city-gold-ad-for-blogger
Aster MIMS 10/10/2023

സൂര്യപ്രകാശം അങ്ങനെ വെറുതെ കളയാനുള്ളതല്ല; പൈവളിഗെയില്‍ 50 മെഗാവാട് സോളര്‍ പദ്ധതി തുടങ്ങുന്നു; കാസര്‍കോട് സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉല്‍പാദന ജില്ലയായി മാറും; 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

പൈവളിഗെ: (www.kasargodvartha.com 13.01.2021) പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുത മേഖലയെ ശക്തിപ്പെടുത്തുകയെന്ന സര്‍കാര്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ല കാലെടുത്ത് വെക്കുന്നത് ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്. ജില്ലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉത്പാദനം കാസര്‍കോട്ട് നിന്നാവും.

സംസ്ഥാനത്തിന്റെ സൗര വൈദ്യൂത ആവശ്യകത പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സോളാര്‍ പാര്‍കില്‍ രണ്ടാമത്തെ സോളാര്‍ പദ്ധതി ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെയിലെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് പദ്ധതി തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നതായി കെ എസ് ഇ ബി എക്സിക്യുടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സൂര്യപ്രകാശം അങ്ങനെ വെറുതെ കളയാനുള്ളതല്ല; പൈവളിഗെയില്‍ 50 മെഗാവാട് സോളര്‍ പദ്ധതി തുടങ്ങുന്നു; കാസര്‍കോട് സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉല്‍പാദന ജില്ലയായി മാറും; 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യകത പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്നുള്ള ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹറു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.


മൂന്നാം ഘട്ടം നെല്ലിത്തടത്ത്

ജില്ലയില്‍ 105 മെഗാവാട് ഉല്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക് പദ്ധതിയില്‍ 50 മെഗാ വാടിന്റെ ആദ്യഘട്ടം അമ്പലത്തറ വെള്ളൂടയില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് പൈവളിഗെയിലേത്. അഞ്ച് മെഗാവാടിന്റെ മൂന്നാം ഘട്ടം നെല്ലിത്തടത്ത് ആരംഭിക്കും. ഇതിനുള്ള പ്രരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നിടത്തായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 66 കോടി രൂപയാണ് സോളാര്‍ പാര്‍കിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയാണ്. 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പൈവളിഗെയിലെ സോളാര്‍ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതിക്കുള്ള 250 ഏകര്‍ സ്ഥലം സംസ്ഥാന സര്‍കാര്‍ കെ എസ് ഇ ബിക്ക് പാട്ടത്തിന് വിട്ടുനല്‍കി. കെ എസ് ഇ ബി യുടെയും സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടേയും തുല്യ പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനിയായ റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡാണ് സോളര്‍ പാര്‍കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.


കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത പ്രതിസന്ധിക്ക് ആശ്വാസം

പൈവളിഗയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുബനൂര്‍ 110 കെ വി സബ്‌സ്റ്റേഷനിലൂടെയാണ് കെ എസ് ഇ ബി ഏറ്റെടുക്കുന്നത്. പദ്ധതി സ്ഥിതി ചെയ്യുന്ന കൊമ്മന്‍ഗളയില്‍ നിന്ന് കൂബനൂരിലേക്ക് വൈദ്യുതി എത്തിക്കാന്‍ 8.5 കിലോമീറ്റര്‍ കവേര്‍ഡ് കണ്ടക്ടര്‍ ഉള്ള 33 കെ വി ഡബിള്‍ സര്‍ക്യൂട് ലൈന്‍ സ്ഥാപിച്ചു. ഇതുവഴിയെത്തുന്ന വൈദ്യുതി കുബനൂര്‍ സബ്‌സ്റ്റേഷനിലെ രണ്ട് 25 എം വി എ ട്രാന്‍സ്‌ഫോറിലൂടെ സ്വീകരിച്ച് വിതരണം ചെയ്യും. പൈവളിഗെ സബ്‌സ്റ്റേഷന്‍ 2020 ഡിസംബര്‍ 31 ന് കമ്മീഷന്‍ ചെയ്ത് പ്രസരണം ആരംഭിച്ചിരുന്നു.

പൈവളിഗെ പദ്ധതികൂടി യാഥാര്‍ഥ്യമാക്കുന്നതോടെ ജില്ലയുടെ വൈദ്യുത മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടാക്കുക. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ വൈദ്യുത വിതരണശൃംഖലയിലെ വോള്‍ടേജ് ക്ഷാമമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹാരമാകുന്ന പദ്ധതി ജില്ലയിലെ വ്യവസായിക മേഖലക്കും പുത്തന്‍ ഉണര്‍വേകുമെന്ന് റിന്യൂവബള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ പി സി കെ എല്‍) സി ഇ ഒ അഗസ്റ്റിന്‍ തോമസ് പറഞ്ഞു.


ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ്

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള 84 സ്‌കൂളുകളിലും ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട്, ജില്ലാ അലോപതി ആശുപത്രി എന്നിവിടങ്ങളിലുമായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചും ജില്ല വൈദ്യുത മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. പദ്ധതിയ്ക്കായി കാസര്‍കോട് വികസന പാകേജില്‍ ഉള്‍പ്പെടുത്തി 12.65 കോടി രൂപയാണ് വകയിരുത്തിയത്.


