Join Whatsapp Group. Join now!
Aster MIMS 10/10/2023

നയനാര്‍ നര്‍മ്മം വിതറിയ ജനനായകന്‍, മാധ്യമപ്രവര്‍ത്തകന്‍

ഇന്ന് മെയ് 19 ഇ കെ നായനാര്‍ ദിനമാണ്. അന്ന് കാസര്‍കോട് വിദ്യാനഗറില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിച്ചു നില്‍ക്കെ വേദിയിലേക്ക് തിരിഞ്ഞു Article, Top-Headlines, Trending, EK Nayanar, DYFI, police, PV Krishnan, Article about EK Nayanar by Soopy Vanimel
സൂപ്പി വാണിമേല്‍

(www.kasargodvartha.com 19.05.2020) ഇന്ന് മെയ് 19 ഇ കെ നായനാര്‍ ദിനമാണ്. അന്ന് കാസര്‍കോട് വിദ്യാനഗറില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിച്ചു നില്‍ക്കെ വേദിയിലേക്ക് തിരിഞ്ഞു നോക്കി  ഇ.കെ.നായനാര്‍ ചോദിച്ചു,'ഇവിടുന്ന് മുള്ളേരിയക്ക് ബസ്സിന് പോയാല്‍ എപ്പോള്‍ തിരിച്ചെത്തും കുഞ്ഞിരാമാ?' അപ്രതീക്ഷിത ചോദ്യം അന്നത്തെ പാര്‍ട്ടി ജില്ല സെക്രട്ടറി കെ.കുഞ്ഞിരാമനെ വിഷമത്തിലാക്കി. 'കണ്ടാ,ഓന് ഉത്തരമില്ല. ഓനല്ല ആര്‍ക്കും പറയാനാവൂലെടോ.എത്തുമ്പോള്‍ എത്തും അത്ര തന്നെ'-നായനാര്‍ തുടര്‍ന്നു.അദ്ദേഹത്തിലെ മാധ്യമപ്രവര്‍ത്തകനെയാണ് ആ നേരം മുന്നില്‍ കണ്ടത്. ജില്ലയിലെ യാത്രാക്ലേശങ്ങളെക്കുറിച്ച് വാര്‍ത്തകളും ഫീച്ചറുകളും തയ്യാറാക്കാന്‍ അത് പ്രചോദനമായി.

അതിരാവിലെ ദേശാഭിമാനി, തുടര്‍ന്ന് ദ ഹിന്ദു, ശേഷം മറ്റു പത്രങ്ങള്‍ വായിക്കുന്നതായിരുന്നു നായനാരുടെ ശീലം.കാസര്‍ക്കോട്ട് ആ ശീലത്തിന്റെ ഇരയായത് ദ ഹിന്ദു ലേഖകനായിരുന്ന പുഷ്പരാജ്.ഗസ്റ്റ്ഹൗസില്‍ രാവിലെ 10ന് വാര്‍ത്ത സമ്മേളനം വിളിച്ചു.ചോദ്യങ്ങളിലേക്ക് കടന്നപ്പോള്‍ പുഷ്പരാജ് വേറിട്ടത് ഉന്നയിച്ചു.സംസ്ഥാന, ദേശീയ നേതാക്കളോട് പോലും പ്രാദേശിക വിഷയങ്ങള്‍ ചോദിക്കുന്നതായിരുന്നു നടപ്പ് ദീനം.

ചോദ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട നായനാര്‍ ഏതാ കടലാസ് എന്ന പതിവ് ശൈലി വിട്ട്  ഏതാണ് പത്രം എന്ന് തിരിച്ചു ചോദിച്ചു.പത്രത്തിന്റെ പേര് പറഞ്ഞപ്പോള്‍ മറുപടി ഇങ്ങിനെയായിരുന്നു-'അതിനുള്ള ആന്‍സര്‍ നിങ്ങളുടെ ന്യൂസ് പേപ്പറില്‍ ഫിഫ്ത്ത് പേജില്‍ സിക്‌സ് കോളത്തില്‍ ഉണ്ട്.യൂ പ്ലീസ് റീഡ്,ദെന്‍ ആസ്‌ക് ക്വസ്‌റ്റൈന്‍സ്!'
പുഷ്പരാജ് അന്നത്തെ ദ ഹിന്ദു വായിച്ചിരുന്നില്ല.
ബനിയന്‍ വേഷത്തില്‍ പത്രസമ്മേളനം നടത്തുന്ന നായനാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു.

മാധ്യമം പത്രം വെള്ളിമാട് കുന്നിന്‍ ഒരുക്കിയ ചടങ്ങില്‍ കുല്‍ദീപ് നയാര്‍ വൈക്കം മുഹമ്മദ് ബഷീറിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.ആ ചടങ്ങില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന നായനാര്‍ക്കായി സജ്ജീകരിച്ച കസേര ഒഴിഞ്ഞു തന്നെ കിടന്നു.അദ്ദേഹം വിളിപ്പാടകലെ വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു.ജമാഅത്തെ ഇസ് ലാമിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ നയ,നിലപാടുകളെക്കുറിച്ച ആശങ്കയായിരുന്നു വേദി പങ്കിടാതിരിക്കാന്‍ കാരണം.അധിക നാള്‍ കഴിയും മുമ്പ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ വേളയില്‍ മാധ്യമം കാഞ്ഞങ്ങാട് ഓഫീസില്‍ കയറിവന്ന അദ്ദേഹം ലേഖകന്‍ ടി.മുഹമ്മദ് അസ് ലം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കുകയും തുടര്‍ന്നുള്ള കാലം പത്രവുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

