അഡ്വ. കെ ശ്രീകാന്ത് വീണ്ടും കാസർകോട് ജില്ലാ  ബി ജെ പി പ്രസിഡണ്ട്

അഡ്വ. കെ ശ്രീകാന്ത് വീണ്ടും കാസർകോട് ജില്ലാ ബി ജെ പി പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com 23.02.2020) : ബി.ജെ.പി.ജില്ലാ പ്രസിഡന്റായി അഡ്വ. കെ ശ്രീകാന്തിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി  ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്‌ ശ്രീകാന്ത്.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശാഖയിലൂടെ ആദർശം സ്വീകരിച്ച് സ്വയം സേവകനായി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സജീവ പ്രവർത്തകനായി.
ബി ജെ പി ഉദുമ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ രംഗത്ത് പ്രവർത്തനം തുടങ്ങിയ ശ്രീകാന്ത് പിന്നീട് യുവമോർച്ച ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.


യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡൻറ് തുടങ്ങിയ പദവികൾ നിർവഹിച്ച് യുവമോർച്ചയെ സമര സംഘടനയാക്കി മാറ്റി. തുടർന്ന് ബി.ജെ.പിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി ആറു വർഷം പാർട്ടിയെ നയിച്ചതിനു ശേഷമാണ് 2016 മുതൽ അഡ്വ.കെ. ശ്രീകാന്ത് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റത്.

കാൽ നൂറ്റാണ്ടിലേറെക്കാലം പാർട്ടിയുടെ ചെറുതും വലുതുമായ ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ ജില്ലയുടെ ജനകീയ വിഷയങ്ങളിൽ സജീവമായ ഇടപെടലും, സമരപോരാട്ടങ്ങളും നടത്തിയാണ് ശ്രീകാന്ത് ശ്രദ്ധേയനായത്.

എൻഡോസൾഫാൻ വിരുദ്ധ സമരവും, കന്നഡ ഭാഷ അവഗണനക്കെതിരെയും, ബദിയടുക്ക മെഡിക്കൽ കോളേജിനു വേണ്ടിയും, ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തി..
 എടനീർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് 2015ൽ തെരഞ്ഞെടുക്കപ്പെട്ട ശ്രീകാന്ത് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

കാൽ നൂറ്റാണ്ടിലേറെക്കാലമായുള്ള സജീവ സംഘടനാ പ്രവർത്തനത്തിന്‌ അംഗീകാരമായാണ് വീണ്ടും കാസർകോട് ജില്ലാ ബി.ജെ.പി.യുടെ അമരത്ത് കെ.ശ്രീകാന്തിനെ നിയമിച്ചത്.
മംഗലാപുരം എസ്.ഡി.എം ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ ശ്രീകാന്ത് തൃക്കണ്ണാട് സ്വദേശിയാണ്. പരേതനായ വാസുദേവ അറളിത്തായുടെയും, യശോദയുടെയും മകനാണ്. കമലശ്രീയാണ് ഭാര്യ. അനിരുദ്ധ്, അനഘ     
എന്നിവരാണ് മക്കൾ.

Summary: Adv K Sreekanth appointed as BJP Kasargod District President again.