Join Whatsapp Group. Join now!
Aster MIMS 10/10/2023

മെട്രോയേക്കാൾ വേഗതയിൽ ഹാജിക്ക പോയി

മെട്രോ ഹാജി എന്ന മെട്രോ മുഹമ്മദ് ഹാജിയെ ഭൂമിയിലെ തൻ്റെ ജീവിതത്തിന് അന്ത്യംകുറിച്ച് സ്രഷ്ടാവായ തമ്പുരാൻ തിരികെ വിളിച്ചിരിക്കുന്നു Kerala, Article,mohmmed haji passed away faster than metro
സലാം കന്യപ്പാടി

(www.kasargodvartha.com 13.06.2020) മെട്രോ ഹാജി എന്ന മെട്രോ മുഹമ്മദ് ഹാജിയെ ഭൂമിയിലെ തൻ്റെ ജീവിതത്തിന് അന്ത്യംകുറിച്ച് സ്രഷ്ടാവായ തമ്പുരാൻ തിരികെ വിളിച്ചിരിക്കുന്നു. ഉത്തരമലബാറിന് തന്നെ തീരാനഷ്ടമാണ് അകാലത്തിലെ ഈ കൊഴിഞ്ഞുപോക്ക്.


കേവലം അറുപത്തിയൊൻപത് വര്‍ഷം മാത്രം ജീവിച്ച് സംവല്‍സരങ്ങളുടെ കര്‍മ്മങ്ങള്‍ ചെയ്താണ് അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍. തൊട്ടമേഖലയിലെല്ലാം കനകം വിളയിച്ച് നിരാലംബരേയും നിരാശ്രയരേയും ചേര്‍ത്തുപിടിച്ച ആ കൈകള്‍ നിശ്ചലമാവുമ്പോൾ ലോകം മുഴുവനും കണ്ണീര്‍ വാര്‍ക്കുകയാണ്. അസുഖബാധിതനായി രണ്ടാഴ്ച മുന്‍പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഇങ്ങോട്ട് ലോകമെങ്ങുമുള്ള സ്നേഹജനങ്ങളാകെ പ്രാർത്ഥനയിലായിരുന്നു. ആ ഹൃദയമിടിപ്പിന് വേണ്ടി തേങ്ങുകയായിരുന്നു. പക്ഷേ 'കുല്ലു നഫ്സിന്‍ ദാഇകത്തുല്‍ മൗത്ത് ' - ഏതൊരു ശരീരവും മരണം രുചിക്കുക തന്നെ ചെയ്യും -ഖുര്‍ആനിക വചനം കാതില്‍ മുഴങ്ങുന്നു... എങ്കിലും ഇത്രപെട്ടെന്ന് അദ്ദേഹം പോകുമെന്ന് കരുതിയിരുന്നില്ല, ആരോഗ്യവാനായിരുന്നുവല്ലോ.... മരണത്തിന്‍റെ കാലൊച്ചകള്‍ അദ്ദേഹത്തെ ചുറ്റിപറ്റിയിരുന്നതിന്‍റെ ഒരു സൂചനകള്‍ പോലും ഉണ്ടായിരുന്നില്ലല്ലോ.....

എങ്ങിനെയാണ് ഈ അനുസ്മരണ കുറിപ്പ് മുഴുമിപ്പിക്കേണ്ടത്... എന്താണ് എഴുതേണ്ടത്....കൈകള്‍ വിറയ്ക്കുകയാണ്.....

ഇത് മുസ്ലിം ലീഗിന്‍റെ മാത്രം നഷ്ടമല്ല, ഒരു സമുദായത്തിന്‍റെ മാത്രം നഷ്ടമോ അല്ല... മലയാളികളുടെ മൊത്തം നഷ്ടമായി മാത്രം ചുരുക്കാനുമാവില്ല. അദ്ദേഹത്തിന്‍റെ സഹായങ്ങള്‍ കൈപറ്റുന്ന ദരിദ്രരാജ്യങ്ങളായ ആഫ്രിക്കന്‍ കുഗ്രാമങ്ങളില്‍ നിന്നുപോലും  ആകാശത്തേക്കുയര്‍ത്തിയ അനേകം കൈകള്‍ മെട്രോ ഹാജിയുടെ രോഗശമനത്തിനായ് കേഴുന്ന കാഴ്ചകള്‍ സമൂഹ മാധ്യമങ്ങളിൽ നാം കണ്ടു....

എത്രയെത്ര സ്ഥാപനങ്ങളാണ് അദ്ദേഹത്തിന്‍റെ കാരുണ്യമനസ്കതയിലും ഉദാരവായ്പിലും  പടുത്തുയര്‍ത്തപ്പെട്ടത്. അനേകമനേകം അനാഥമക്കള്‍ ഈ തണലിലായിരുന്നുവല്ലോ....
ഇല്ലായ്മയും വല്ലായ്മയും വേവലാതികളും പറഞ്ഞുചെല്ലാന്‍ നോര്‍ത്ത് ചിത്താരിയിലെ വസതിയില്‍ പൂനിലാവ് വിരിയുന്ന മുഖത്തോടെ മെട്രോ ഹാജിയെന്ന സൂര്യതേജസ്സ് ഉണ്ടായിരുന്നു. പലര്‍ക്കും വെളിച്ചമേകിയ ആ സൂര്യപ്രഭ അസ്തമിച്ചു പോയിരിക്കുന്നു. ആശ്രയം പറ്റുന്ന അനേകരെ അനാഥരാക്കികൊണ്ടുള്ള ഈ വിടവ്, ഒരു നാടിനേയാകെ കരയിപ്പിച്ചുള്ള അങ്ങയുടെ യാത്ര.....
നാടെങ്ങിനെ സഹിക്കും എങ്ങിനെ നികത്തും ഈ വിടവ്....?

മനുഷ്യ സ്നേഹിയായ മഹാമനീഷിയുടെ  കര്‍മ്മങ്ങൾ, സുകൃതങ്ങള്‍ ആദ്ദേഹത്തിന്‍റെ  പരലോക ജീവിതത്തിൽ വെളിച്ചമായും  വിചാരണനാളില്‍ തുലാസിലെ നന്‍മയുടെ തട്ടിലെ കനമായും ജന്നാത്തുല്‍ ഫിര്‍ദൗസ് എന്ന ഉന്നത പദവിയായും നാഥന്‍ തിരികെ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.

കുടുബത്തിനും നാടിനും സമുദായത്തിന് തന്നേയും ക്ഷമിക്കാനുള്ള ശക്തിയും പകരം സംവിധാനവും നല്‍കി നാഥന്‍  അനുഗ്രഹിക്കുമാറാവട്ടെ,,, ആമീൻ
Kerala, Article,  mohmmed haji passed away faster than metroKeywords: Kerala, Article,  mohmmed haji passed away faster than metro