നവജാത ശിശുവിനെ കൊന്നത് ജാള്യത മറച്ചുവെക്കാനെന്ന് യുവതിയുടെ കുറ്റസമ്മത മൊഴി; കുഞ്ഞിൻ്റെ കരച്ചിൽ പുറത്തു വരാതിരിക്കാൻ ജനിച്ചയുടനെ കൊലപാതകം

ബദിയടുക്ക: (www.kasargodvartha.com 07.01.2021) നവജാത ശിശുവിനെ മൊബൈൽ ഇയർഫോണിൻ്റെ കേബിൾ കൊണ്ട് കഴുത്ത് മുറുക്കി കൊന്നത് ജാള്യത മറച്ചുവെക്കാനെന്ന് യുവതിയുടെ കുറ്റസമ്മത മൊഴി. ആദ്യ പ്രസവം നടന്ന് മാസങ്ങൾക്കുള്ളിൽ രണ്ടാമതും പ്രസവിക്കുന്നതിൻ്റെ ജാള്യതയാണ് ഈ കടും കൈക്ക് തന്നെ പ്രേരിപ്പിച്ചതെന്നാണ് ലാബ് ടെക്നീഷ്യൻ കൂടിയായ ചെടേക്കാലിലെ ശാഹിന (28) പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.
                                                                  
Confession that killing a newborn baby was to cover up the woman's shame


ആദ്യത്തെ കുഞ്ഞിന് ഒരു വർഷവും രണ്ട് മാസവും മാത്രമാണ് പ്രായം. പ്രസവിച്ച് മാസങ്ങൾക്കുള്ളിൽ രണ്ടാമതും ഗർഭിണിയായതിൻ്റെ ജാള്യത മറച്ചുവെക്കാനാണ് ഗർഭിണിയാണെന്ന വിവരം പോലും വീട്ടുകാരിൽ നിന്നും മറച്ചുവെക്കാൻ കാരണമെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

യുവതിയുടെ വയർ കൂടിയത് കണ്ട് പലതവണ വീട്ടുകാരും അയൽക്കാരായ സ്ത്രീകളും ചോദിച്ചപ്പോൾ ഗ്യാസ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഈയൊരു സാഹചര്യത്തിൽ കുഞ്ഞ് പിറന്നാൽ ഉണ്ടാകുന്ന ചമ്മലാണ് സ്വന്തം കുഞ്ഞിനെ ഒന്നു കരയാൻ പോലും അനുവദിക്കാതെ നിഷ്ഠൂരമായി കൊല ചെയ്യാനുള്ള പ്രേരണയായത്.

പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ കൊന്നുകളഞ്ഞതായാണ് വിവരം. മൃതദേഹം പിന്നീട് ഉപേക്ഷിക്കാമെന്ന് കരുതിയാണ് തുണിയിൽ പൊതിഞ്ഞ് സ്വന്തം കട്ടിലിനടിയിൽ തന്നെ സൂക്ഷിച്ചത്. ഇതിനിടയിൽ യുവതിക്ക് രക്തസ്രാവം ഉണ്ടായതാണ് എല്ലാം കുഴഞ്ഞുമറിയാനിടയാക്കിയത്‌.

യുവതിയെ അവശനിലയിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടറാണ് യുവതി മണിക്കൂറുകൾക്ക് മുമ്പ് പ്രസവിച്ചതായി ബന്ധുക്കളെ അറിയിച്ചത്.

ഇത് സമ്മതിക്കാതിരുന്ന ഭർത്താവിനോടും ബന്ധുക്കളോടും വീടും പരിസരവും പരിശോധിക്കാൻ ഡോക്ടറാണ് നിർദ്ദേശിച്ചത്. ഭർത്താവും ബന്ധുക്കളും വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മൊബൈൽ ഇയർഫോൺ കുഞ്ഞിൻ്റെ കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ്മോർടത്തിലാണ് കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിച്ചതിനാലാണെന്ന് കണ്ടെത്തിയത്.

പിന്നീട് അന്വേഷണം ബേഡകം സി ഐ ക്ക് കൈമാറുകയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശാഹിന കുറ്റസമ്മതം നടത്തിയത്. യുവതി പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് കണ്ടെത്താനും മറ്റുമായി ശാഹിനയെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സി ഐ ഉത്തംദാസ് കാസർകോട് വാർത്തയോട് പറഞ്ഞു.

നിസാരമായ കാരണത്താൽ നൊന്തു പ്രസവിച്ച കുഞ്ഞിനെ സ്വന്തം കൈ കൊണ്ട് കൊലപ്പെടുത്തിയതിൻ്റെ യാതൊരു ദുഖഭാരവും ശാഹിനയിൽ കാണാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ALSO READ:
 

Keywords: Kerala, News, Kasaragod, Murder, Death, Baby, Housewife, Case, Police, Accused, Top-Headlines, Confession that killing a newborn baby was to cover up the woman's shame.
< !- START disable copy paste -->

Post a Comment

Previous Post Next Post