Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇളവുകള്‍ ദുരുപയോ​ഗം ചെയ്യുന്നു; ജനങ്ങള്‍ കൂട്ടംകൂടുന്നത് അനുവദിക്കാനാകില്ല, നടപടി കടുപ്പിക്കും: മുഖ്യമന്ത്രി

ജനങ്ങള്‍ കൂട്ടംകൂടുന്നത് അനുവദിക്കാനാകില്ല, നടപടി കടുപ്പിക്കും: മുഖ്യമന്ത്രി will not allow anyone to violate lockdown orders
തിരുവനന്തപുരം: (www.kasargodvartha.com 26.05.2020)  ലോക്ക്ഡൗണിൽ ഇളവു നല്‍കിയതോടെ സംസ്ഥാനത്ത് പലയിടത്തും ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായെന്നും ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളവുകൾ ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഉടലെടുത്തിട്ടുണ്ട്. പലയിടങ്ങളിലും ആൾക്കൂട്ടം ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇത് അനുവദിക്കാനാകില്ല. ഇത്തരം ദുരുപയോഗം തുടർന്നാൽ നടപടി കടുപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മരണാനന്തര ചടങ്ങിന് 20 പേരേ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതില്‍ കൂടുതല്‍പേര്‍ പലഘട്ടങ്ങളിലായി മരണവീട്ടില്‍ കയറി ഇറങ്ങുന്ന സാഹചര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹത്തിന് 50പേര്‍ക്കാണ് അനുമതി. ഇത് ലംഘിച്ച്‌ വിവാഹത്തിനു മുന്‍പും ശേഷവും ആളുകള്‍ കൂടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരും. വാഹനങ്ങളില്‍ നിയന്ത്രണം ലംഘിച്ച്‌ ആളുകളെ കയറ്റുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.


Pinarayi Vijayan Kerala Chief Minister

ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കണം. പിപിഇ കിറ്റുകള്‍ ധരിക്കാതെ രോഗികളുമായി ഇടപഴകരുത്. പൊലീസ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. എന്നാല്‍, നിയന്ത്രണം നടപ്പിലാക്കുമ്പോൾ ജനങ്ങള്‍ക്ക് ജീവനോപാധിക്ക് ഇളവുകള്‍ നല്‍കേണ്ടതുണ്ട്. ജനങ്ങളെ ജനപ്രതിനിധികള്‍ ബോധവത്കരിക്കണം. ഒറ്റ മനസോടെ ഇറങ്ങിയാല്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്ന‌ും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Summary: will not allow anyone to violate lockdown orders