കാസര്‍കോട്ട് ഒമ്പതാമത്തെ കോവിഡ് മരണം; നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 55 കാരി മരിച്ചു

കാസര്‍കോട്ട് ഒമ്പതാമത്തെ കോവിഡ് മരണം; നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 55 കാരി മരിച്ചു


മഞ്ചേശ്വരം: (www.kasargodvartha.com 31.07.2020) കാസര്‍കോട്ട് ഒമ്പതാമത്തെ കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 55 കാരി മരിച്ചു. മഞ്ചേശ്വരത്തിന് സമീപത്തെ ഖദീജ (55) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് ഇവരെ നെഞ്ചുവേദന തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇവിടെ ഒന്നര മണിക്കൂറോളം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച ശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ ഇവര്‍ മരണപ്പെട്ടു. മരണ ശേഷം നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇവര്‍ക്ക് എങ്ങനെയാണ് കോവിഡ് പിടിപെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബദീജയുടെ മരണശേഷം സ്വകാര്യ ആശുപത്രി വരാന്തയില്‍ ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞാണ് വെച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ എഫ് ഇക്ബാര്‍ ആരോപിച്ചു. പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ മാത്രമാണ് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പി പി കിറ്റ് പോലും ധരിക്കാതെയാണ് ആശുപത്രി ജീവനക്കാര്‍ മൃതദേഹം കൈകാര്യം ചെയ്തതെന്നും ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊസോട്ട് ജുമാ മസജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മഞ്ചേശ്വരത്തെ യൂത്ത് ലീഗ് വൈറ്റ്ഗാഡ് പ്രവര്‍ത്തകരാണ് സംസ്‌ക്കാരത്തിന് വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ചത്. പരേതനായ മുഹമ്മദ് - ആസ്യൂമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ആമിന, മുഹമ്മദ് ഹനീഫ്. മരുമക്കള്‍: അഷറഫ്, നൗഷീന. സഹോദരങ്ങള്‍: സലീം, ഗഫൂര്‍, റഹീം

Manjeshwaram, news, Kerala, kasaragod, Death, COVID-19, hospital, One more covid death in Kasargod

Keywords: Manjeshwaram, news, Kerala, kasaragod, Death, COVID-19, hospital, One more covid death in Kasargod