Join Whatsapp Group. Join now!
Aster MIMS 10/10/2023

യു ഡി എഫ് നേതാക്കള്‍ പടയോട്ടത്തിനായി കാസര്‍കോട്ട് എത്തി തുടങ്ങി; ഐശ്വര്യ കേരള യാത്രയ്ക്ക് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ പ്രവര്‍ത്തകരും കളത്തില്‍

UDF leaders started coming to Kasaragod for the battle
കാസര്‍കോട്: (www.kasargodvartha.com 30.01.2021) യു ഡി എഫ് നേതാക്കള്‍ പടയോട്ടത്തിനായി കാസര്‍കോട്ട് എത്തിത്തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ പ്രവര്‍ത്തകരും കളത്തിലിറങ്ങിയതോടെ നിയമസഭാ തെരെഞ്ഞടുപ്പിന്റെ മുന്നൊരുക്കത്തില്‍ യു ഡി എഫ് സജീവമായി.

സംശുദ്ധം സദ്ഭരണം എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ഐശ്വര്യ കേരള യാത്ര ജനുവരി 31ന് കുമ്പളയില്‍ നിന്നും പ്രയാണം ആരംഭിക്കും.

സമ്പല്‍സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളം എന്നതും എല്‍ ഡി എഫിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയില്‍ നിന്നും കേരളത്തെ രക്ഷിക്കുക എന്നതുമാണ് യാത്രയുടെ ലക്ഷ്യമെന്ന് യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്ന യു ഡി എഫ് നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സി പി എം - ബി ജെ പി കൂട്ടുക്കെട്ട് ജനങ്ങളുടെ ഇടയില്‍ തുറന്നു കാട്ടുകയും ഇരു പാര്‍ടികളുടെയും വര്‍ഗീയ അജണ്ടകളെ പിഴുതെറിഞ്ഞും, മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുന്ന കേരളീയ സമൂഹത്തില്‍ ബി ജെ പി യുടെയും സി പി എമ്മിന്റെയും വര്‍ഗീയ നീക്കങ്ങളെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.

UDF leaders started coming to Kasaragod for the battle



ഐശ്വര്യ കേരള യാത്രയില്‍ എ ഐ സി സി ജനറല്‍ സെക്രടറി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി ജെ ജോസഫ്, ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി ഡി സതീശന്‍ എം എല്‍ എ, സി എം പി നേതാവ് സി പി ജോണ്‍, ഫോര്‍വേഡ് ബ്ലോക് അഖിലേന്ത്യാ സെക്രടറി ജി ദേവരാജന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശാഫി പറമ്പില്‍ എം എല്‍ എ, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ്, എന്നിവര്‍ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് യാത്ര സമാപിക്കും. റാലിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശിയ നേതാക്കള്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയിലെ പരിപാടി ജനുവരി 31ന് വൈകുന്നേരം നാലു മണിക്ക് കുമ്പള, അഞ്ചു മണിക്ക് ചെങ്കള, ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് പെരിയ, 11 മണിക്ക് കാഞ്ഞങ്ങാട്, 12 മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

ജില്ലയിലെ ഐശ്വര്യ കേരള യാത്ര ഐശ്വര്യപൂര്‍ണമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം യു ഡി എഫ് സജ്ജമാക്കിയതായി യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സി ടി അഹ് മദ് അലി, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

ജില്ലയുടെ സമഗ്ര വികസനത്തിന് കാസര്‍കോട് പാകേജിന് തുടക്കം കുറിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട് നടപ്പിലാക്കുന്നതോടൊപ്പം, ഇതില്‍ ഉള്‍പെടാത്ത നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട് കൂടി യു ഡി എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജില്ലയുടെ വികസന ദാരിദ്രം നികത്തിയെടുക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ജാഥയുടെ വിജയത്തിനായി ജില്ലയിലെ എല്ലാ യു ഡി എഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.



Keywords: Kasaragod, News, Kerala, UDF, Leader, Ramesh-Chennithala, LDF, Kasargod Vartha, Political party, UDF leaders started coming to Kasaragod for the battle

Post a Comment