കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട്ടുകാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട്ടുകാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചു

മലപ്പുറം: (www.kasaragodvartha.com 14.02.2020) കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട്ടുകാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചതായി പരാതി. ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുല്‍ സത്താര്‍ എന്നിവരാണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലിറങ്ങി ഓട്ടോറിക്ഷയില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പിറകില്‍ നിന്ന് കാറിലെത്തിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ആണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈക്കലാക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്.

കടപ്പുറത്ത് കാര്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് സന്തോഷും, സത്താറും പരാതിപ്പെട്ടു. സ്വര്‍ണം എവിടെയെന്ന് ചോദിച്ച് വസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധന നടത്തി. ഇതിനു ശേഷം ഓരോരുത്തരുടെയും കൈയ്യിലുണ്ടായിരുന്നു 15000 രൂപയും, 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും യുവാക്കള്‍ പോലീസിനോട് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഘത്തെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘമാണിതെന്നാണ് സംശയിക്കുന്നത്.


Keywords: Malappuram, Kerala, news, kasaragod, Natives, Kidnap, gold, cash, Robbery, 2 youths from Kasaragod kidnapped in Karipur    < !- START disable copy paste -->