കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കിയ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന പരാതിക്കും പരിഹാരമാകും: മന്ത്രി കടകംമ്പള്ളി സുരേന്ദ്രന്‍

ബെക്കല്‍:  (www.kasargodvartha.com 14.10.2020)  ലോകത്ത് ഏറെ സാധ്യതയുള്ള ടൂറിസം പൈതൃക ടൂറിസമാണെന്നും അതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തെ ചരിത്രമുറങ്ങുന്ന കേന്ദ്രങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ ബേക്കല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ടൂറിസം കേന്ദ്രങ്ങളേക്കാള്‍ അധികം സമയം ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങളില്‍ ചെലവഴിക്കുന്നു. നാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ആ നാടിന്റെ സാംസ്‌ക്കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവും എല്ലാം ഏറെ ശ്രദ്ധയോടെ അവര്‍ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായാണ് കാസര്‍കോട്ടെ ബേക്കല്‍ കോട്ടയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി നടപ്പിലാക്കിയത്. ഉത്തര കേരളത്തിന്റെ ടൂറിസം മുഖം തന്നെ ബേക്കല്‍ കോട്ടയാണെന്നും 400 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കലെന്നും മന്ത്രി പറഞ്ഞു. 

ദക്ഷിണ കര്‍ണാടകയുടേയും ഉത്തര കേരളത്തിന്റേയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ നാട്ടിലെ കോട്ട സന്തര്‍ശിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നതെന്നും അവര്‍ക്കെല്ലാമായി നൂതന രീതിയിലുള്ള ശബ്ദ വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാന്തകരമായാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. 4 കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണ്‍ എറ്റ് ലൂമിയര്‍ ഉപയോഗിച്ച് ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിന് ശേഷം കോട്ടയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഈ നാടിന്റെ ചരിത്രവും സംസ്‌ക്കാരവും പകര്‍ത്താന്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കാന്‍ കഴിയും. സോണറ്റ് ലൂമിയര്‍ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്നതും ബേക്കല്‍ കോട്ടയിലാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന പരാതിക്കും പരിഹാരമാകുമെന്നം മന്ത്രി കൂട്ടിചേര്‍ത്തു.  

പദ്ധതി യാധാര്‍ത്ഥ്യമാക്കാന്‍ പ്രൊഫസര്‍ സി. ബാലന്‍, ഡോ. ശിവദാസന്‍ എന്നിവരുടെ കൃതികളും ബാഹുബലി ഉള്‍പ്പെടെയുള്ള മെഗാ സിനിമകളുടെ തിരക്കഥാ കൃത്തായ വിജയപ്രസാദിന്റെ ടീമിന്റെ പ്രയത്‌നവും ഈ ഷോയ്ക്ക് ശബ്ദം നല്‍കിയ സിനിമാ താരം ജയറാം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടിസ്ഥാന സൗകര്യങ്ങള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബി എന്‍ എ ടെക്നോളജി കണ്‍സ്ള്‍ട്ടിങും വലിയ പങ്ക് വഹിച്ചുവെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.  ഉദ്ഘാടന വേളയില്‍പിന്നണയിയില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളേയും മന്ത്രി അഭിനന്ദിച്ചു.  

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ടൂറിസം മേഖലയിലൂടെയാകണം ലോകം കോവിഡില്‍ ഭയന്നിരിക്കുകയാണ്. കേരളത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന ടൂറിസം മേഖല കോവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ് ഇപ്പോളെന്നും അപ്പോഴും കോവിഡിനെതിരെ സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അത് ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ഈ സാധ്യത ഉപയോഗപ്പെടുത്തി ഏറ്റവും വേഗത്തില്‍ തിരികെ എത്താന്‍ കഴിയുന്ന മേഖല ടൂറിസം മേഖലയാണെന്നും സംസ്ഥാത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ടൂറിസം രംഗത്തിലൂടെയാകണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് വലിയ 455 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംരംഭകര്‍ക്കും ടൂറിസം ജീവനക്കാര്‍ക്കും ഒരു പോലെതുടങ്ങിയവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഈ സഹായങ്ങളെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സംരംഭകര്‍ക്ക് 25 ലക്ഷം വരെ ലോണ്‍ നല്‍കും. ഇതിന്റെ ഒരു വര്‍ഷത്തെ പലിശയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും.

ടൂറിസം ജീവനക്കാര്‍ക്ക് കേരള ബാങ്കില്‍ നിന്നും 20000 മുതല്‍ 30000 രൂപവരെ കേരള വായ്പ്പ നല്‍കും. 9ശതമാനം പലിശയുള്ള വായ്പ്പയുടെ ആറ് ശതമാനം സര്‍ക്കാര്‍ നല്‍കും. ചുരുങ്ങിയ ദിവസം 1,100 പേര്‍ സര്‍ക്കാറിന്‍രെ ടൂറിസം വായ്പ്പയ്ക്ക് സഹായത്തിനായി അപേക്ഷിച്ചത്. കേന്ദ്ര സംസ്ഥാന ടൂറിസ്റ്റ് വകുപ്പുകളുടെ അംഗീകാരമുളള ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 10000 രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഹൗസ് ബോട്ട അറ്റകുറ്റപ്പണികള്‍ക്ക് 80000 മുതല്‍ 1.25 ലക്ഷം വരെ ധനസഹായം നല്‍കുന്നു. ഹോംസ്റ്റേകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ നികുതി വീട്ടുകരമായി നിലനിര്‍ത്താനുള്ള തീരുമാനവും സംസ്ഥാനസര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ നിരവധി ഹോംസ്റ്റേകള്‍ക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

