ഏതെങ്കിലും സംസ്ഥാനത്തിന് എതിരായിട്ടോ, ആരെയെങ്കിലും തോല്‍പ്പിക്കാനോ വെല്ലുവിളിക്കാനോ ഒന്നുമല്ല; കാസര്‍കോട്ട് ആശുപത്രി പണിയേണ്ടത് രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായിരിക്കണമെന്ന് വ്യവസായ പ്രമുഖന്‍ പി ബി അഷ്റഫ്

കാസര്‍കോട്: (www.kasargodvartha.com 08.04.2020) ഏതെങ്കിലും സംസ്ഥാനത്തിന് എതിരായിട്ടോ, ആരെയെങ്കിലും തോല്‍പ്പിക്കാനോ വെല്ലുവിളിക്കാനോ ഒന്നുമല്ല, കാസര്‍കോട്ട് ആശുപത്രി പണിയേണ്ടത്, രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായിരിക്കണമെന്ന് വ്യവസായ പ്രമുഖന്‍ പി ബി അഷ്റഫ്. (അച്ചു നായന്മാര്‍മൂല) ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കാന്‍ ഇന്ദിരാ നഗറില്‍ സൂപര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അച്ചു നായന്മാര്‍മൂല പ്രഖ്യാപിച്ചിരുന്നു. അതേസമയം കാസര്‍കോട്ടു നിന്ന് രോഗികളുമായി മംഗളൂരുവിലേക്ക് പുറപ്പെട്ട ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവങ്ങള്‍ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രതികരണങ്ങള്‍ വാട്സ്ആപ്പിലടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളവും കര്‍ണാടകയും സഹോദര സംസ്ഥാനങ്ങളാണെന്നും പരസ്പരം വാങ്ങിയും കൊടുത്തും ജീവിക്കുന്നവരുമാണെന്നും ഈ രണ്ട് സംസ്ഥാനത്തുമുള്ള ആയിരക്കണക്കിന് മലയാളികള്‍, പ്രത്യേകിച്ച് കാസര്‍കോട് നിവാസികള്‍ മംഗളൂരുവിലും ബംഗളൂരിലുമായി ജോലി ചെയ്യുന്നുമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
കാസര്‍കോട് ജില്ലയില്‍ അത്യാധുനിക സൗകര്യത്തോടുകൂടിയ ഒരു ആശുപത്രി ഇല്ല എന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ.
നമ്മുടെ ജില്ലയില്‍ നല്ലൊരു ആശുപത്രി ഇല്ലാ എന്നതിന് നമ്മള്‍ മറ്റ് ജില്ലകളേയോ അയല്‍ സംസ്ഥാനങ്ങളേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അതിന് പരിഹാരം കാണേണ്ടത് നമ്മള്‍ തന്നെയാണ്.
ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ഇത്തരമൊരു സ്വപ്നം മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു.
അതിന് വേണ്ടി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പലരുമായി സംസാരിച്ചു.
ഹോസ്പിറ്റല്‍ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള നല്ല ഒരു ടീമും കൂടി ഉണ്ടെങ്കില്‍ മാത്രമേ കാസര്‍കോട് ജില്ലക്ക് അത്യാവശ്യമായിരിക്കുന്ന ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു.
ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ വേഗതയില്‍ അതിനുള്ള പരിശ്രമം ആരംഭിച്ചിരിക്കുകയാണ്.
ഏതെങ്കിലും സംസ്ഥാനത്തിന് എതിരായിട്ടോ അല്ലെങ്കില്‍ ആരെയെങ്കിലും തോല്‍പ്പിക്കാനോ വെല്ലുവിളിക്കാനോ ഒന്നുമല്ല ആശുപത്രി പണിയേണ്ടത്, രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ, അത് നമ്മുടെ ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ്.
കേരളവും കര്‍ണാടകയും സഹോദര സംസ്ഥാനങ്ങളാണ്. പരസ്പരം വാങ്ങിയും കൊടുത്തും ജീവിക്കുന്നവരുമാണ്. ഈ രണ്ട് സംസ്ഥാനത്തുമുള്ള ആയിരക്കണക്കിന് മലയാളികള്‍, പ്രത്യേകിച്ച് കാസര്‍കോട്  നിവാസികള്‍ മംഗലാപുരത്തും ബാംഗ്ലുരിലുമായി കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുമുണ്ട്. ഒരുപാട് പേര് വ്യവസായം നടത്തുന്നുണ്ട്. കര്‍ണാടകത്തിലെ വിവിധ കോളേജുകളിലായി ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളുമുണ്ട്.
അത് പോലെ തന്നെ കര്‍ണാടക സ്വദേശികളായിട്ടുള്ള ആയിരക്കണക്കിന് തൊഴിലാളികളും മറ്റും കാസര്‍കോട് ജില്ലയിലും അത് പോലെ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.
ഒരുപാട് പേര് വ്യവസായങ്ങള്‍ നടത്തുന്നുണ്ട്.
അങ്ങനെയുള്ള പരസ്പര ബന്ധവും ആശ്രയവും എല്ലാ കാലത്തും തുടരേണ്ടതായിട്ടുണ്ട്.
ഇപ്പോഴുള്ള വികാരത്തിന്റെ പേരില്‍ പരസ്പരം കലഹിക്കാനിറങ്ങിയാല്‍ അത് പതിനായിരക്കണക്കിന് പേരെ ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല..
കോറോണ എന്ന ഈ പ്രത്യേക സഹചര്യത്തില്‍ മംഗലാപുരം- കാസര്‍കോട് അതിര്‍ത്തി കര്‍ണാടക അടച്ചത് ഗവണ്‍മെന്റുകള്‍ ചര്‍ച്ചയിലൂടെയോ കോടതി ഇടപെടലിലൂടെയോ പരിഹരിക്കുക തന്നെ ചെയ്യും.
പരസ്പരം വെല്ലുവിളിച്ച് പരിഹരിക്കേണ്ട വിഷയമല്ലാത്തത് കൊണ്ട്
കൂടുതല്‍ വിവേകത്തോടെ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നതായിരിക്കും ഉത്തമം.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, hospital, Social-Media, PB Ashraf about Kasaragod-Karnataka issues
  < !- START disable copy paste -->   
Previous Post Next Post