വിജയന് മേസ്ത്രിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചും തല ചുവരില്‍ ഇടിച്ചും
കാസര്‍കോട്: (www.kasargodvartha.com 16.11.2020) ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിര്‍മ്മാണ തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി വിജയന് മേസ്ത്രിയെ (55) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയായ മുരുകനെ (52) വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിജയന് മേസ്ത്രിയുടെ സുഹൃത്താണ് അറസ്റ്റിലായ മുരുകന്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
ശ്വാസം മുട്ടിച്ചും തല ചുവരില്‍ ഇടിച്ചുമാണ് കൊല നടത്തിയതെന്ന് പ്രതി പോലീസില്‍ മൊഴി നല്കി.
ഞായറാഴ്ച ജോലി ഇല്ലാത്തതിനാല്‍ രാവിലെ മുതല്‍ ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും പിന്നീട് വാക്ക് തര്‍ക്കത്തിനൊടുവില്‍ തല ചുവരില്‍ ഇടിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മല്‍പ്പിടുത്തത്തില്‍ പ്രതിക്ക് നെറ്റിയില്‍ മുറിവേറ്റിരുന്നു.
ചെങ്കള സന്തോഷ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
വിജയന് മേസ്ത്രിയുടെ ബന്ധുക്കളെയൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, News, Murder, Case, Man, Accused, Police, Arrest, Top-Headlines, Vijayan Maistry's murder: Accused arrested
< !- START disable copy paste -->