അശരണര്‍ക്ക് കൈത്താങ്ങാകാന്‍ കാസര്‍കോട്ടെ വ്യവസായി അഷ്‌റഫ് നായന്മാര്‍മൂല; സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 02.04.2020) ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കാന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള പദ്ധതിയുമായി കാസര്‍കോട്ടെ വ്യവസായി അഷ്‌റഫ് നായന്മാര്‍മൂല. വന്‍കിടക്കാര്‍ക്കും സമ്പന്നര്‍ക്കും യഥേഷ്ടം മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭിക്കുമ്പോള്‍ ജില്ലയിലെ 60 ശതമാനത്തിലേറെ വരുന്ന സാധാരണ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ചികിത്സ എന്നത് സ്വപ്നം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ചാരിറ്റി പ്രവര്‍ത്തനം എന്ന നിലയില്‍ സാധാരണക്കാര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാനുള്ള ആശുപത്രി ആരംഭിക്കാന്‍ അച്ചു നായന്മാര്‍മൂല എന്ന പി ബി അഷ്‌റഫ് തീരുമാനമെടുത്തത്.
Kasaragod, Kerala, news, hospital, Treatment, Family, Employees, Will open Super Specialty Hospital in Kasaragod: says by Ashraf Naimarmoola

യഥാസമയം ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്ന നിര്‍ധനരായവര്‍ തന്റെ മനസില്‍ എന്നും ഒരു നൊമ്പരപ്പാട് സൃഷ്ടിച്ചുവെന്നും ഈ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്കും നിര്‍ധനര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിക്കുന്നതെന്നും അച്ചു നായന്മാര്‍മൂല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലെറെയായി ഈയൊരു പദ്ധതി തന്റെ മനസിലുണ്ട്. ഇതിനായി ദുബൈ, മംഗളൂരു, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലെ നിരവധി വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സംബന്ധിച്ച് രൂപരേഖയാക്കിയത്. കൊറോണ വ്യാപനത്തിന് മുമ്പുതന്നെ പദ്ധതിക്ക് ആസൂത്രണം തുടങ്ങിയിരുന്നു. കാസര്‍കോട് -കണ്ണൂര്‍ ദേശീയപാതയോരത്ത് ഇന്ദിരാനഗറില്‍ പ്രമുഖ വാഹന ഷോറൂമിനടുത്താണ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുക. രണ്ടര ഏക്കറില്‍ അമ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായിരിക്കും ആശുപത്രി.

ഹൃദ്രോഗം, ക്യാന്‍സര്‍, വൃക്ക, പ്രസവ ചികിത്സാ സൗകര്യവും ഡയാലിസിസ്, ആന്‍ജിയോപ്ലാസ്റ്റി സൗകര്യങ്ങളും ലഭ്യമാക്കും. ആശുപത്രിയില്‍ 50 ശതമാനം മുന്‍ഗണനയും പരിഗണനയും പാവപ്പെട്ടവര്‍ക്കാണ്. പരിയാരത്തെ സഹകരണ ഹൃദയാലയ മാതൃകയില്‍ നിസാരമായ തുക മാത്രമേ സാധാരണക്കാര്‍ നല്‍കേണ്ടതുള്ളൂ. അത്യാധുനിക ചികിത്സ സംവിധാനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കും.

അടുത്ത മൂന്നു മാസത്തിനകം നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ ആശുപത്രി കെട്ടിട സമുച്ചയ നിര്‍മാണത്തിന് തുടക്കമാകും. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഈ സദുദ്യമത്തിന് കാസര്‍കോടിന്റെ അകമഴിഞ്ഞ പിന്തുണ ലഭിക്കുമെന്ന് അച്ചു നായന്‍മാര്‍മൂല പ്രതീക്ഷിക്കുന്നു.


Keywords: Kasaragod, Kerala, news, hospital, Treatment, Family, Employees, Will open Super Specialty Hospital in Kasaragod: says by Ashraf Naimarmoola
 
Previous Post Next Post