city-gold-ad-for-blogger
Aster MIMS 10/10/2023

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സർകാർ ഉദ്യോഗസ്ഥൻ ആറാട്ടുകടവിലെ ബി ടി ജയറാം

കാസർകോട്: (www.kasargodvartha.com 07.01.2021) കന്നഡ ഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിന് വേണ്ടി നിഘണ്ടു പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു. ഏറെ ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്തത് സംസ്ഥാന വാണിജ്യ വകുപ്പിൽ നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശിയായ ബി ടി ജയറാം.

രണ്ടു വർഷമായി നിഘണ്ടുവിന്‍റെ തിരക്കിട്ട പണിപ്പുരയിലാണ് ജയറാം. കന്നഡ ഭാഷയ്ക്ക് മലയാള ഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായ ഒരു റഫറൻസ് ഗ്രന്ഥം രചിക്കാൻ പ്രാപ്തനായ ഒരു ദ്വി ഭാഷാ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സർകാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി കഴിയുകയായിരുന്ന തനിക്ക് യാദൃശ്ചികമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട് ഡയറക്ടർ ആയ പ്രൊഫ. വി കാർത്തികേയൻ നായരെ കണ്ടുമുട്ടാനായതെന്ന് ജയറാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത്തരമൊരു നിഘണ്ടു രചനയ്ക്കു കണ്ടുമുട്ടൽ നിമിത്തമായി. മാതൃഭാഷയ്‌ക്കൊപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യുമെന്നതിനാൽ നികുതി വകുപ്പിൽ നിന്ന് ഡെപ്യൂടേഷനിൽ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി കുറച്ചു കാലം ജയറാം ജോലി ചെയ്തിരുന്നു. ആ മികവും കന്നഡ - മലയാള ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള സാഹസമായ ദൗത്യം ഏറ്റെടുക്കാൻ അവസരമൊരുക്കി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സർകാർ ഉദ്യോഗസ്ഥൻ ആറാട്ടുകടവിലെ ബി ടി ജയറാം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിൽ നിന്ന് 2018 ൽ ഔദ്യോഗിക ഉത്തരവ് ലഭിച്ചതോടെ ആ ദൗത്യം നിറവേറ്റാൻ ഏറെ സൗകര്യപ്രദം സ്വന്തം നാടെന്ന് മനസിലാക്കി ഏറെ വർഷം നീണ്ട തിരുവനന്തപുരത്തെ താമസത്തിന് വിട നൽകി കാസർകോട്ടെക്ക് വണ്ടി കയറുകയായിരുന്നു അദ്ദേഹം.

വിശ്രമില്ലാതെ, കേരളത്തിലെ പ്രഥമ കന്നഡ- മലയാളം നിഘണ്ടു രചനയുടെ പണിപ്പുരയിൽ ഈ രണ്ടു ഭാഷകളും ഇടകലർന്ന അക്ഷരങ്ങളുടെ ലോകത്തായിരുന്നു ജയറാം. നിഘണ്ടുവിൽ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാള ലിപിയിൽ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാർത്ഥങ്ങൾ കാസർകോട്ടുകാർക്ക് മനസിലാകും വിധം നാടൻ ശൈലിയിലും മൊഴിമാറ്റം ചെയ്ത് ചേർത്തിട്ടുണ്ട്.

രണ്ടു വർഷത്തോളമായി തുടരുന്ന ആ പ്രവൃത്തിയുടെ അവസാന വട്ട മിനിക്കുപണിയുടെ തിരക്കിലാണ് ജയറാം ഇപ്പോൾ. ആറാട്ടുകടവിലെ ജയറാം ഗാർഡൻസിലെ 'അമ്മ' വീട്ടിലാണ് അദ്ദേഹം നിഘണ്ടുവിൻ്റെ പണിപ്പുരയിൽ ഉള്ളത്. 1500 ലേറെ പേജുകളുള്ള നിഘണ്ടുവിന്റെ ഡിടിപി പ്രിന്റ്‌ ഈ മാസം പൂർത്തിയാകും. 

