Join Whatsapp Group. Join now!
Aster MIMS 10/10/2023

കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജി മരിച്ചിട്ട് 5 വർഷം; ജനഹൃദയങ്ങളിൽ ഇന്നും ഒളി മങ്ങാത്ത ഓർമ്മകൾ

5 years since the death of Congress leader Padur Kunjamu Haji; Memories that still linger in people's hearts#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കെ കെ എം

(www.kasargodvartha.com 23.04.2021) കോൺഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജി മരിച്ചിട്ട് വെള്ളിയാഴ്ചത്തേക്ക് അഞ്ച് വർഷം തികയുന്നു. ഇന്നും ചെമ്മനാട് പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രിയനേതാവ് ഒളിമങ്ങാത്ത ഓർമ്മകളാണ്. ചെമ്മനാട് പഞ്ചായത്തിലെ ജനങ്ങൾക്ക് പാദൂർ കുഞ്ഞാമു ഹാജിയുടെ വിയോഗം നികത്താനാവാത്ത വിടവ് തന്നെയാണ് സൃഷ്ടിച്ചത്. നാടിന്റെ പ്രതീക്ഷകളും വികസനവും നെഞ്ചിലേറ്റി നടന്ന വലിയ മനുഷ്യനായിരുന്നു ചെമ്മനാട്ടെ ജനങ്ങൾക്ക് അദ്ദേഹം.

വർഷങ്ങളോളം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാദൂർ, കുഞ്ഞാമുവിൻ്റെ ഭരണകാലം സുവർണ്ണകാലം തന്നെയായിരുന്നു. ചെമ്മനാട് പഞ്ചായത്തിൽ കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ പാദൂർ കുഞ്ഞു എന്ന ഭരണാധികാരിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ചട്ടഞ്ചാൽ ടൗണിൽ തലയെടുപ്പോടെ നിൽക്കുന്ന ചട്ടഞ്ചാൽ അർബൻ ബാങ്ക് പോലും പാദൂദിൻ്റെ സഹകരണ മേഖലയിലെയും സംഭാവനയ്ക്ക് ഉദാഹരണമാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയായിരുന്നു പാദൂരിൻ്റെ വിയോഗം.

നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും പാദൂർ കുഞ്ഞാമു ഹാജി അവരുടെ 'കുഞ്ഞാമ്ച്ച ' യാണ്. എന്ത് ആവശ്യത്തിനും എന്ത് കാര്യത്തിനും ഏത് പാതിരാത്രിയിലും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട നാട്ടുകാർക്ക് ചട്ടഞ്ചാലിലെ വലിയ വീട്ടിലേക്ക് കയറി ചെല്ലാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജനകീയ വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് പാദൂർ കുഞ്ഞാമദ് ഹാജി സ്വീകരിക്കുന്ന തീർപ്പുകൾക്ക് വലിയ സ്വീകാര്യതയായിരുന്നു. പക്ഷം ചേരാതെ വിഷയത്തെ സത്യസന്ധമായി വിലയിരുത്തി പാദൂർ എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്നെയൊരു അപ്പീൽ ഇല്ലെന്ന് തന്നെ പറയാം. അത്രയും കണിശമായിരുന്നു അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ.

Padur Kunjamu Haji

രാഷ്ട്രീയ എതിരാളികൾ പോലും പാദൂരിൻ്റെ വാക്കുകൾക്കും തീരുമാനങ്ങൾക്കും വില കൽപ്പിച്ചിരുന്നുവെന്നത് തന്നെയാണ് പാദൂർ എന്ന ജനകീയ നേതാവിൻ്റെ വിജയം. സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന നേതാവായിരുന്നു അദ്ദേഹം. പണക്കാരനെന്നോ പാമരനെന്നോ യുള്ള വേർതിരിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ഇന്നും ചെമ്മനാട്ടുകാർ പറയും. മാധ്യമ പ്രവർത്തകരോട് എന്നും സ്നേഹ ബഹുമാനം അദ്ദേഹം വെച്ച് പുലർത്തിയിരുന്നു. മാധ്യമങ്ങളുടെ വമർശനങ്ങളെ ഒരു പുഞ്ചിരിയോടെ നേരിട്ട് എൻ്റെ തെറ്റുകൾ ചൂണ്ടി കാണിക്കേണ്ടത് നിങ്ങളാണെന്ന് പറയാനുള്ള ധൈര്യം അദ്ദേഹം കാട്ടിയിരുന്നു.

