തുറന്ന ജയിലിന്റെ ഭക്ഷണം വില്‍ക്കുന്ന വാഹനത്തിന് ആവശ്യമായ രേഖകളില്ല; ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തു

തുറന്ന ജയിലിന്റെ ഭക്ഷണം വില്‍ക്കുന്ന വാഹനത്തിന് ആവശ്യമായ രേഖകളില്ല; ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തു

നീലേശ്വരം: (www.kasaragodvartha.com 13.02.2020) നീലേശ്വരത്ത് ചീമേനി തുറന്ന ജയിലിന്റെ ചപ്പാത്തിയും, ബിരിയാണിയും വില്‍ക്കുന്ന വാഹനത്തിന് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അനധികൃത പാര്‍ക്കിംഗ് പരിശോധിക്കാനെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജയില്‍ വാഹനം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

ജില്ലാ കലക്റ്റര്‍ വിളിച്ചു ചേര്‍ത്ത ജില്ലാ അവലോകന യോഗത്തില്‍ നടപ്പാക്കിയ തീരുമാന പ്രകാരമാണ് കാഞ്ഞങ്ങാട് ആര്‍ ടി ഒ വി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിറങ്ങിയത്. നീലേശ്വരം ബസ് സ്റ്റാന്‍ഡിനടുത്ത് മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തില്‍ ജയില്‍ വാഹനം നിര്‍ത്തിയിട്ട് ഭക്ഷണ വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയതായിരുന്നു ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍.


ഓട്ടോറിക്ഷയുടെ മുമ്പിലും പിന്നിലും നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വണ്ടിയുടെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് നിലവില്‍ യാതൊരു വിധ രേഖകളും ജയില്‍ വണ്ടിക്ക് ഇല്ല എന്ന് കണ്ടെത്തിയത്. ജയില്‍ വകുപ്പിന്റെ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഡ്രൈവര്‍ രാവിലെ ഇറങ്ങി പോയതാണെന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് ആര്‍ ടി ഒ ഉദ്യോഗസ്ഥരെ അറിയിച്ചത്.ഉടന്‍ കാഞ്ഞങ്ങാട് എം വി ഐ അനില്‍ കുമാര്‍ കെ എല്‍ 13 സെഡ് 8850 നമ്പര്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം ജയിലിനു വേണ്ടി ചപ്പാത്തിയും ബിരിയാണിയും വില്‍ക്കുന്ന വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതാണെന്നും വണ്ടിയുടെ രേഖകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും ജയില്‍ ജീവനക്കാരന്‍ ആര്‍ ടി ഒയെ അറിയിച്ചു.


Keywords: Neeleswaram, kasaragod, Kerala, news, RTO, custody, Food, cheemeni, Busstand, No documents; Cheemeni Jail food distributing vehicle taken to custody by RTO  < !- START disable copy paste -->