City Gold
news portal
» » » » » » » » » വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളിലും സ്ത്രീധനത്തിലും സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുന്ന വിധം നിയമ നിര്‍മ്മാണം നടത്തണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: (www.kasargodvartha.com 14/02/2020)  വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളിലും സ്ത്രീധനത്തിലും സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുന്ന വിധം നിയമ നിര്‍മ്മാണം നടത്തണമെന്ന് വനിതാ കമ്മീഷന്‍. അതിന്റെ നിയമ വശങ്ങള്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. മാതാപിതാക്കള്‍ വിവാഹത്തോടനുബന്ധിച്ച് നല്‍കുന്ന സമ്മാനങ്ങളും സ്ത്രീധനവും തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന പൊതു സാമൂഹ്യബോധം സ്ത്രീകള്‍ക്കുണ്ടാവണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

സ്ത്രീധനം നിരോധിച്ചിട്ടും പല രൂപത്തില്‍ അത് ഇപ്പോഴും തുടരുകയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ കമ്മീഷന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. കമ്മീഷന്‍ തിരുവനന്തപുരത്ത് നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.സി.ജോസഫൈന്‍.


കമ്മീഷനു മുന്നിലെത്തുന്ന സ്ത്രീധന സംബന്ധമായ പരാതികളില്‍ കൂടുതലും വിവാഹിതയായ സ്ത്രീകളുടെ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈവശം വെക്കുന്നുവെന്നതാണ്. ഇത് പിന്നെ സ്ത്രീകള്‍ക്ക് ഒരാവശ്യത്തിനും ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ വീട് നിര്‍മ്മാണത്തിനോ ഭര്‍തൃകുടുംബത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുകയാണ്. വിവാഹജീവിതത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ മാത്രം സാമ്പത്തികമായും അല്ലാതെയും ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഇതിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ള ബോധവല്‍ക്കരണം വേണം. വിവാഹിതയായ സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് അവര്‍ക്ക് ലഭിക്കുന്ന വിവാഹസമ്മാനങ്ങളെന്ന പൊതുബോധം ഉണ്ടാകണം.

പുതു തലമുറയിലെ കുട്ടികള്‍ നിയമലംഘനം നടത്തുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. സമൂഹത്തില്‍ പുതു തലമുറ നടത്തുന്ന അപചയങ്ങള്‍ക്ക് മാതാപിതാക്കളും ഉത്തരവാദികളാണ്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടാവുന്ന വിധം നടത്തുന്ന ഏതു പ്രവര്‍ത്തിയും നിയമലംഘനമാണെന്നും അത് ശരിയല്ലെന്നുമുള്ള ബോധം രക്ഷിതാക്കള്‍ കുട്ടികളില്‍ വളര്‍ത്തണം.  രാത്രികാലങ്ങളില്‍ തന്റെ വീടിനുസമീപം ബൈക്ക് റേസിംഗ് നടത്തിയ ഒരു സംഘം കൗമാരക്കാരെ ചോദ്യം ചെയ്തതിനാല്‍ തന്റെ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സ്ത്രീ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ദാമ്പത്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച മൂന്ന് കേസുകള്‍ വന്നതില്‍ ഒരെണ്ണത്തില്‍ ദമ്പതികളെ യോജിപ്പിച്ച് വിടാന്‍ കഴിഞ്ഞതായി കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. ദമ്പതികളുടെ മാതാപിതാക്കളുടെ ഇടപെടലുകളാണ്  മിക്ക ബന്ധങ്ങളിലും വില്ലനായി മാറുന്നത്. കൗണ്‍സിലിംഗിലൂടെ ഇത് ശരിയാക്കാന്‍ ശ്രമം തുടരുകയാണെന്നും കമ്മിഷന് മുന്നിലെത്തിയ കേസുകള്‍ പരിഗണിച്ച ഇം.എം.രാധ പറഞ്ഞു.

210 കേസുകള്‍ പരിഗണിച്ചു. 47 എണ്ണം തീര്‍പ്പാക്കി. കൗണ്‍സിലിംഗിന് നാലും റിപ്പോര്‍ട്ടിനായി ആറും പരാതികള്‍ അയച്ചു. അടുത്ത അദാലത്തിലേക്ക് 153 കേസുകള്‍ മാറ്റിവെച്ചു. അദാലത്തില്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രമ, കമ്മീഷന്‍ അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Thiruvananthapuram, Women, marriage, news, Dowry, case, Women's commission about wedding gift

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date