ഉത്തര മലബാറില്‍ വിവിധങ്ങളായ ടൂറിസം പദ്ധതികളാണ് വകുപ്പ് നടത്തി വരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്രധാനപ്പെട്ട 7 നദികളെ ബന്ധിപ്പിച്ച് നടത്തുന്ന റിവര്‍ ക്രൂയിസ് പദ്ധതി. 325 കോടി രൂപ മുതല്‍ മുടക്കി 7 പുഴകളെ കോര്‍ത്തിണക്കി വരുന്ന ടൂറിസം പദ്ധതിയിലൂടെ 197 കി.മി യാത്ര ചെയ്ത് ഓരോ പ്രദേശത്തെയും സാംസ്‌ക്കരവും പൈതൃകവും കലാരൂപങ്ങളും രുചിഭേതങ്ങളും ലോകത്തിന് പരിചയപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ലൈറ്റ് ആന്റ് സൗണ്ട് ഷോ ടൂറിസം വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു

ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിലവിലുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളില്‍ നിന്ന് വ്യത്യസ്തമായി ഫ്രഞ്ച് സാങ്കേതിക സംവിധാനമായ 'സോണ്‍-എറ്റ്-ലുമിയര്‍' ഉപയോഗിക്കുന്ന ആദ്യത്തെ ഷോ ബേക്കലില്‍ ആണെന്ന കാര്യം ഏറെ അഭിമാനത്തോടെ അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പരിപാടി കണ്ടാസ്വദിച്ചു തിരിച്ചു പോകുന്നവര്‍ക്കായി  അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയില്‍ നിന്ന് മെയിന്‍ റോഡ് വരെയുള്ള പാതയുടെ നവീകരണവും തെരുവു വിളക്കുകള്‍ സ്ഥാപിക്കലും വിനോദ സഞ്ചാര വകുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന കാര്യവും സംസ്ഥാന ടൂറിസം വകുപ്പിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. 

ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. വികസന തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചുവെന്നും  400 വര്‍ഷം മുന്നേ നിര്‍മ്മിക്കപ്പെട്ട ഈ കോട്ടയെ നമുക്ക് പൈതൃക സമ്പത്തായി ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് സാധിക്കണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ എം ല്‍ എ പറഞ്ഞു. 

കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് പസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ മുഖ്യ അതിഥികളായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.പി മോഹന്‍ദാസ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, വാര്‍ഡ് മെമ്പര്‍ ആയിഷ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ് ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ നന്ദിയും പറഞ്ഞു. 

ബേക്കലിന്റെ സൗന്ദര്യം ഇരട്ടിയാക്കാന്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ

ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുമ്പോള്‍ തന്നെ, പ്രശസ്ത റിസോര്‍ട്ടുകളും നിരവധി ഹോംസ്റ്റേകളും ടൂറിസ്റ്റുകള്‍ക്ക് ആതിഥേയത്വം ഒരുക്കുകയും ചെയ്യുന്നു. 

ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ അതുല്യ സ്ഥാനമുള്ള ബേക്കല്‍ കോട്ടയുടെ ചരിത്രം, ദിവസേന കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും നൂതന രീതിയിലുള്ള ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ നയനാനന്ദകരമായി അവതരിപ്പിക്കാനുള്ള പദ്ധതിയാണ് 4 കോടി രൂപ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.  ഫ്രഞ്ച് സാങ്കേതിക സംവിധാനമായ 'സോണ്‍-എറ്റ്-ലുമിയര്‍' സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ലേസര്‍ രശ്മികളുടെയും ഓഡിയോ-വീഡിയോ സജ്ജീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കോട്ട കൊത്തളങ്ങളെയും കോട്ടയിലുള്ള വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കിമാറ്റി സന്ധ്യക്ക് ആരംഭിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം, സൂര്യാസ്തമയ ശേഷം കോട്ടയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇന്നാട്ടിന്റെ കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും അനാവരണം ചെയ്യപ്പെടുന്നതോടൊപ്പം, ആകാംഷയും കൗതുകവും ജനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെ നടപ്പിലാക്കുന്ന ഈ പദ്ധതി നാടിന് സമര്‍പ്പിക്കുന്നതോടെ, ബേക്കല്‍ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന ദീര്‍ഘനാളായ പരാതിക്ക് പരിഹാരം ആവുകയും ചെയ്യുകയാണ്.


Keywords: News, Kerala, Kasaragod, Bekal, Tourism, Minister, Inauguration,  Bekal Light and Sound Show inaugurated Minister Kadakampally Surendran
 

Post a Comment

Previous Post Next Post