കണ്ണൂരില്‍ നിന്നൊരു സന്തോഷ വാര്‍ത്ത: കോവിഡ് രോഗിയായ യുവതി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

കണ്ണൂരില്‍ നിന്നൊരു സന്തോഷ വാര്‍ത്ത: കോവിഡ് രോഗിയായ യുവതി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

കണ്ണൂര്‍: (www.kasargodvartha.com 01.08.2020) കോവിഡില്‍ രാജ്യമെങ്ങും ഭീതിപൂണ്ടു നില്‍ക്കവേ കണ്ണൂരില്‍ നിന്നുമൊരു സന്തോഷ വാര്‍ത്ത. കോവിഡ് രോഗബാധിതയായ യുവതി  ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ച് പരിയാരത്തെ കണ്ണൂര്‍  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കണ്ണൂര്‍ താഴെചൊവ്വ സ്വദേശിനിയായ യുവതിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
Kannur, News, Kerala, COVID-19, Medical College, Treatment, Delivered, Birth, Covid patient give birth to twins

അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കോവിഡ് രോഗി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. പരിയാരം ആശുപത്രിയില്‍ തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗി പ്രസവിച്ചതും. പരിയാരത്ത് ഇതുവരെ നടന്ന പ്രസവത്തില്‍ ഒന്നും കുട്ടികള്‍ക്ക് കൊവിഡ് ബാധയുണ്ടായിട്ടില്ല. ഇപ്പോള്‍ ജനിച്ച കുട്ടികളുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1386 ആയി. ഇവരില്‍ 925 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. പാലയാട് സിഎഫ്എല്‍ ടി സി യി ല്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 34-കാരന്‍, പാനൂര്‍ സ്വദേശികളായ 25-കാരന്‍, 52-കാരന്‍, തലശേരി സ്വദേശി 39-കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 21-കാരന്‍, 20-കാരന്‍, 14-കാരന്‍, ആര്‍മി ആശുപത്രിയിലും, ആര്‍മി സി എഫ് എല്‍ടി സിയിലും, കേന്ദ്രീയ വിദ്യാലയത്തിലുമായി ചികില്‍സയിലായിരുന്ന 28 ഡിഎസ്സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ആശുപത്രി വിട്ടത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 30598 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29304 എണ്ണത്തിന്റെ ഫലം വന്നു. 1294 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


Keywords: Kannur, News, Kerala, COVID-19, Medical College, Treatment, Delivered, Birth, Covid patient gives birth to twins