Join Whatsapp Group. Join now!
Aster MIMS 10/10/2023

മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷ; പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഡി ജി പി ലോക്നാഥ് ബെഹ്‌റ; മനോജ് എബ്രഹാം, ശ്രീജിത്ത്, യതീഷ് ചന്ദ്ര എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി

മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷ Thiruvananthapuram, Sabarimala, Top-Headlines, Police, news, Kerala,
തിരുവനന്തപുരം: (www.kasargodvartha.com 13.11.2019) മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഡി ജി പി ലോക്നാഥ് ബെഹ്‌റ. 10,000 പൊലീസുകാരെയാണ് മണ്ഡല കാലത്ത് ശബരിമലയില്‍ വിന്യസിക്കുന്നത്.

എ ഡി ജി പി ഷേഖ് ദര്‍വേഷ് സാഹിബാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ . തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍, ദക്ഷിണമേഖലാ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരാണ്.

Over 10,000 cops to be deployed in Sabarimala for Mandala Pooja, Thiruvananthapuram, Sabarimala, Top-Headlines, Police, News, Kerala

ഡി ഐ ജിമാരായ കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ് കുമാര്‍ എസ്, പി പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍. അതേസമയം കഴിഞ്ഞ മണ്ഡലകാലത്ത് ഏറെ വിമര്‍ശനമേറ്റ എ ഡി ജി പി മനോജ് എബ്രഹാം, ഐ ജിമാരായ എസ് ശ്രീജിത്ത്, വിജയ് സാഖറെ, എസ് പി യതീഷ് ചന്ദ്ര എന്നിവരെ ശബരിമല ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് ശബരിമലയില്‍ പ്രക്ഷുബ്ധാവസ്ഥയായിരുന്നു. എന്തുവന്നാലും സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന ദൃഢ പ്രതിജ്ഞ എടുത്ത് പ്രതിഷേധകര്‍ ശബരിമലയില്‍ സ്ഥാനം പിടിച്ചിരുന്നു. മല ചവിട്ടാന്‍ സംഘം ചേര്‍ന്നെത്തിയ നിരവധി സ്ത്രീകളെയാണ് പ്രതിഷേധകര്‍ തിരിച്ചയച്ചത്. എന്നിരുന്നാലും പ്രതിഷേധകരുടെ പ്രതിഷേധം വകവെയ്ക്കാതെ ആക്ടിവിസ്റ്റുകളായ കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ മല ചവിട്ടുക തന്നെ ചെയ്തു.

ഈ സാഹചര്യത്തില്‍ ഇത്തവണയും സ്ത്രീകള്‍ മല ചവിട്ടാന്‍ എത്തുകയാണെങ്കില്‍ പ്രതിഷേധകരെ തടയാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഏര്‍പെടുത്തുന്നത്. ഇത് കുറ്റമറ്റതാകുകയും ചെയ്യും. നവംബര്‍ 15ന് ആണ് മണ്ഡലകാലം തുടങ്ങുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരുമേലിയില്‍ നാലു ഘട്ടവും. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പൊലീസ് ആസ്ഥാനത്തെ എ ഐ ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. എസ് പി കെ എം സാബു മാത്യു പമ്പയിലും, എസ് പി കെ എസ് സുദര്‍ശനന്‍ നിലയ്ക്കലും, കോഴിക്കോട് സിറ്റി അഡിഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി വാഹിദ് എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി എ ശ്രീനിവാസ് സന്നിധാനത്തും, കെ എ പി നാലാം ബറ്റാലിയന്‍ കമന്‍ഡന്റ് നവനീത് ശര്‍മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ് പി എന്‍ അബ്ദുര്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡിഷണല്‍ കമ്മിഷണര്‍ എം സി ദേവസ്യ എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാരാവും. മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്.

ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ സന്നിധാനത്തും, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെ എ പി മൂന്നാം ബറ്റാലിയന്‍ കമന്‍ഡന്റ് ആര്‍ ഇളങ്കോയും, എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡിഷണല്‍ എസ് പി എം ഇഖ്ബാലും ആയിരിക്കും കണ്‍ട്രോളര്‍മാര്‍.

ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പൊലീസ് ആസ്ഥാനത്തെ എ ഐ ജി എസ് സുജിത്ത് ദാസ്, എസ് എ പി കമന്‍ഡന്റ് കെ എസ് വിമല്‍ എന്നിവര്‍ സന്നിധാനത്തും, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ് പി എച്ച് മഞ്ജുനാഥ് പമ്പയിലും കണ്‍ട്രോളര്‍മാരാകും. പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ് പി വി അജിത്ത്, ആലപ്പുഴ അഡിഷണല്‍ എസ് പി ബി കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും കണ്‍ട്രോളര്‍മാരായിരിക്കും.

ജനുവരി 16 മുതല്‍ 22 വരെയുള്ള ഓക്സിലിയറി ഘട്ടത്തില്‍ പി ടി സി പ്രിന്‍സിപ്പല്‍ ബി വിജയന്‍ സന്നിധാനത്തും, ക്രൈംബ്രാഞ്ച് എസ് പി ഷാജി സുഗുണന്‍ പമ്പയിലും, ദക്ഷിണമേഖലാ ട്രോഫിക് എസ് പി കെ എല്‍ ജോണ്‍കുട്ടി നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. വിവിധ ഘട്ടങ്ങളിലായി വിവേക് കുമാര്‍, ആര്‍ വിശ്വനാഥ്, ആര്‍ ആനന്ദ്, അരവിന്ദ് സുകുമാര്‍, ഡി ശില്‍പ്പ, വൈഭവ് സക്സേന, അങ്കിത് അശോകന്‍, ഹേമലത, ഐശ്വര്യ ദോന്‍ഗ്രെ എന്നീ എ എസ് പിമാരെ അഡിഷണല്‍ പൊലീസ് കണ്‍ട്രോളര്‍മാരായും നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Over 10,000 cops to be deployed in Sabarimala for Mandala Pooja, Thiruvananthapuram, Sabarimala, Top-Headlines, Police, News, Kerala.