തൻ്റെ പഞ്ചായത്തിലെ ഓരോ ജനങ്ങളെയും പേരെടുത്ത് പറയാൻ കഴിയുമായിരുന്ന ഒരേ ഒരു നേതാവായിരുന്നു പാദൂർ.അത്ര മാത്രം ആത്മബന്ധം അദ്ദേഹത്തിന് ജനങ്ങളോട് ഉണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി മുഖവുര കൂടാതെ എന്തും തുറന്ന് പറയാൻ എല്ലാ നേതാക്കൾക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ പാദൂർ എന്ന ജനനായകന് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ വലിയ ഉച്ഛത്തിൽ തന്നെ വിളിച്ചു പറയാൻ കഴിഞ്ഞിരുന്നത് മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ ഭയമില്ലാത്തതിനാലായിരുന്നു.

അഞ്ച് വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം അടുത്ത രണ്ടര വർഷം കഴിഞ്ഞാൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി ലഭിക്കും മുമ്പായിരുന്നു ആകസ്മികമായി നാടിനോട് വിട ചൊല്ലിയത്. കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലയിലെ പാർട്ടിയിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങൾ തേടിയിരുന്നത് നിസ്വാർത്ഥ നേതാവായിരുന്ന പാദൂരിനോടായിരുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച പാദൂരിൻ്റെ കുടുംബത്തോട് പാർട്ടി നീതി പുലർത്തിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ കുറേ പേരെങ്കിലും പറയും അത് ഉണ്ടായിട്ടില്ലെന്ന് .

സാധാരണക്കാരൻ്റെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷയും ആവേശവുമായിരുന്ന പാദൂർ ഇന്നും ചെമ്മനാട്ടെ ജനഹൃദയങ്ങളിലും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഒളിമങ്ങാത്ത ഓർമ്മകൾ തന്നെയാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.

ഇന്നലെകളിൽ സാധാരണക്കാരെന്റെ പ്രതീക്ഷയായിരുന്നു പാദൂർ കുഞ്ഞാമു ഹാജി. അദ്ദേഹത്തിനെ അടുത്തറിയാത്തവർ വിയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ വിലയറിഞ്ഞത്. നാടിന്റെ ഉയർച്ചയും സമാധാനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരിക്കൽ പോലും സ്വന്തമായി പേരും പെരുമയും അദ്ദേഹം ലക്ഷ്യം വെച്ചിട്ടില്ല എന്നതാണ് സത്യം.

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. അസ്തമയ സൂര്യൻ വിട പറഞ്ഞാലും ഏറെ സമയം അതിൻ്റെ പ്രഭ ഭൂമിയിൽ ഉണ്ടാകുന്നത് പോലെ പാദൂർ വിട പറഞ്ഞ് വർഷങ്ങൾ പലത് കഴിഞ്ഞാലും അദ്ദേഹം ഉണ്ടാക്കി വെച്ച വികസനത്തിൻ്റെ പ്രകാശം ഈ മണ്ണിൽ എന്നും ഉണ്ടാകും.

Keywords: Kerala, Article, Kasaragod, Padhur Kunhamu Haji, Death, Remembrance, Congress, 5 years since the death of Congress leader Padur Kunjamu Haji; Memories that still linger in people's hearts.
< !- START disable copy paste -->


Post a Comment