മംഗളുരു: (www.kasaragodvartha.com 05.09.2020) സാധാരണക്കാരുടെ അറിവില്ലായ്മ ആയുധമാക്കി എടിഎം കാർഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതിൽ വിദഗ്ധനായ ആൾ അറസ്റ്റിൽ. ഹലഗുരുവിനടുത്തുള്ള ചിക്ക ഇലചെഗെരെ ഗ്രാമത്തിൽ താമസിക്കുന്ന മധു (32) വിനെയാണ് കനകപുര താലൂക്കിലെ സത്താനൂർ സ്റ്റേഷൻ പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. കർഷകരും കൂലിവേല ചെയ്യുന്നവരുമായ നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
എ ടി എം മെഷീനുകളിൽ നിന്ന് പണം എടുക്കാൻ ആളുകളെ സഹായിക്കുകയെന്ന വ്യാജേന, അവരുടെ പിൻ നമ്പറുകൾ ഇയാൾ മനസ്സിലാകുകയും പണം പിൻവലിച്ച ശേഷം സമാനമായ രൂപത്തിലുള്ള എ ടി എം കാർഡ് ആളുകൾക്ക് കൈമാറുകയും ചെയ്‌തിരുന്നു. അവർ പോയിക്കഴിഞ്ഞാൽ, ഈ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കും. ഈ രീതിയിൽ പണവും കാർഡുകളും പലർക്കും നഷ്ടപ്പെട്ടിരുന്നു.
ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് നിലവിൽ സത്തനൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. പോലീസ് സബ് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ് എ ടി എം കാർഡുകളും 28,000 രൂപയും മോട്ടോർ ബൈക്കും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Karnataka, News, ATM, ATM Cards, Cheating, Youth, Arrest, Police, Investigation, Case, Bike, Man who en-cashed innocence of ATM cardholders held.