സ്ഥാനാര്‍ത്ഥികള്‍ക്ക് മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി തെരഞ്ഞെടുപ്പ് ഗാനം ഒരുക്കി അസീസ് പുലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 22.11.2020) തെരഞ്ഞെടുപ്പ് വന്നാല്‍ അസീസ് പുലിക്കുന്നിന് തിരക്കോട് തിരക്കാണ്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും സ്വതന്ത്രരുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ മാപ്പിളപ്പാട്ട് തെരഞ്ഞെടുപ്പു ഗാനങ്ങള്‍ റെഡിയാക്കുന്ന തിരക്കിലാണ് കാസര്‍കോട് ആലിയ ലോഡ്ജിലെ കെ എം ഓഡിയോ സ്റ്റുഡിയോ.  

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അസീസ് പുലിക്കുന്ന് എന്ന ഗായകന്‍ മാപ്പിളപ്പാട്ട് ഗാനരംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. 

ആദ്യകാലത്ത് സ്‌റ്റേജ് പ്രോഗ്രാമുകളായിരുന്നു കൂടുതല്‍. പിന്നീട് സ്വന്തമായി റിക്കാര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങി. കല്യാണം, താരാട്ട് എന്നിവയില്‍ പാട്ടുകള്‍ ഓര്‍ഡറനുസരിച്ച് പാടി നല്‍കും.  

1982ല്‍ നടന്ന കാസര്‍കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സി ടി അഹ് മദലിക്ക് വേണ്ടിയാണ് ആദ്യ തെരഞ്ഞെടുപ്പ് കാസറ്റ് ചിട്ടപ്പെടുത്തിയത്. വട്ടാണ് ഭട്ടിനാരും വോട്ടു കൊടുക്കല്ലേ എന്ന ഈരടിയിലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മുന്നണികളും, സ്വതന്ത്രരും തെരഞ്ഞെടുപ്പ് ഗാനത്തിന് അസീസിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.


ആലപ്പുഴ, എറണാകുളം തുടങ്ങി അന്യ ജില്ലകളില്‍ നിന്നു പോലും മാപ്പിളപ്പാട്ടിന്റെ ഇമ്പമേറിയ വരികളില്‍ കോര്‍ത്തിണക്കുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കായി അസീസിനെ സമീപിക്കുന്നുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് വരെ 15 പേര്‍ക്ക് തെരഞ്ഞെടുപ്പ് ഗാനം തയ്യാറാക്കി നല്‍കി. ചരിതങ്ങള്‍ ഉറങ്ങുന്ന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാണേ വോട്ടൊന്നു നല്‍കി വിജയിപ്പിക്കണേ എന്ന ഈരടിയിലുള്ള ഗാനത്തിലാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് മാപ്പിളപ്പാട്ട് തെരഞ്ഞെടുപ്പ് ഗാനം രചിച്ചു നല്‍കിയതെന്ന് അസീസ്  പറഞ്ഞു.  


കോവിഡിനെ തുടര്‍ന്ന് സ്‌റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനാവാതെ ഗായകരടക്കമുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രയാസം നേരിടുന്നതിനിടയില്‍ കടന്നു വന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മേഖല ഉണര്‍ന്നിട്ടുണ്ട്.

ഒരു ഗാനം ചിട്ടപ്പെടുത്തി തയ്യാറാക്കി നല്‍കിയാല്‍ 1000 രൂപ മുതലാണ് പ്രതിഫലം വാങ്ങുന്നത്. ഒന്നിലേറെ ഗാനങ്ങള്‍ വേണമെങ്കില്‍ ആയിരം രൂപ വീതം അധികം നല്‍കണം. അസീസിനോടൊപ്പം ഹനീഫ് ചെങ്കള, സുഹറ തൃക്കരിപ്പൂര്‍, ശമീമ തൃക്കരിപ്പൂര്‍ എന്നിവരാണ് പാടുന്നത്. റിയാസ് നായന്മാര്‍മൂലയാണ് ഗാന രചയിതാവ്.Keywords: Kasaragod, Kerala, News, Election, Singer, Trending, Political party, Aziz Pulikunnu prepares the election song for the candidates

Post a Comment

Previous Post Next Post