തിരുവനന്തപുരം: (www.kasargodvartha.com 08.09.2020) റേഷൻകാർഡുടമകൾക്ക് സപ്ലൈകോ വഴി ഓണത്തിന് വിതരണം ചെയ്ത കിറ്റിലെ പപ്പടത്തിന് ഗുണനിലവാരം ഇല്ലെന്ന് കണ്ട് പപ്പട കമ്പനിക്ക് വിലക്കേർപ്പെടുത്തി. ഒരുമാസത്തേക്ക് ലേലത്തിൽ പങ്കെടുക്കുന്നതിൽ മാത്രമാണ് വിലക്ക്.
പപ്പടത്തിൽ ഈർപ്പത്തിന്റെയും, സോഡിയം കാർബണേറ്റിന്റെയും അളവും ക്ഷാരാംശവും അനുവദനീയമായതിലും കൂടുതലാണെന്ന് കോന്നി കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആൻറ് ഡെവലപ്പ്മെൻ്റ് (സിഎഫ്ആർഡി) നടത്തിയ പരിശോധയിൽ കണ്ടെത്തിയിരുന്നു. ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകി വന്നത്. ഓണക്കിറ്റിലെ ശർക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നിരിക്കെ ഓണക്കിറ്റിലെ പപ്പടത്തിൽ ഈർപ്പം 16.06 എന്ന ഉയർന്ന ശതമാന കണക്കാണെന്ന് കണ്ടെത്തിയിരുന്നു. 2.3 ശതമാനത്തിനുള്ളിലായിരിക്കേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി എച്ച് മൂല്യം 8.5 ൽ കൂടരുതെന്നാണ്. എന്നാൽ സാംപിളുകളിൽ ഇത് 9.20 ആണ്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം ഓണ കിറ്റുകളിലെ പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് പുറത്ത് വന്നത്. ഇതിന് ശേഷം വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് എത്തിച്ചത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് ഉഴുന്നിന്റെ അംശം തീരെയില്ലാത്ത തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫീസിൽ നൽകണമെന്നും അറിയിച്ചട്ടുണ്ട്. 81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടത്. എന്നാൽ കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചു കഴിഞ്ഞതിനാൽ തിരിച്ചെടുക്കൽ നടക്കില്ല.
Keywords: Kasaragod, Thiruvananthapuram, Kerala, News, ONAM-2020, Ration Shop, The pappadam in the kit distributed for Onam is of poor quality; Quality Assurance Section for urgent recall