city-gold-ad-for-blogger
Aster MIMS 10/10/2023

നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി? കാസര്‍കോട് മെഡിക്കല്‍ കോളജ് ഓണംകേറാ മൂലയിലാണെന്ന റവന്യൂ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 09.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജ് ഓണംകേറാ മൂലയിലാണെന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍. സ്വന്തം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന മലയോര മേഖലയെയാണ് മന്ത്രി ഓണം കേറാ മൂലയെന്ന് വിശേഷിപ്പിച്ചതെന്നാണ് അബ്ദുര്‍ റഹ് മാന്റെ കുറ്റപ്പെടുത്തല്‍. മന്ത്രിയായ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ താങ്കള്‍ ഒരിക്കലെങ്കിലും ഉക്കിനടുക്കയില്‍ പോയിട്ടുണ്ടോ എന്നും മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തിട്ടുണ്ടോ എന്നും പോസ്റ്റിലൂടെ അബ്ദുര്‍ റഹ് മാന്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ചര്‍ച്ചയ്ക്കിടെ മെഡിക്കല്‍ കോളജ് കാസര്‍കോടിന്റെ ഓണം കേറാ മൂലയിലാണെന്നും മംഗളൂരുവിലെ ആശുപത്രി ലോബിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ജില്ലയുടെ ഒരു മൂലയില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റവന്യൂ മന്ത്രിയുടെ ഓണം കേറാ മൂല പരാമര്‍ശം പിന്നാലെ വിവാദമായി. മലര്‍ന്ന് കിടന്ന് മുകളിലോട്ട് തുപ്പുന്നതിന് തുല്യമാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് കുറ്റപ്പെടുത്തി ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലും രംഗത്തെത്തിയിരുന്നു.

