ബാലാവകാശ കമ്മീഷന്‍ കാണുന്നില്ലേ, കെ എസ് ആര്‍ ടി സി ബസ് പാസിനായുള്ള വിദ്യാര്‍ത്ഥികളുടെ ഈ ദുരിതങ്ങള്‍

ബാലാവകാശ കമ്മീഷന്‍ കാണുന്നില്ലേ, കെ എസ് ആര്‍ ടി സി ബസ് പാസിനായുള്ള വിദ്യാര്‍ത്ഥികളുടെ ഈ ദുരിതങ്ങള്‍


കാസര്‍കോട്: (www.kasargodvartha.com 11.10.2019) മൂന്നു മാസം കൂടുമ്പോള്‍ ബസ് പാസ് പുതുക്കാനായി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സര്‍ക്കാരും കെ എസ് ആര്‍ ടി സി മാനേജ്‌മെന്റും കണ്ടഭാവം നടിക്കുന്നില്ല. ബാലവകാശ കമ്മീഷനെങ്കിലും ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഓരോ തവണയും പാസിനായി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഓഫീസിലെത്തി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. രാവിലെ 10 മണിക്കും 11 മണിക്കുമിടയില്‍ പാസിനായുള്ള അപേക്ഷ സ്വീകരിക്കുകയും വൈകിട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ പാസ് അനുവദിക്കുകയുമാണ് ചെയ്യുന്നത്.


ഓരോ മൂന്ന് മാസവും നിശ്ചിത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും മാത്രമാണ് അപേക്ഷ സ്വീകരിക്കുകയും പാസ് വിതരണവും ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് പാസ് അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കിലും വെറുതെ വിദ്യാര്‍ത്ഥികളെ ഡിപ്പോയില്‍ കയറിയിറക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. സ്വകാര്യ ബസുകളില്‍ ഒരു അധ്യയന വര്‍ഷത്തേക്കാണ് പാസ് അനുവദിക്കുന്നത്. ഇതേ രീതി തുടരുന്നതിന് പകരം ഓരോ മൂന്നു മാസവും പാസിന് അപേക്ഷ നല്‍കേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടവും സമയനഷ്ടവുമുണ്ടാക്കുന്നു. കൃത്യ സമയത്തെത്തിയില്ലെങ്കില്‍ പാസ് വാങ്ങാന്‍ അടുത്തദിവസം വീണ്ടുമെത്തേണ്ടിവരുന്നു. ഇത്തരത്തില്‍ കടുത്ത ബാലവകാശ ലംഘനമാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ കുട്ടികളോട് കാണിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു. വിദ്യാര്‍ത്ഥികളുടെ ദുരിതത്തെ കുറിച്ച് ചെമ്മനാട് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ്മാന്‍ പറയുന്നത് ഇങ്ങനെയാണ്.


കുട്ടികള്‍ തന്നെ പാസിനു വേണ്ടി അപേക്ഷിക്കുകയും കൈപറ്റുകയും ചെയ്യണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിയമം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാട് മനസിലാക്കി രക്ഷിതാക്കള്‍ വന്നാലും പാസ് അനുവദിക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മിക്ക വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ കൂലിപ്പണിക്കാരോ, സാധാരണക്കാരോ ആണ്. പലപ്പോഴും ഇവര്‍ക്ക് ഒരു ദിവസത്തെ കൂലി നഷ്ടപ്പെടുത്തി പാസിന് വേണ്ടി ഡിപ്പോയില്‍ വന്ന് ക്യൂ നില്‍ക്കാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയാണ്. രാവിലെ ചായ പോലും കഴിക്കാതെയാണ് ക്യൂവില്‍ വന്ന് നില്‍ക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പല തവണ ഇവരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും ഒരു ഔദാര്യം പോലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി പാസ് നല്‍കുന്നത്. ദേശസാത്കൃത റൂട്ടില്‍ മാത്രമാണ് കെ എസ് ആര്‍ ടി സി പാസ് അനുവദിക്കുന്നത്. ദേശീയപാതയിലോ മറ്റ് റൂട്ടുകളിലോ കെ എസ് ആര്‍ ടി സി പാസ് നല്‍കുന്നില്ലെന്നതാണ് മറ്റൊരു വിരോധാഭാസം. ഓണ്‍ലൈന്‍ വഴി സ്‌കൂളുകളില്‍ വെച്ചുതന്നെ പാസിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്.

കാസര്‍കോട്ടുമാത്രം 4,000 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പാസ് നല്‍കുന്നുണ്ടെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരവനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചന്ദ്രഗിരി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കൂടുതലായും കെ എസ് ആര്‍ ടി സി ബസിനെ ആശ്രയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video, kasaragod, Kerala, news, Child, Protect, KSRTC, Bus, Student, Education, These miseries of students for KSRTC bus pass
  < !- START disable copy paste -->