ന്യൂഡൽഹി: (www.kasargodvartha.com 26.02.2021) കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കും. ഫലം മെയ് രണ്ടിന് അറിയാം. പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റമളാൻ എന്നിവയെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ഒന്നിന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപിക്കാനുള്ള അവസാന തീയതി മാർച് 20 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച് 22. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. പുഷ്പേന്ദ്ര കുമാർ പുനിയയാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവുന്നത്. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി 30.8 ലക്ഷം രൂപ ചെലവാക്കാം. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മീഷൻ അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് നടക്കുന്നത്. അസമിലും പശ്ചിമ ബംഗാളിലും ഘട്ടം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
Keywords: Kerala, News, Kasaragod, Top-Headlines, Election, Election 2021, Kunhalikkutty, Pinarayi Vijayan, Assembly election date announced; Voting in Kerala on April 6 and results on May 2.
< !- START disable copy paste -->