പരിചയപ്പെട്ട വേളയില്‍'മാടായിക്കാരന്റെ പത്രം'അല്ലേ എന്ന കുശലത്തിലൂടെ നായനാര്‍ പ്രകടിപ്പിച്ചത് വി.കെ.ഹംസ സാഹിബുമായുള്ള സൗഹൃദമായിരുന്നു. ക്രൗഡ്പുള്ളറായിരുന്നുവല്ലോ നായനാര്‍.ഏത് പാര്‍ട്ടിക്കാരനും എത്രനേരവും കേട്ടിരിക്കുമായിരുന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ ഇംഗ്ലീഷ് മസാല ചേര്‍ത്ത തനി നാടന്‍ പ്രയോഗങ്ങളോടെ വിളമ്പിയ വിഭവം. ജനകീയ പദ്ധതികളെ എടുത്തു കാണിക്കാന്‍ അദ്ദേഹം ഒട്ടും അമാന്തിച്ചിരുന്നില്ലെന്നതിന്റെ അടയാളമായിരുന്നു മുന്‍ കേന്ദ്രമന്ത്രി മംഗളൂറുവിലെ ജനാര്‍ദ്ദന പൂജാരിയെ 'മണിമുട്ടി പൂജാരി'എന്ന് പരിഹസിച്ച പ്രസംഗങ്ങള്‍.പൂജാരി അന്ന് നടത്തിയ വായ്പാ മേളകള്‍ പാവങ്ങള്‍ക്ക് തുണയായ ജനകീയ പരിപാടിയായിരുന്നു.കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പദ്ധതിയെ വിമര്‍ശിക്കുക എന്ന രാഷ്ട്രീയ ദൗത്യത്തിനൊപ്പം അതിന് പ്രചാരണം നല്‍കുക കൂടിയായിരുന്നു നായനാര്‍.



മറ്റെന്തിനേക്കാളും പാര്‍ട്ടിയെ വലുതായി കണ്ട ആ നേതാവിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് കോഴിക്കോട് ജില്ലയിലെ വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച കേളുവേട്ടന്‍ (എം.കെ.കേളു)അനുശോചന യോഗത്തിലായിരുന്നു.വേദിയിലിരുന്ന നായനാര്‍ പൊട്ടിക്കരഞ്ഞ രംഗം ഇന്നായിരുന്നെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഗോള വൈറലായേനെ.

ഭരണതലങ്ങളിലെ കാര്‍ക്കശ്യവും പാര്‍ട്ടി വിധേയത്വവും മുഖ്യമന്ത്രിയായ വേളകളില്‍ അദ്ദേഹം പ്രകടിപ്പിച്ചു. പ്രിയ സഖാവ് ശാരദ ടീച്ചറുടെ വാക്കുകള്‍ക്ക് അദ്ദേഹം കല്പിച്ച വിലയുടെ വരദാനമാണ് കേരളത്തില്‍ യു.ഡി.എഫ് രാഷ്ട്രീയത്തിലെ പ്രമുഖന്‍.മുഖ്യമന്ത്രിയെ കല്ല്യാശ്ശേരിയിലെ വീട്ടില്‍ ചെന്നു കണ്ട് ദീര്‍ഘനേരം സംസാരിച്ചിട്ടും മനസ്സിളകാതെ എഴുന്നേറ്റ നായനാര്‍ കാലുകള്‍ പിറകോട്ട് വലിച്ച് പ്രശ്‌നത്തില്‍ ഇടപെടാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് നിര്‍ദ്ദേശം നല്‍കിയത് ടീച്ചറുടെ വാക്കുകള്‍ മുഖവിലക്കെടുത്തായിരുന്നു.

പ്രതിപക്ഷ നേതാവായ നായനാരുടെ വാക്കൂക്കില്‍ കാസര്‍കോട് സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടറായിരുന്ന പുലിക്കോടന്‍ നാരായണന്‍ വിറച്ചു പോയിരുന്നു.മന്ത്രി കെ.പി.നൂറുദ്ദീനെ വഴിതടഞ്ഞ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മാന്യയിലെ ബാലകൃഷ്ണന്‍ രക്തസാക്ഷിയായതിനെത്തുടര്‍ന്നായിരുന്നു  അത്.കാസര്‍ക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തിയ നായനാര്‍ ചോദിച്ചത്,വെടിവെക്കാന്‍ ആര് ഉത്തരവിട്ടു എന്നായിരുന്നു.വെടിയുണ്ട തറച്ചത് മുട്ടിന് താഴെ അല്ലാത്തതിനാല്‍ കൊല്ലണം എന്ന ഉന്നത്തോടെയാണ് കാഞ്ചി വലിച്ചത് എന്ന ആരോപണവും. അപ്രതീക്ഷിത സംഭവമായിരുന്നതിനാല്‍ വെടിവെപ്പ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ഔദ്യോഗിക നടപടികള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് അത്തരം രേഖകള്‍ ശരിയാക്കും മുമ്പായിരുന്നു നായനാരുടെ ശരങ്ങള്‍.

പടങ്ങള്‍: കടപ്പാട്-കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍.



Keywords: Article, Top-Headlines, Trending, EK Nayanar, DYFI, police, PV Krishnan, Article about EK Nayanar by Soopy Vanimel
  < !- START disable copy paste -->