ഹൈക്കോടതി ഉത്തരവിന് പുല്ലുവില; പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും മൈക്ക് പ്രചരണങ്ങളും പ്രകടനവും പൊതുയോഗവും തകൃതി; നിരോധനം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും മൈക്ക് പ്രചരണങ്ങളും പ്രകടനവും പൊതുയോഗവും തകൃതി; നിരോധനം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: (www.kasargodvartha.com 10.01.2020) ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും മൈക്ക് പ്രചരണങ്ങളും പ്രകടനവും പൊതുയോഗവും തകൃതിയായി നടക്കുന്നു. പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും ഇത്തരം പ്രകടനങ്ങളും പൊതുയോഗവും പാടില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തുടങ്ങി സാംസ്‌കാരിക പരിപാടികള്‍ വരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്നുണ്ട്.


ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് കുറച്ചുകാലം പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും യോഗങ്ങളും പ്രകടനങ്ങളും പൂര്‍ണമായും നിലച്ചിരുന്നു. എന്നാല്‍ ഈയിടെയായി കാസര്‍കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രകടനങ്ങളും മൈക്ക് പ്രചരണങ്ങളും മറ്റ് പരിപാടികളും പുതിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ വെച്ചാണ് സമാപിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കടന്ന് ഷോപ്പിംഗ് കോംപ്ലക്സ് ഭാഗത്തേക്ക് പോകണമങ്കില്‍ ബസ് ബേയില്‍ നിന്നും പുറകോട്ടെടുക്കുന്ന ബസുകളെയും ബസ് ബേയിലേക്ക് കയറുന്ന ബസുകളെയും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനിടെ മൈക്ക് പ്രചരണവും പ്രകടനക്കാരുടെ മുദ്രാവാക്യം വിളികളും കൂടിയാകുമ്പോള്‍ ഭയപ്പെട്ട് സ്ഥലകാലബോധം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുന്നതായി ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു.

പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും പ്രകടനങ്ങളും പൊതുയോഗവും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, kasaragod, news, High-Court, Demonstrations and public meetings at the new bus stand should be banned: Bus operators Federation