Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ആരോഗ്യ പ്രവര്‍ത്തകര്‍ തളരുന്നു; കെ ജി എം ഒ എ പ്രതിഷേധ സമരത്തിലേക്ക്

The number of Covid patients is rising; Health workers tired; KGMOA move to protest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 15.10.2020) കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കെ ജി എം ഒ എ പ്രതിഷേധ സമരത്തിലേക്ക്.



കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കഴിഞ്ഞ ഒന്‍പതു മാസമായി ഏറ്റവും ആപകടകരമായ സാഹചര്യത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തുവരുന്നവരാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. 

അവരുടെ നിതാന്ത ജാഗ്രതയും ആത്മാര്‍ത്ഥ സേവനവും ഒന്നു കൊണ്ടു മാത്രമാണ് ഈ വിഷമസന്ധി തരണം ചെയ്തു വരുന്നത്. ഇത് ഓരോ ആരോഗ്യ പ്രവര്‍ത്തകന്റെയും ആത്മസമര്‍പ്പണത്തിന്റെ ഫലമാണ്. 

എന്നാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ജീവനക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനു പകരം അവരെ തളര്‍ത്തുന്ന നടപടികള്‍ ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. ഇതില്‍ കെ ജി എം ഒ എ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു.

അമിതജോലിഭാരം കൊണ്ടു തളര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന സംഘടനയുടെ നിരന്തര അഭ്യര്‍ത്ഥന അംഗീകരിക്കാത്ത സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നടപ്പിലാക്കിയത് കോവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷമുള്ള അവധി അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനമാണ്. നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഇത്. 

ഇതുള്‍പ്പടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍കുന്നതായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഗീപരിചരണത്തെയും കോവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികള്‍. 

സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഡോക്ടര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും ഒരുപോലെ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി അവരെ ആവശ്യാനുസരണം ആശുപത്രികളിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. 

സ്രവ പരിശോധന നടത്തുക, തദ്ദേശ സ്ഥാപനങ്ങളും, ജില്ല ഭരണകൂടവുമായും മറ്റുമുള്ള അവലോകന യോഗങ്ങളില്‍ പങ്കെടുക്കുക, സി എഫ് എല്‍ ടി സികളുടെ മേല്‍നോട്ടം വഹിക്കുക, തുടങ്ങിയ നിരവധി ജോലികളാണ് സാധാരണയുള്ള കോവിഡേതര ഒ പി ചികിത്സക്കും സ്ഥാപനങ്ങളുടെ ഭരണനിര്‍വ്വഹണത്തിനും പുറമെ ഇവിടെയുള്ള ഡോക്ടര്‍മാര്‍ നിര്‍വഹിച്ചു വരുന്നത്.

ജീവനക്കാരുടെ സമാനമായ കുറവും അമിത ജോലി ഭാരവും കൊണ്ട് വീര്‍പ്പുമുട്ടുകയാണ് കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍. 

രോഗവ്യാപനം മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ ഗൃഹചികിത്സ തുടങ്ങുകയും സി എഫ് എല്‍ ടി സികളും സി എസ് എല്‍ സി ടി സികളും കൊവിസ് ആശുപത്രികളും കൂടുതലായി ആരംഭിക്കുകയും ചെയ്യുമ്പോള്‍ ആവശ്യത്തിന് മാനവിഭവശേഷി ഉറപ്പു വരുത്താത്തതിന്റെ ഫലമായി അധികഭാരം പേറുന്നതും നിലവിലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. 

കേവലം ഒന്നോ രണ്ടോ ഡോക്ടര്‍മാരെ വച്ച് 24 മണിക്കൂര്‍ സേവനം നല്‍കേണ്ടി വരുന്നത് ജീവനക്കാരുടെ ആരോഗ്യത്തോടൊപ്പം രോഗീപരിചരണത്തെയും ദോഷകരമായി ബാധിക്കും. ഇതോടൊപ്പം കോവിഡേതര ചികിത്സയും ഭരണനിര്‍വഹണവും വഹിക്കുന്ന ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകള്‍ ദിവസേന രോഗബാധിതരായി തീരുന്നതില്‍ ഈ അമിത ജോലിഭാരം ഒരു പ്രധാന ഘടകമാണ്. 

കഴിഞ്ഞ ഒന്‍പതു മാസമായി അക്ഷീണം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയേകാന്‍ കെ ജി എം ഒ എ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പാക്കാത്ത  സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് താഴെ പറയുന്ന വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്.

1) മാനവവിഭവശേഷിയുടെ കുറവ് അടിയന്തരമായി പരിഹരിക്കുക

2) തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്കു ശേഷം ന്യായമായി ലഭിച്ചിരുന്ന അവധി പുനസ്ഥാപിക്കുക

3) ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വിരമിച്ച ഡോക്ടര്‍മാരെയും സ്വകാര്യ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി ബ്ലോക്ക് അടിസ്ഥാനത്തില്‍ കോള്‍ സെന്റര്‍ രൂപീകരിക്കുക

4) മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ന്നും salary deferment ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കുക

5) അപകടകരമായ സാഹചര്യത്തില്‍ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിസ്‌ക്ക് അലവന്‍സും ഇന്‍സെന്റീവും നല്‍കുക തുങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

രോഗീപരിചരണത്തെയും കോവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികള്‍. ഇതിന്റെ ഭാഗമായി

എല്ലാ വിധ കോവിഡേതര ട്രെയിനിംഗുകളും വെബിനാറുകളും ബഹിഷ്‌ക്കരിക്കും.

A). NQAS, Adram തുടങ്ങിയവയുടെ പരിശീലനത്തില്‍ അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ബഹിഷ്‌ക്കരിക്കും.

B). ഡ്യൂട്ടി സമയത്തിനു ശേഷമുള്ള എല്ലാവിത സ്പീകളും  ട്രൈനിങ്ങുകളും ബഹിഷ്‌ക്കരിക്കും.

C). എല്ലാ ഔദ്യോഗിക വട്‌സാപ്പ് ഗ്രൂപ്പകളില്‍ നിന്നും മുഴുവന്‍ അംഗങ്ങളും എക്‌സിറ്റ് ആകും.

സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ സമരപരിപാടികള്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. ജോസഫ് ചാക്കോസ, ജനറല്‍ സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണന്‍, എന്നിവര്‍ പറഞ്ഞു.


 
Keywords: Kasaragod, Kerala, News, COVID-19, Health, Worker, Doctors, Protest,  The number of Covid patients is rising; Health workers tired; KGMOA move to protest

Post a Comment