റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍; പിടിയിലായത് കാറ്ററിങ് കരാര്‍ ജീവനക്കാരനായ തട്ടിപ്പുവീരന്‍

തൃശൂര്‍: (www.kasargodvartha.com 05.10.2019) റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് പരപ്പ കമ്മാടം കളത്തിങ്കലിലെ ഉഡായിപ്പ് ഷെമീം എന്ന ഷെമീമിനെ(30) മാള പോലീസ് അറസ്റ്റ് ചെയ്തു. കാറ്ററിങ് കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ ഷെമീം എന്ന് പോലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ എസ്പിയുടെ നിര്‍ദേശപ്രകാരം മാള എസ്‌ഐ വിമല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാള സ്വദേശികളായ അനന്തു, ദീപക്, ലക്ഷ്മിപ്രിയ, ബിജു, ബാലു, ജോബേഷ്, വിജീഷ് എന്നിവരില്‍ നിന്നായി 28 ലക്ഷത്തിലധികം രൂപയാണ് ഷെമീം തട്ടിയെടുത്തത്.

മേലഡൂരിലെ ഒരു അദ്ധ്യാപികയിലൂടെയാണ് തട്ടിപ്പിന് ഇരയായവരെ കുടുക്കിയത്. അദ്ധ്യാപികയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും റെയില്‍വെയില്‍ റിക്രൂട്ടിങ് വിഭാഗത്തില്‍ ഉന്നത ജോലിയാണെന്നും പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. അദ്ധ്യാപികയുമായി കൂടുതല്‍ സൗഹൃദം ഉണ്ടാക്കി പിന്നീട് ടീച്ചര്‍ക്ക് അടുപ്പമുള്ള ജോലി അന്വേഷിക്കുന്നവരെ വലവീശി പിടിച്ച് കൂടുതല്‍ തട്ടിപ്പ് നടത്തി. അധ്യപിക പരിചയപ്പെടുത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും. തങ്ങളുടെ അദ്ധ്യാപിക പരിചയപ്പെടുത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഷെമീമിനെ കണ്ണടച്ച് വിശ്വസിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് വേണ്ടി പണം പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെയാണ് കൈമാറിയത്.

ഫെഡറല്‍ ബാങ്കിന്റെ 10580100286904 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് മിക്കവരും പണം അയച്ചിട്ടുള്ളത്. ടിക്കറ്റ് കലക്റ്റര്‍, ബുക്കിങ് ക്ലാര്‍ക്ക്, ജൂനിയര്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ തസ്തികകളിലേക്കായിരുന്നു ഷെമീം ജോലി വാഗ്ദാനം ചെയ്ത് പണം പിടുങ്ങിയത്. റെയില്‍വെയുടെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡും അപേക്ഷാ ഫോമുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, സീലുകള്‍ എന്നിവ നിര്‍മിച്ചതായും പോലീസ് സൂചിപ്പിച്ചു. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഷെമീം റെയില്‍വെയില്‍ കാറ്ററിങ് കരാര്‍ ജോലിക്കാരനാണ്. റെയില്‍വെയുടെ ബംഗളുരു ഡിവിഷനിലെ റിക്രൂട്ടിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് നൂറുകണക്കിന് പേരില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടതത്തിയത്.

പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ചില വിവാദ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുള്ള അഭിഭാഷകന്റെ ജൂനിയറാണ് സ്റ്റേഷനില്‍ എത്തിയത്. പിടിയിലാകുമ്പോള്‍ പണം തിരിച്ചു നല്‍കി കേസ് ഒതുക്കുന്നതാണ് ഷെമീമിന്റെ രീതി. ജോലിക്കായി പരിശീലന ക്ലാസുകള്‍, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന, ഇന്റര്‍വ്യൂ എന്നിവ നടത്തി വിശ്വാസ്യത ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. റെയില്‍വെയിലെ ടിക്കറ്റ് പരിശോധകന്റെ വേഷം ധരിച്ച് യാത്രക്കാരില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ തമിഴ്നാട്ടില്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിക്കാനായി ഇയാളെ സാര്‍ എന്ന് വിളിക്കാനും ആളുകളെ ഒരുക്കിയിരുന്നു. ഷെമീമിനെതിരെ എറണാകുളം, കോട്ടയം, ഒല്ലൂര്‍, പൂജപ്പുര, ആലുവ, കഴക്കൂട്ടം, കാസര്‍കോട് വെള്ളരിക്കുണ്ട്, നീലേശ്വരം എന്നിവിടങ്ങളില്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. പ്രതി പിടിയിലായത് അറിഞ്ഞതോടെ നിരവധി പേരാണ് മറ്റു ജില്ലകളില്‍ നിന്ന് പരാതികളുമായി എത്തുന്നത്. ചാലക്കുടി ഡിവൈഎസ്പിസി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Arrest, Youth, Police, Fraud, Youth arrested for money fraud by offering jobs in railway
Previous Post Next Post