അംബരീഷ് ചരമ വാര്‍ഷിക ദിനത്തില്‍ അകലം പാലിച്ച് നേതാക്കള്‍; ഉള്ളുരുകി മാണ്ട്യ എം പി സുമലത

മംഗളൂറു: (www.kasargodvartha.com 25.11.2020) നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുന്‍ മന്ത്രി എം എച്ച് അംബരീഷിന്റെ രണ്ടാം ചരമ ദിനത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളാരും പങ്കെടുത്തില്ല. ബി ജെ പി പിന്തുണയോടെ സ്വതന്ത്രയായി മാണ്ട്യ മണ്ഡലത്തില്‍ നിന്ന് എം പിയായ സുമലതക്കെതിരെ ബി ജെ പി നേതാവ് പ്രതാപ് സിംഹ എം പി നടത്തിയ 'ഒന്നിനും കൊള്ളാത്തവള്‍' എന്ന ആക്ഷേപം വിവാദമായി നില്‍ക്കുന്ന വേളയിലാണ് നേതാക്കളും ജനപ്രതിനിധികളും അനുസ്മരണം അവഗണിച്ചത്.


ദൊഡ്ഢറസിനകരെ ഗ്രാമത്തിലെ തടാകക്കരയില്‍ നിര്‍മ്മിച്ച അംബരീഷ് സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ അംബരീഷിന്റെ ആരാധകര്‍, വിധവ സുമലത, മകന്‍ അഭിഷേക് ഗൗഢ, നടന്‍ ദര്‍ശന്‍, സിനിമ സംവിധായകനും നിര്‍മ്മാതാവുമായവെങ്കിടേശ്, നടന്‍ ദൊഡ്ഢണ്ണ എന്നിവര്‍ പങ്കെടുത്തു.

പരിസരം പൂക്കള്‍ കൊണ്ടലങ്കരിക്കുകയും പഴവര്‍ഗ്ഗങ്ങളും ഭക്ഷണവും വിതരണം നടത്തുകയും ചെയ്തു. അംബരീഷ് ആരാധകര്‍ റിബല്‍ സ്റ്റാര്‍ മുദ്രാവാക്യം മുഴക്കിയാണ് പിരിഞ്ഞത്. സുമലതയെ പരസ്യമായി അധിക്ഷേപിച്ച പ്രതാപ് സിംഹക്കും അതിനെ പിന്തുണക്കുന്ന ബി ജെ പി നേതൃത്വത്തിനും എതിരെയാണ് ഈ ശബ്ദം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ട്യയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സുമലതക്ക് കോണ്‍ഗ്രസ് സീറ്റുനല്‍കിയിരുന്നില്ല. ബി ജെ പി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അവര്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ സ്ഥാനാര്‍ത്ഥി നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തുകയായിരുന്നു. ആ പിന്തുണ അധിക്ഷേപത്തിന് വഴിമാറുന്നതില്‍ പൊള്ളുന്ന മനസ്സോടെയാണ് സുമലത തന്റെ പ്രിയതമന്റെ വേര്‍പാട് ദിന രണ്ടാം വാര്‍ഷികത്തില്‍ പങ്കാളിയായത്.


Keywords: Mangalore, news, Karnataka, Congress, Leader, BJP, Top-Headlines, MLA, Death-anniversary, wife, Ambareesh death anniversary: Actress-wife Sumalatha and other celebs remember the Kannada actor-politician
 

Post a Comment

Previous Post Next Post