അടുത്ത മൂന്നു വര്‍ഷം 'സൗര' യും

സൗരോര്‍ജം കുറഞ്ഞ ചെലവില്‍ ഉത്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'സൗര' പുരപ്പുറ സൗരോര്‍ജ പദ്ധതി പ്രകാരം, വരുന്ന മൂന്നു വര്‍ഷത്തിനകം കെ എസ് ഇ ബി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 1000 മെഗാവാട് വൈദ്യുതി 'സൗര പദ്ധതി' വഴിയായി ഉത്പാദിപ്പിക്കും. ഇതില്‍ 500 മെഗാവാട് പുരപ്പുറ സൗരോര്‍ജ പദ്ധതി വഴിയാണ് ഉത്പാദിപ്പിക്കുന്നത്.

സൗര സബ്സിഡി പദ്ധതി മോഡല്‍ എ യില്‍ പ്രതിമാസ ശരാശരി ഉപഭോഗം 120 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് സൗര സബ്സിഡി പദ്ധതി മോഡല്‍ ഒന്ന് എ, പ്രതിമാസ ശരാശരി ഉപഭോഗം 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് സൗര സബ്സിഡി പദ്ധതി മോഡല്‍ ഒന്ന് ബി, പ്രതിമാസ ശരാശരി ഉപഭോഗം 200 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് സൗര സബ്സിഡി പദ്ധതി മോഡല്‍ ഒന്ന് സി എന്നിവ ഉള്‍പ്പെടുന്നു.

സൗര സബ്സിഡി പദ്ധതി മോഡല്‍ ബിയില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ കെ എസ് ഇ ബി ലിമിറ്റഡിനു നല്‍കാം. പ്ലാന്റിന്റെ മെയിന്റനന്‍സ് അഞ്ച് വര്‍ഷത്തേക്ക് കെ എസ് ഇ ബി ലിമിറ്റഡ് നിര്‍വഹിക്കും. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും അപേക്ഷിക്കാം. പുരപ്പുറത്ത് ഒരു കിലോവാട് സോളര്‍ നിലയത്തിന് വേണ്ടത് 100 ചതുരശ്ര അടി സ്ഥലമാണ്.


സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാര്‍ പാര്‍ക് കാസര്‍കോടിന് സ്വന്തം

വൈദ്യുത ഉത്പാദനത്തിന്റെ 10 ശതമാനം സൗരോര്‍ജം വഴിയാവണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാര്‍ പാര്‍ക് അമ്പലത്തറ വെള്ളൂടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റവന്യു വകുപ്പ് കെ എസ് ഇ ബിക്ക് കൈമാറിയ 250 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍ സബ്‌സറ്റേഷനും അമ്പലത്തറയിലാണ് സ്ഥാപിച്ചിട്ടുള്ളത്. 

പാര്‍കിനോടനുബന്ധമായി 220 കെ വി സബ്‌സ്റ്റേഷനാണ് നിര്‍മിച്ചത്. ഇതിലൂടെയാണ് പ്രസരണത്തിനായി വൈദ്യുതി എത്തിക്കുന്നത്. 25 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നല്‍കിയിട്ടുള്ളത്. ആദ്യത്തെ അഞ്ച് വര്‍ഷം സൗജന്യമായിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (ഐ ആര്‍ ഇ ഡി എ)യാണ് സോളാര്‍ പാര്‍ക് നിര്‍മിച്ചത്. ജാക്‌സണ്‍ എന്‍ജിനീയേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ടെന്‍ഡര്‍ നടപടിയിലൂടെ കരാര്‍ നല്‍കിയത്. സോളാര്‍ പാര്‍കില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നിശ്ചിത നിരക്കിലാണ് ഐ ആര്‍ ഇ ഡി എ വില്‍ക്കുക.


സോളാര്‍ പാര്‍ക് വന്നു, വെള്ളൂടയില്‍ ചൂട് കുറഞ്ഞു

അമ്പലത്തറയിലെ വെള്ളൂടയില്‍ സോളാര്‍ പാര്‍ക് വന്നതോടെ സമീപപ്രദേശങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങളാണ് കണ്ട് തുടങ്ങിയതെന്ന് (ആര്‍ പി സി കെ എല്‍) സി ഇ ഒ അഗസ്റ്റിന്‍ തോമസ് പറയുന്നു. ഏകര്‍കണക്കിന് വ്യാപിച്ച് കിടക്കുന്ന കരിമ്പാറകളും തരിശ് ഭൂമികളും വലിയ അളവില്‍ സൂര്യതാപത്തെ ആഗിരണം ചെയ്യും. ഈ താപം രാത്രിയില്‍ ഭൂമി പുറന്തള്ളുകയും ചെയ്യും. വിശാലമായ ഭൂമിയില്‍ സോളാര്‍ പാനലുകള്‍ വരുന്നതോടെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കില്ല. പ്രദേശത്തെ പാറക്കൂട്ടങ്ങള്‍ തണുത്താല്‍ അന്തരീക്ഷ ഊഷ്മാവ് മൂന്ന് ഡിഗ്രി വരെ കുറയുന്ന സാഹചര്യമുണ്ട്. 

ഇത് വെള്ളൂടയുടെ പരിസ്ഥിതിയില്‍ മാറ്റം സൃഷ്ടിച്ചിക്കുകയും ഹരിതാഭമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉഷ്ണമേഖലകളിലും ഗുജറാത്തിലെ കച്ചിമേഖലകളിലും സമാന സാഹചര്യങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും വെള്ളൂടയിലെ അനുഭവ യാഥാര്‍ത്ഥ്യം സോളാര്‍ പാര്‍കുകള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആദ്യഘട്ടത്തിലുണ്ടാകുന്ന ആശങ്കകള്‍ ദൂരീകരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, News, Kerala, Top-Headlines, Solar-products, Pinarayi-Vijayan, Government, Inauguration, Manjeshwaram, Sub-station, 50 MW solar project to be launched in Paivalige; Kasargod will become the largest solar power generating district in the state.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL