Join Whatsapp Group. Join now!
Aster MIMS 10/10/2023

വികസനത്തിന്റെ അനുഭവബോധ്യവുമായി കേരള നിര്‍മ്മിതി പ്രദര്‍ശനമാരംഭിച്ചു; കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ Kasaragod, Kerala, news, Pinarayi-Vijayan, Minister, Trending, Development of Kerala made possible through Kifbi: Says by CM
കാസര്‍കോട്: (www.kasaragodvartha.com 28.01.2020) അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം നടത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തിന്റെ ഫലങ്ങള്‍ എത്തുന്നില്ലെന്ന് മുന്‍കാലങ്ങളില്‍ പരാതിയുയര്‍ന്നിരുന്ന മലബാര്‍ മേഖലയില്‍ വിശിഷ്യാ ഉത്തരമലബാറില്‍ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കിഫ്ബിയുടെ രൂപീകരണം ഇതിന് ഊര്‍ജം പകര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ കേരള നിര്‍മിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളിത് വരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി സമഗ്ര സാമൂഹിക വികസനത്തിനാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ടിയിരുന്ന വികസന പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സാധ്യമാവുന്നത്. വികസനമെന്നാല്‍ വമ്പന്‍ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ഗുണപരമായി മാറ്റുന്ന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രാന്‍സ് ഗ്രിഡ്, സെമി ഹൈ സ്പീഡ് റെയില്‍പാത, തലശേരി-മാഹി വഴി ബേക്കലിലേക്കുള്ള ഉള്‍നാടന്‍ ജലപാത, മലയോര, തീരദേശ പാത, കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങിയ വന്‍പദ്ധതികളോടൊപ്പം ഹൈടെക് സ്‌കൂളുകള്‍, ആശുപത്രികള്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയ സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇവയെല്ലാം കാസര്‍കോട് ജില്ലയെ വികസനപരമായി മുന്നോട്ട് കൊണ്ടു പോകുന്ന പദ്ധതികളാണ്.


വികസനത്തിന്റെ അനുഭവബോധ്യവുമായി കേരള നിര്‍മ്മിതി പ്രദര്‍ശനമാരഭിച്ചു

അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പദ്ധതികളെ കുറിച്ച് അടുത്തറിയാനും വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കാസര്‍കോട് വികസന പ്രദര്‍ശനവും ബോധവല്‍ക്കരണപരിപാടിയും ആരംഭിച്ചു. കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്ത് ആരംഭിച്ച ത്രിദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നഗരസഭാ അധ്യക്ഷരായ ബീഫാത്തിമ ഇബ്രാഹിം, പ്രൊഫ. കെ പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍കൊള്ളിച്ചു നടപ്പിലാക്കുന്ന വികസനപരിപാടിക്ക് 54,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി റവന്യു മന്ത്രി പറഞ്ഞു. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രവികസനം സാധ്യമാക്കിയ സര്‍ക്കാര്‍ ജില്ലയില്‍ മാത്രം 1000 കോടിയുടെ വികസന പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ എം എബ്രഹാം കേരളനിര്‍മ്മിതി അവതരണം നടത്തി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാസന്ധ്യ, വിഷയാധിഷ്ടിത ചര്‍ച്ചകള്‍, വികസനകാഴ്ചപ്പാടുകളുടെ അവതരണം തുടങ്ങിയവയും സംഘടിപ്പിക്കും.

പൊതുജനങ്ങള്‍ക്കായി കിഫ്ബി ഒരുക്കിയിരിക്കുന്നത് സുവര്‍ണാവസരം

സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിപ്പിലാണ് കേരളം. കിഫ്ബിയെ ജനങ്ങളിലേക്കെത്തിക്കാനുള്ള പരിപാടിയായ നിര്‍മ്മിതി പ്രദര്‍ശന മേള മുഖ്യമന്ത്രി പിണറായി വിജയന്‍  നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്ത് ഉദ്ഘാടനം ചെയ്തു.  ജനുവരി 30 വരെ നടക്കുന്ന പരിപാടിയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനങ്ങളാലും  ബോധവത്കരണ പരിപാടികളാലും സമ്പന്നമാണ്. മേളയില്‍ സര്‍ക്കാര്‍ വികസന പദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പുതിയ അനുഭവമകും. പദ്ധതിയുടെ പേര്, നിലവില്‍ വരുന്ന സ്ഥലം, വകുപ്പ് സംബന്ധമായ വിവരങ്ങള്‍, വിസ്തൃതി, മുതല്‍ മുടക്ക്, നിര്‍മ്മാണ പുരോഗതിയെക്കുറിച്ചും പദ്ധതിയെക്കുറിച്ചുമുള്ള ലഘു വിവരണങ്ങള്‍ അടങ്ങിയ ചെറിയ ബോര്‍ഡുകള്‍ ഓരോ ത്രിമാന മാതൃകകള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ക്യൂ ആര്‍ കോഡിനകത്ത് പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്.

 എം.ആര്‍.സി കൃഷ്ണന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം തൃക്കരിപ്പൂര്‍, സുബ്രഹ്മണ്യന്‍ തിരുമുന്‍പ് കള്‍ച്ചറല്‍ സെന്റര്‍ കാസര്‍കോട്, വെള്ളച്ചാല്‍ ഹോസ്റ്റല്‍ ബില്‍ഡിങ്, ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം, 100 പെണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ ബേഡഡുക്ക, തെക്കില്‍ ആലട്ടി റോഡ്, വെള്ളരിക്കുണ്ട് മിനി സിവില്‍സ്റ്റേഷന്‍, ജി.എച്ച്.എസ്.എസ് പെരിയ, കോട്ടിക്കുളം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് തുടങ്ങി ജില്ലയില്‍ പുരോഗമിക്കുന്ന നിരവധി കിഫ്ബി പദ്ധതികളുടെ ത്രിമാന രൂപങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്, ശബരിമല മാസ്റ്റര്‍ പ്ലാന്‍, മൊബിലിറ്റി ഹബ്ബ് ആലപ്പുഴ, എസ്.എന്‍ കള്‍ച്ചറല്‍ കോംപ്ലക്‌സ് കൊല്ലം തുടങ്ങിയ ത്രിമാന മാതൃകകളും പൊതുജനങ്ങള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബുകള്‍,ഡയാലിസിസ് സെന്ററുകള്‍,ആശുപത്രികള്‍,കോസ്റ്റല്‍ ഹൈവേകള്‍, മലയോര ഹൈവേകള്‍ ഇവയെല്ലാം അടയാളപ്പെടുത്തിയ കേരളത്തിന്റെ മാതൃക മേളയില്‍ ശ്രദ്ധേയമായി.

മേളയില്‍ താരമായി ട്രിപ്പിള്‍ ഐ സി

സ്റ്റാളില്‍ താരമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്രെക്ടര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍. കിഫ്ബി മേളയില്‍ ഒരുക്കിയിരിക്കുന്ന നല്ലൊരു ശതമാനം ത്രിമാന രൂപങ്ങളും നിര്‍മ്മിച്ചത് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍കളാണ്. എട്ടാം തരം യോഗ്യതയുള്ളവര്‍ മുതല്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ വരെ പഠിക്കുന്ന സ്ഥാപനം തൊഴില്‍ വകുപ്പിന്റെ കീഴില്‍ കൊല്ലം ചവറയിലാണ് പ്രവര്‍ത്തിക്കുന്നത്.

2018 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പസ് 2018 സെപ്തംബര്‍ മാസത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ക്യാമ്പസില്‍ രണ്ട് ബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കി. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന കോഴ്‌സുകളാണ് ഇവിടെയുള്ളത്. പഠിച്ചിറങ്ങിയ ആദ്യ ബാച്ചിലെ 90 ശതമാനം പേര്‍ക്കും ജോലി നല്‍കി കഴിഞ്ഞു.

സ്പോട്ട് അഡ്മിഷന്‍

തൊഴില്‍ ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ സംരംഭമായ ക്യാമ്പസിലേക്ക് ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ മേളയില്‍ നടത്തുന്നുണ്ട്. പത്താംക്ലാസ്സ് യോഗ്യത മുതല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് വരെ അപേഷിക്കാവുന്ന പതിനേഴോളം കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്. ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, റോഡ് മെഷിനറി ഓപ്പറേറ്റര്‍, ജി ഐ എസ് എഞ്ചിനീയര്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്കു ജോലി ഉറപ്പു നല്‍കുന്ന രീതിയിലാണ് കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പിന്റെ സഹായത്തോടെ സൗജന്യമായി താമസിച്ചു പഠിക്കുവാനുള്ള സൗകര്യവും ലഭിക്കും. ജില്ലയിലെ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിഫ്ബി മേളയിലെ ട്രിപ്പിള്‍ ഐ സി ഭാരവാഹികളുമായി സംസാരിക്കാനും സ്‌പോട്ട് അഡ്മിഷന്‍ എടുക്കാനും അവസരമുണ്ടെന്ന് ട്രിപ്പിള്‍ ഐ സി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078980000


പ്രദര്‍ശന മേളയില്‍ ജനുവരി 29ന്

ജനുവരി 29 ന് പ്രധാന വേദിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. ഇതിനു പുറമെ  രാവിലെ 10 മുതല്‍ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി നടക്കും. രണ്ട് പേരടങ്ങുന്ന ടീമുകളായി വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ഒരു സ്‌കൂളില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം കരുതണം. രാത്രി ഏഴ് മണിക്ക്  കലാസന്ധ്യയും നടക്കും.

മാധ്യമവേദിയില്‍ രാവിലെ 10 മുതല്‍ 12.30 ന് കോളേജ് വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ്ട്  മുതല്‍ അഞ്ച് വരെ വിവിധ വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Pinarayi-Vijayan, Minister, Trending, Development of Kerala made possible through Kifbi: Says by CM  < !- START disable copy paste -->