കൈയ്യെഴുത്തിന് തന്നെ 3,000 ത്തിലേറെ പേജുകൾ വേണ്ടി വന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട് ഡയറക്ടറുടെ നിർദേശത്തോടെ കന്നഡയിലെ വാക്കുകൾ മംഗളൂരിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകൾ എഴുത്തുകാരൻ ഉദുമയിലെ പ്രൊഫ. എം എ റഹ് മാനുമാണ് ‌പരിശോധിച്ചത്. ഇരു ഭാഷകളുടെ സങ്കലനം പ്രശസ്ത വിവർത്തകനും എഴുത്തുകാരനും ജയറാമിൻ്റെ അധ്യാപകനുമായ കാസർകോട്ടെ കെ വി കുമാരൻ മാസ്റ്റർ ആണ് നിർവഹിച്ചത്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സർകാർ ഉദ്യോഗസ്ഥൻ ആറാട്ടുകടവിലെ ബി ടി ജയറാം

ഭാഷാസ്നേഹികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഇത് ഒരു നിഘണ്ടു എന്നതിനുപരി നല്ലൊരു റഫറൻസ് ഗ്രന്ഥം കൂടിയായിരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട് പുറത്തിറക്കുന്ന ഈ കന്നഡ-മലയാളം നിഘണ്ടു സംസ്ഥാനത്തെ സർകാർ ഓഫീസുകളിലും പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ മിക്ക ഓഫീസുകളിലും വിലപ്പെട്ട വിഷയഗ്രഹണ ഗ്രന്ഥമായിരിക്കും.

ആ ഉദ്ദേശം കൂടി കണക്കിലെടുത്താണ് ഈ ഗ്രന്ഥരചനയ്ക്ക് കേരള ഭാഷാ ഇന്സ്ടിറ്യുട് ഡയറക്ടർ പ്രോഫ. വി കാർത്തികേയൻനായർ മുന്നാട്ട് വന്നത്. ഡിടിപി പ്രിന്റ്റുകൾ ലഭിച്ചശേഷം എല്ലാം ക്രോഡീകരിച്ചു ഭാഷാ ഇൻസ്റ്റിറ്റ്യൂടിനു അയച്ചുകൊടുക്കുന്നതോടെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാകുമെന്ന് ജയറാം പറഞ്ഞു.

സാംസ്‌കാരിക സാഹിത്യ വിദ്യാഭ്യാസ രംഗത്ത് തന്റെതായ കൈയൊപ്പ് പതിപ്പിച്ച സാമൂഹിക പ്രവർത്തകനാണ് ജയറാം. കാസർകോട് ഗവ. കോളേജിൽ നിന്ന് ബി.എ. പാസായ ശേഷം മംഗളുരു എസ് ഡി എം ലോ കോളേജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി.1975ൽ നികുതി വകുപ്പിൽ ജോലി ലഭിച്ചു. 1981ൽ ഡെപ്യുട്ടേഷനിൽ കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസറായി.

2002ൽ നികുതി വകുപ്പിൽ നിന്ന് വിരമിച്ചു. തിരുവനന്തപുരം, മംഗളൂർ, ഉഡുപ്പി എന്നിവിടങ്ങളിൽ നടന്ന ബഹുഭാഷ വിശകലന ചർച്ചാ ക്ലാസുകളിലും വിവർത്തന ക്യാമ്പുകളിലും കവി സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിലെ കുട്ടികൾക്കായി ക്ലാസെടുക്കാൻ ജയറാമിന് അവസരം കിട്ടിയിരുന്നു.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തുളു, ബ്യാരി ഭാഷകളിൽ വിവർത്തനം നടത്തിയിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലും കന്നഡ, മലയാളം ഭാഷ ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കോമള കുമാരിയാണ് ഭാര്യ. ഏക മകൻ ജയകൃഷ്ണൻ ദുബൈയിൽ എഞ്ചിനീയറാണ്. പരേതരായ ബി ടി കോരൻ വൈദ്യരുടെയും ഗിരിജമ്മയുടെയും മകനാണ്.

വാർത്താ സമ്മേളനത്തിൽ ബി ടി ജയറാം, ഡോ. മീനാക്ഷി രാമചന്ദ്രൻ, കെ വി കുമാരൻ, വി വി പ്രഭാകരൻ, പാലക്കുന്നിൽ കുട്ടി എന്നിവർ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Press meet, B T Jayaram, Malayalam, Government, Man, Dictionary, Kannada, Official, Kannada-Malayalam Dictionary is being prepared for the Kerala Language Institute.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL