കാസർക്കോട്: (www.kasargodvartha.com 16.09.2020) കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, പുന്നപ്രവയലാർ സമര സഖാക്കളും കോൺഗ്രസ്, പി എസ് പി, മുസ് ലിം ലീഗ് പാർട്ടിയിലെ ഉശിരന്മാരും നിറതോക്കിന് മുന്നിൽ നെഞ്ചുവിരിച്ച് മട്ടാഞ്ചേരിയിലെ തിരമാലകൾക്ക് ചോരനിറം പകർന്ന ധീരത അനാവരണം ചെയ്യുന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. 1953 സെപ്റ്റംബർ 15നായിരുന്നു ആ സംഭവം.
തുറമുഖത്തെ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത തൊഴിലാളികളെ മട്ടാഞ്ചേരിയിൽ വെടിവെച്ചു കൊന്ന ചരിത്രമാണ് കാസർക്കോട് ജില്ലയിലുൾപ്പെടെ പത്രപ്രവർത്തനം നടത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി തന്റെ 'അടയാളം' പുസ്തകത്തിൽ പറയുന്നത്. പുസ്തക പ്രകാശനം മുതിർന്ന കമ്യൂണിസ്റ്റു നേതാവ് എം എം ലോറൻസ് നിർവ്വഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ ജെ മാക്സി എം എൽ എ ഏറ്റുവാങ്ങി.
ജോൺ ഫെർണാണ്ടസ് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രണത ബുക്സാണ് പ്രസാധകർ. സമരത്തിന്റെ എഴുപത്തിയഞ്ചാം ദിവസമായിരുന്നു വെടിവെപ്പ്. സൈത്, സൈതാലി, ആന്റണി എന്നിവർ രക്തസാക്ഷികളാവുകയും നൂറ് കണക്കിനുപേർ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്തു. പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങൾ അനാവരണം ചെയ്യാൻ ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുണ്ട്.
കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, പുന്നപ്ര വയലാർ സമരങ്ങളിൽ പങ്കെടുത്ത് മട്ടാഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞവരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും കൈകൾ കോർത്തുനിന്ന് നടത്തിയ സമരമായിരുന്നു മട്ടാഞ്ചേരിയിലേത്.
ടി എം അബു, ജോർജ് ചടയംമുറി, പി ഗംഗാധരൻ, എം എൻ താചൊ, കെ എച്ച് സുലൈമാൻ മാസ്റ്റർ, എം കെ രാഘവൻ, എ എ കൊച്ചുണ്ണി, ടി പി പീതാംബരൻ മാസ്റ്റർ, ജി എസ് ധാരാസിംഗ് എന്നിവർ നേതൃത്വം കൊടുത്ത സമരമായിരുന്നു അതെന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്.
Keywords: Book, Congress, CPIM, Ernakulam, Kochi, Leader, Muslim-league, Press Club, Story, 'Adayaalam' book which tells the story of Mattancherry revolt released