കാസര്‍കോട്: (www.kasargodvartha.com 18.02.2021) കാസര്‍കോട് - മംഗലാപുരം അന്തര്‍സംസ്ഥാന പാതയിലെ വിദ്യാര്‍ഥികളുടെ ദുരിത യാത്രാ വീണ്ടും ചര്‍ചയാവുന്നു. മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് ഇതുവരെയും പരിഹാരമായില്ല. ദിനേന 1000 ലേറെ വിദ്യാര്‍ഥികള്‍ മംഗളൂരുവിലേക്ക് പോയിവരുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ബസ് നിരക്കില്‍ ഇളവുകള്‍ ലഭിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം എങ്ങുമെത്തിയില്ല. മുഴുവന്‍ തുകയും നല്‍കിയാണ് അവര്‍ യാത്ര ചെയ്യുന്നത്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലമാണ് മംഗളൂരുവിനെ ആശ്രയിക്കാന്‍ ഇടയാക്കുന്നത്. വന്‍ തുകകള്‍ ഫീസായി നല്കിയയാണ് പഠനം നടത്തുന്നത്. ഇതിനിടയിലാണ് യാത്രാ നിരക്കുകളും പ്രയാസം സൃഷ്ടിക്കുന്നത്. രക്ഷിതാക്കളുടെ ഇടപെടല്‍ മൂലം കര്‍ണാടക ആര്‍ടിസി ബസുകള്‍ യാത്രാ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 1500 രൂപയ്ക്ക് ഒരു വര്‍ഷം യാത്ര ചെയ്യാം. അയല്‍ സംസ്ഥാനം കാണിക്കുന്ന ദയ സ്വന്തം വിദ്യാര്‍ഥികളോട് കേരള ആര്‍ടിസി കാണിക്കുന്നില്ല. ഒരു യാത്ര ഇളവും കേരള ബസുകളില്‍ ലഭ്യമല്ല. കൂനിന്മേല് കുരു എന്നത് പോലെ കര്‍ണാടക ആര്‍ടിസി നല്കുന്ന ഇളവ് അനുഭവിക്കാനും സാധിക്കുന്നില്ല. രാവിലെ ഏഴിനും ഏഴരയ്ക്കുമിടയില്‍ കാസര്‍കോട് നിന്നും വൈകുന്നേരം നാലിനും നാലരയ്ക്കുമിടയില്‍ മംഗലാപുരത്ത് നിന്നും കയറിയാലാണ് കൃത്യസമയത്ത് ക്ലാസിലേക്കും ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വീട്ടിലേക്കും വിദ്യാര്‍ഥികള്‍ക്ക് എത്താനാവുക. എന്നാല്‍ ഈ രണ്ട് സമയങ്ങളിലും കേരള ബസുകളാണ് സെര്‍വീസ് നടത്തുന്നത്.
പലരും ആശ്രയിച്ചിരുന്നത് പാസഞ്ചര്‍ തീവണ്ടികളെയായിരുന്നു. അതും നിലച്ചതോടെ യാത്ര ദുരിതം പിന്നെയും കൂടി. കുത്തിനിറച്ചും തൂങ്ങിപിടിച്ചുമുള്ള പാസഞ്ചര്‍ യാത്രയും ദുരിതം തന്നെ ആയിരുന്നു. പകുതി നിരക്കില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവുമായിരുന്നു. എന്നാല്‍ ദേശസാത്കരണത്തോടെ അതും നിലച്ചു. ഉയര്‍ന്ന വരുമാനമുള്ളവര്‍ കുട്ടികളെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കുമ്പോള്‍ താഴ്ന്ന വരുമാനമുള്ളവര്‍ ദിനേന യാത്ര ചെയ്യുന്നു. സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്.
കേരളത്തിനകത്ത് കേരള ആര്‍ടിസി ബസുകള്‍ക്ക് ടോള്‍ ഒഴിവാക്കിയതോടെ ഫാസ്ടാഗിലൂടെ തുകയടക്കാന്‍ കഴിയാതെ അന്തര്‍സംസ്ഥാന ബസുകള്‍ പിഴ ഒടുക്കേണ്ടി വരുന്നു. അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ പിഴയടക്കമാണ് കേരള ബസുകള്‍ തുക നല്‍കുന്നത്. ഇങ്ങനെ ദിനം പ്രതി 21,000 രൂപയാണ് പിഴയിനത്തില്‍ മാത്രം കേരളം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നിഷേധിക്കുമ്പോഴാണ് ഇത്രയും വലിയ തുക പാഴാക്കുന്നത് എന്ന വിമര്‍ശനം ഉയരുന്നു. കേരളം ഇളവുകള്‍ നല്കുന്നില്ലെങ്കില് രാവിലെ 7 മുതല്‍ 8 മണിവരേ കര്‍ണാടക ആര്‍ടിസി ബസുകള്‍ ഓടുന്ന തരത്തില്‍ യാത്ര ക്രമീകരിക്കണം എന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
Post a comment