എ അബ്ദുര്‍ റഹ് മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി?
കാസര്‍കോട് മെഡിക്കല്‍ കോളേജ് ഓണം കേറാ മൂലയിലാണെന്നും മംഗലാപുരത്ത് പോകുന്ന ദൂരം ഉക്കിനടുക്കത്തിന് ഉണ്ടെന്നും, കര്‍ണാടക ആശുപത്രി ലോബിയെ സഹായിക്കുന്നതിന് വേണ്ടിയാണ് അവിടെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും നമ്മുടെ സംസ്ഥാനത്തിന്റെ രണ്ടാമനായ മന്ത്രി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന നമ്മുടെ സ്വന്തം ചന്ദ്രേട്ടന്‍ മാതൃഭൂമി ചാനലില്‍ വലിച്ചു കേറ്റുമ്പോള്‍ സത്യത്തില്‍ അറിയാതെ മനസ് ചോദിച്ചു. എങ്ങിനെയുള്ള മനുഷ്യനായിരുന്നു എന്ത് പറ്റി മൂപ്പര്‍ക്ക്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന നയം നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോഴാണ് കാസര്‍കോട് ജില്ലക്കും മെഡിക്കല്‍ കോളേജ് ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികമുള്ള കാസര്‍കോടിന്റെ മലയോര മേഖലയില്‍ (ഓണം കേറാ മൂല മന്ത്രിയുടെ ഭാഷ) ഉക്കിനടുക്കയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രവര്‍ത്തി ആരംഭിച്ചത്. പ്രവര്‍ത്തി നടക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് വന്നു. ഭരണമാറ്റമുണ്ടായി. നമ്മുടെ നിര്‍ഭാഗ്യത്തിന് ചന്ദ്രേട്ടന്‍ മന്ത്രിയാവുകയും ചെയ്തു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത് അതൊരു നിഷ്‌ക്രിയ ആസ്തിയെന്നാണ്.
കഴിഞ്ഞ മാര്‍ച്ച് 14 ന് കാസര്‍കോട് വിട്ട ചന്ദ്രട്ടേനെ പിന്നെ നമ്മള്‍ കാണുന്നത് എല്ലാ ദിവസവും ആറു മണിക്ക് മുഖ്യമന്ത്രി നടത്തുന്ന പത്ര സമ്മേളനത്തില്‍ ഒരു മൂലക്കിരുക്കുന്നതാണ്. അതിനിടയിലാണ് മന്ത്രി അവര്‍കള്‍ മാതൃഭൂമി ചാനലില്‍ കയറി തന്റെ ജില്ലയിലെ ഏറ്റവും കൂടുതല്‍ പാവങ്ങള്‍ ജീവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന മലയോര മേഖലയെ ഓണം കേറാ മൂലയെന്ന് വിശേഷിപ്പിച്ചു കളഞ്ഞത്. ചന്ദ്രേട്ടാ താങ്കള്‍ക്ക് എന്ത് പറ്റി..?
മന്ത്രി പദവി തലക്ക് പിടിച്ചോ..? പിണറായിയുടെ തൊട്ടടുത്തിരുന്ന് പിണറായിയെ അനുകരിക്കുകയാണോ..?
എങ്ങിനെയാണ് താങ്കള്‍ക്ക് അത് പറയാന്‍ സാധിച്ചത്..?
ഓണം കേറാ മൂലയിലെ താങ്കളുടെ സഖാക്കള്‍ താങ്കളുടെ വാക്ക് കേട്ട് നെഞ്ച് പൊട്ടി കരയുന്നത് താങ്കള്‍ കാന്നുന്നില്ലേ..? ചന്ദ്രേട്ടാ താങ്കള്‍ ഈ ജില്ലയിലെ ഏക മന്ത്രിയല്ലേ. അവസാന വാക്കും നിങ്ങളല്ലേ.
ഞാനൊരു കാര്യം ചോദിക്കട്ടെ. താങ്കള്‍ മന്ത്രിയായ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ താങ്കള്‍ ഒരിക്കലെങ്കിലും ഉക്കിനടുക്കയില്‍ പോയിട്ടുണ്ടോ..? മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തിട്ടുണ്ടോ. ഇടത് സര്‍ക്കാറിന്റെ ഇക്കാലയളവിലെ ബജററുകളില്‍ ഒരു നയാ പൈസ കാസര്‍കോട് മെഡിക്കല്‍ കോളേജിന് വേണ്ടി വകയിരുത്തിട്ടുണ്ടോ..? കാസര്‍കോട് മെഡിക്കല്‍ കോളേജിന് മുന്‍ മുഖ്യമന്ത്രി ഓണം കേറാ മൂലയില്‍ തറക്കല്ലിടാന്‍ പോയപ്പോള്‍ തടയാന്‍ പോയതല്ലാതെ പിന്നെ എപ്പോഴെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടുണ്ടോ..? കാസര്‍കോട് മെഡിക്കല്‍ കോളേജിന് താങ്കളുടെ സംഭാവന എന്താണ്. ഒരു മന്ത്രി എന്ന നിലയില്‍ ഈ ജില്ലക്ക് താങ്കളുടെ സംഭാവന എന്താണ്. താങ്കളുടെ പാര്‍ട്ടിക്കാര്‍ പറയുന്നത് പോലെ താങ്കളൊരു നിഷ്‌ക്രിയ ആസ്തി ആയിപ്പോയല്ലോ.
ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന കാസര്‍കോടിന്റെ മലയോര മേഖലയെ ഓണം കേറാ മൂലയെന്നു വിശേഷിപ്പിക്കാന്‍ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്. താങ്കളുടെ ആ ഒരു വാക്ക് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞൊഴുകയാണ് ഒരു മുള്‍ കിരീടമായി. ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഉപദ്രവകാരിയാകാന്‍ താങ്കള്‍ക്ക് കഴിഞ്ഞതില്‍ വലിയ ദു:ഖമുണ്ട്. ക്ഷമിക്കുക.

നമ്മുടെ ചന്ദ്രേട്ടന് എന്ത് പറ്റി? കാസര്‍കോട് മെഡിക്കല്‍ കോളജ് ഓണംകേറാ മൂലയിലാണെന്ന റവന്യൂ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് നേതാവ് എ അബ്ദുര്‍ റഹ് മാന്‍


Keywords:  Kasaragod, Kerala, news, Top-Headlines, Revenue Minister, Medical College, Muslim-league, What happened for Chandrettan? A Abdul Rahman Facebook Post
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL