500 രൂപ ചെലവുണ്ട്. ഈ സർടിഫികെറ്റിന്റെ പ്രാബല്യം 14 ദിവസം മാത്രമാണ്.

അത് കഴിഞ്ഞാൽ ഈ കഷ്ടപ്പാടുകളും സാമ്പത്തിക നഷ്ടവും ഒക്കെ സഹിച്ച് വീണ്ടും ടെസ്റ്റ് നടത്തണം. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ടെസ്റ്റ് ചെയ്യാൻ പോയാൽ, അധികാരികൾ ആറു മണിക്കൂർ കൊണ്ട് റിപോർട് ലഭിക്കും എന്നൊക്കെ പറയുമെങ്കിലും കുറഞ്ഞത് 24 മണിക്കൂർ കഴിഞ്ഞിട്ട് മാത്രമേ ലഭിക്കുന്നുള്ളൂ. അതിന് തന്നെ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിൽക്കണം.

അധികാരികളുടെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും കോവിഡ് ടെസ്റ്റ് ചെയ്യാൻ ഇത്തരം സ്ഥാപനങ്ങളെ സമീപിച്ചാൽ ഉണ്ടാകാവുന്ന ആൾത്തിരക്ക് സങ്കല്പിക്കാൻ പറ്റുന്നതിലും അധികമായിരിക്കുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ലബോറടറികൾ തന്നെ കോവിഡ് വ്യാപന കേന്ദ്രങ്ങൾ ആയി മാറും. അതിലേറെ, ഇത്തരം ലബോറടറികളിൽ ഏറിയ പങ്കും സ്ഥിതി ചെയ്യുന്നത് ഇപ്പോൾ അധികാരികൾ സർടിഫികെറ്റ് ഉണ്ടെങ്കിൽ മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്ന ആറ് നഗരങ്ങളിലാണ് എന്നതാണ് തീരുമാനത്തെ പരിഹാസ്യമാക്കുന്നത്.

പ്രഖ്യാപിച്ചിരിക്കുന്ന ആറ് നഗരങ്ങൾ കാസർകോട് ജില്ലയിലെ ജനങ്ങൾ നിത്യജീവിതവുമായി ബന്ധപ്പെട്ട് എന്നും സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. മറ്റിടങ്ങളിലെ കച്ചവടക്കാർ പോലും മൊത്തമായി സാധനങ്ങൾ വാങ്ങാൻ സമീപിക്കുന്ന നഗരങ്ങളാണിവ.

ജില്ലയെ തന്നെ നിശ്ചലമാക്കാൻ ഉള്ള പദ്ധതിയാണ് അറിഞ്ഞോ അറിയാതെയോ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വലിയ ഒരു ലോക് ഡൗണിനും നീണ്ടു നിന്ന വ്യാപാര രാഹിത്യത്തിനും ശേഷം അപ്രായോഗികമായ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ ജില്ലയിലെ സാധാരണ ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാഴ്ത്തുന്നതും വ്യാപാരമേഖലയുടെ നട്ടെല്ലൊടിക്കുന്നതും ആയിരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നത്.

അശാസ്ത്രീയമായ ഈ നിർദേശങ്ങളോട് വ്യാപാരി സമൂഹം സഹകരിക്കില്ലെന്നും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധ നടപടികൾ സ്വീകരിക്കും എന്നും സംഘടന അറിയിക്കുന്നു.


ആളുകളെ പ്രവേശിപ്പിക്കാതെ ബസ് ഓടിക്കണമെന്ന് പറയുന്നതിനെയാണ് ബസുടമകൾ ചോദ്യം ചെയ്യുന്നത്. പതുക്കെ വ്യവസായം കരയറാൻ ശ്രമിക്കുന്നതിനിടയിലാണ് നഗരം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള നടപടി ഉണ്ടാകുന്നതെന്നാണ് ബസുടമകൾ പറയുന്നത്.

Keywords: Kerala, News, Kasaragod, Top-Headlines, District Collector, COVID-19, Corona, Mask, Test, Vaccinations, MLA, Bus Owners, Traders, Widespread criticism of District Disaster Management Authority decision; Deputies and traders turned against the collector.
< !- START disable copy paste -->


Post a Comment

Previous Post Next Post