പൈതൃകപ്പച്ചയില്‍ ചെര്‍ക്കളം റദ്ദുച്ച കുടുംബങ്ങള്‍ - ദിനേശ് ഫ്‌ളാഷില്‍ തലമുറകളുടെ ഫ്‌ളാഷ്ബാക്ക്

സൂപ്പി വാണിമേല്‍

കാസര്‍ക്കോട്: (www.kasargodvartha.com 18.11.2020) മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖ് എന്നിവരുടെ പൈതൃകപ്പച്ചപ്പ് നിലനിറുത്തുന്നതായി മുസ്‌ലിം ലീഗിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ചെര്‍ക്കളത്തിന്റെ മകളും മരുമകളും ജനവിധി തേടുമ്പോള്‍ 'റദ്ദൂച്ച'യുടെ മകനാണ് അങ്കത്തിനിറങ്ങുന്നത്.


ചെര്‍ക്കളത്തിന്റെ ഇളയ മകന്‍ കബീര്‍ ചെര്‍ക്കളത്തിന്റെ ഭാര്യ ജസീമ ജാസ്മിന്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നുള്ള ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാണ്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ ഇവരുടെ കന്നിയങ്കമാണിത്.
ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറ അബ്ദുല്‍ മജീദ് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് കുണ്ടുകൊളക്ക വാര്‍ഡില്‍ ജനവിധി തേടുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമീറ നിലവില്‍ ജില്ല പഞ്ചായത്ത് അംഗമാണ്.

ചെര്‍ക്കളത്തിന്റെ ഭാര്യ ആഇശ ചെര്‍ക്കളം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ജില്ല കൗണ്‍സില്‍ അംഗം, 1987 മുതല്‍ 2001 വരെ തുടര്‍ച്ചയായി മഞ്ചേശ്വരം എം എല്‍ എ, 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എന്നീ നിലകളില്‍ ജനപ്രതിനിധിയായിരുന്നു ചെര്‍ക്കളം.

പി ബി അബ്ദുര്‍ റസാഖിനെ ജില്ല പഞ്ചായത്തില്‍ എത്തിച്ച ദേലമ്പാടി ഡിവിഷനില്‍ നിന്നാണ് മകന്‍ പി ബി ശഫീഖ് കന്നിയങ്കം കുറിക്കുന്നത്. 2005-2010 കാലയളവ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റസാഖ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കാലാവധിക്ക് എട്ടുമാസം മുമ്പെ രൂപപ്പെട്ട യു.ഡി.എഫ് അനുകൂല സാഹചര്യത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായി. 2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലെത്തി. 2000-2005 കാലയളവില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഭാര്യയും ശഫീഖിന്റെ മാതാവുമായ സഫിയ റസാഖ് മൂന്നു തവണ ചെങ്കള പഞ്ചായത്ത് അംഗമായിരുന്നു.

റസാഖിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശഫീഖിനെ മത്സരിപ്പിച്ച് സഹതാപതരംഗം വോട്ടാക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും കുടുംബം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോട് നന്ദിയുണ്ടെന്ന് ശഫീഖ് പറഞ്ഞു.

\

ഫോട്ടോഗ്രാഫര്‍ ദിനേശ് ഇന്‍സൈറ്റിനുമുണ്ട് ഇരു കുടുംബങ്ങളുമായി ബന്ധപ്പെട്ട കൊച്ചുകൊച്ചു സന്തോഷങ്ങള്‍. ചെര്‍ക്കളത്തിനും റദ്ദുച്ചക്കും നേരെ മിന്നിയ ഫ്‌ലാഷുകളാണ് ദിനേശിന്റെ ഫ്‌ലാഷ്ബാക്ക്. റസാഖ് ചെങ്കള പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ ഫ്‌ലക്‌സടിക്കാന്‍ ഉപയോഗിച്ച ഫോട്ടോയെടുത്തതിന്റെ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പുവരെയുണ്ടായി. 1991 മുതല്‍ ഫ്‌ലക്‌സുകളിലും ബോര്‍ഡുകളിലും മഞ്ചേശ്വരം മണ്ഡലത്തില്‍ ചിരിച്ചും കൈ ഉയര്‍ത്തിയും കൂപ്പിയും ചെര്‍ക്കളം നിന്ന രംഗങ്ങള്‍ തന്റെ ഫ്രെയിമില്‍ കയറിയതാണ്. ഇന്നെല്ലാം സോഷ്യല്‍ മീഡിയ, എന്നാലും ആ പൈതൃകം കാത്ത് തന്റേ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യാന്‍ സന്നദ്ധരാവുന്നതില്‍ സന്തോഷം, അഭിമാനം-ദിനേശ് പറഞ്ഞു.
Keywords: Kasaragod, News, Kerala, Manjeshwaram, P.B. Abdul Razak, Cherkalam Abdulla, Muslim-league, Generations Flashback on Dinesh Flash
 

Post a Comment

Previous Post Next Post