ഭരണകക്ഷി നേതാവിൻ്റെ തയ്യൽ കട തുറന്നില്ലെങ്കിൽ ഹൈമാസ്‌ ലൈറ്റ് പ്രകാശിക്കില്ല; ലൈറ്റിന്റെ ടൈമർ കേടായി; വൈദ്യുതി വിതരണം അല്ലാതെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ ആവില്ലെന്ന് വൈദ്യുതി ഓഫീസ്; വിവാദം കൊഴുക്കുന്നു

ഭരണകക്ഷി നേതാവിൻ്റെ തയ്യൽ കട തുറന്നില്ലെങ്കിൽ ഹൈമാസ്‌ ലൈറ്റ് പ്രകാശിക്കില്ല; ലൈറ്റിന്റെ ടൈമർ കേടായി; വൈദ്യുതി വിതരണം അല്ലാതെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ ആവില്ലെന്ന് വൈദ്യുതി ഓഫീസ്; വിവാദം കൊഴുക്കുന്നു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.08.2020) വെസ്റ്റ്‌ എളേരി പഞ്ചായത്ത് പുങ്ങംചാലിൽ സ്ഥാപിച്ച ഹൈമാസ്‌ ലൈറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു.

ഭരണ കക്ഷി നേതാവിന്റെ തയ്യൽ കടതുറന്നാൽ മാത്രമേ ലൈറ്റ് പ്രകാശിപ്പിക്കുന്നുള്ളു എന്നാണ് ആക്ഷേപം.

വൈദ്യുതി വിതരണം അല്ലാതെ ലൈറ്റ് പ്രവർത്തിക്കുന്നതിൽ ഇടപെടാൻ ആവില്ലെന്നാണ് ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിയറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ഒരു വർഷം മുൻപ് എം രജഗോപാലൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത്‌ പുങ്ങംചാൽ പാലത്തിനു സമീപം ചീർക്കയം റോഡിൽ ഹൈമാസ്‌ ലൈറ്റ് സ്ഥാപിച്ചത്.

വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ടൈമർ സംവിധാനത്തോടെ പ്രവർത്തിച്ചിരുന്ന ലൈറ്റ് കുറേ ദിവസങ്ങളിലായി പ്രകാശിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ലൈറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ടൈമർ സംവിധാനം തകരാറിലായതിനാലാണ് ഹൈമാസ്‌ ലൈറ്റിന്റെ പരസഹായം കൂടാതെയുള്ള പ്രവർത്തനത്തിന് തടസ്സമായത്.

ടൈമറിന്റെ തകരാർ പരിഹരിക്കാൻ മാസങ്ങളായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.വൈദ്യുതി വിതരണ കാര്യത്തിൽ അല്ലാതെ ലൈറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു വിധ ഇടപെടലുകളും നടത്താൻ ആവില്ലെന്നും കഴിഞ്ഞ ദിവസം മീറ്റർ റീഡിംഗ് എടുക്കാൻ എത്തിയ ഉദ്യോഗസ്ഥന് പാനൽ ബോർഡിന്റെ താക്കോൽ ലഭിക്കാത്തതിനാൽ റീഡിംഗ് എടുക്കുവാൻ സാധിച്ചില്ല എന്നും ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിയർ കാസർകോട് വാർത്തയോട് പറഞ്ഞു.

പൂർണ്ണമായും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ലൈറ്റ് സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നത് ഭരണ കക്ഷി പാർട്ടിയിലെ നേതാവിന്റെ തയ്യൽ കട തുറക്കുന്നതിനെ ആശ്രയിച്ചാണ്.

ടൈമർ സംവിധാനം കേടായ സാഹചര്യത്തിൽ മാനുവൽ നിലയിൽ ലൈറ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കും. ലൈറ്റിന്റെ പാനൽ ബോർഡ് തുറക്കാനുള്ള താക്കോൽ ഈ നേതാവിന്റെ കടയിൽ ആണ് സൂക്ഷിക്കുന്നത്.

കോൺഗ്രസ്സ് പാർട്ടിക്കും ബി ജെ പി ക്കും ഒരുപോലെ സ്വാധീനമുള്ള പുങ്ങംചാലിൽ ലൈറ്റ് സ്ഥാപിച്ചത് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാൽ ഇതിന്റെ പൂർണ്ണ അവകാശം തങ്ങൾക്കാണ് എന്ന അവകാശവാദം ഇവർ ഉന്നയിക്കുന്നുവെന്നും അതിനാലാണ് ലൈറ്റ് പ്രവർത്തിപ്പിക്കാനുള്ള താക്കോൽ ഭരണ കക്ഷി നേതാവിന്റെ കടയിൽ സൂക്ഷിക്കുന്നത് എന്നുമാണ് കോൺഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കളുടെയും ആരോപണം.


എന്നാൽ പഞ്ചായത്തിന്റെ പൊതു മുതലായ പുങ്ങംചാലിലെ ഹൈമാസ്‌ ലൈറ്റ് യാതൊരു വിധ കേടും കൂടാതെ കാത്തു സൂക്ഷിക്കുന്നുണ്ടെന്നും നാടിന്റെ പ്രകാശമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭരണ കക്ഷി നേതാക്കൾ പറയുന്നു.

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ലൈറ്റിന്റെ ടൈമർ ഒരുവർഷത്തിനുള്ളിൽ തന്നെ കേടായത് നിലവാരം കുറഞ്ഞ ലൈറ്റ് സംവിധാനം ആയതിനാലാണ് എന്നും ഈ ഇനത്തിൽ വ്യാപകമായ അഴിമതി പഞ്ചായത്തിൽ നടന്നിട്ടുണ്ടെന്നും എതിർ വിഭാഗം ആരോപിക്കുന്നു.

എം രാജഗോപാലൻ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്‌ ലൈറ്റ് 2018 -നവംബർ മൂന്നിനാണ് പ്രകാശിച്ചു തുടങ്ങിയത്‌.

ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജനായിരുന്നു അന്ന് നിർവ്വഹിച്ചത്.Keywords: Kasaragod, Vellarikundu, Kerala, News, Lights, Panchayath, MLA, Controversy is raging over the operation of the High mass Light installed at Pungamchal in West Eleri Panchayath